അവന്‍ സച്ചിനെ മറികടന്ന് കഴിഞ്ഞു; ഇംഗ്ലണ്ട് സൂപ്പര്‍ താരത്തെക്കുറിച്ച് ഗ്രെഗ് ചാപ്പല്‍
Sports News
അവന്‍ സച്ചിനെ മറികടന്ന് കഴിഞ്ഞു; ഇംഗ്ലണ്ട് സൂപ്പര്‍ താരത്തെക്കുറിച്ച് ഗ്രെഗ് ചാപ്പല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th January 2025, 11:34 am

റെഡ് ബോള്‍ ക്രിക്കറ്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന താരമാണ് ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്. ഫോര്‍മാറ്റില്‍ 24 മത്സരങ്ങളിലെ 40 ഇന്നിങ്‌സില്‍ നിന്ന് 2281 റണ്‍സാണ് മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ നേടിയത്. 317 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്. എട്ട് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.

ഇപ്പോള്‍ ഹാരി ബ്രൂക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ ബാറ്റര്‍ ഗ്രെഗ് ചാപ്പല്‍. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും ബ്രൂക്കിനേയും താരതമ്യപ്പെടുത്തി സംസാരിക്കുകയായിരുന്നു മുന്‍ ഓസീസ് താരം. ഇരുവരുടെയും പ്രകടനങ്ങളെ വിലയിരുത്തിയാല്‍ സച്ചിനെ ബ്രൂക്ക് മറികടന്നെന്നാണ് ചാപ്പല്‍ പറഞ്ഞത്.

ആദ്യ 15 ടെസ്റ്റുകളില്‍ സച്ചിന്‍ 40ല്‍ താഴെ ശരാശരിയില്‍ 837 റണ്‍സാണ് നേടിയത്. മറുവശത്ത് ഹാരി ബ്രൂക്ക് 60ന് അടുത്ത് ശരാശരിയില്‍ 1378 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ അഞ്ച് സെഞ്ച്വറികളും അടങ്ങുന്നു.

ഗ്രെഗ് ചാപ്പല്‍ പറഞ്ഞത്

‘ഞാന്‍ ബ്രൂക്കിന്റെ പ്രകടനത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യും. രണ്ട് ബാറ്റര്‍മാരുടെ ആദ്യകാല സ്ഥിതിവിവരക്കണക്കുകള്‍ പരിഗണിച്ചാല്‍ അദ്ദേഹം സച്ചിനെ മറികടന്നു. ബ്രൂക്കിന് 25 വയസേയുള്ളൂ, ഇതിനകം തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ് അവന്‍. അവന്റെ വിനാശകരമായ ബാറ്റിങ് രീതി റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഗുണം ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ ക്രീസില്‍ നിന്ന് അവന്‍ അധികം ചലിക്കുന്നില്ല.

ബ്രൂക്കിന്റെ സ്‌കില്‍ അവനെ ഡെലിവറികളുടെ ലൈനും ലെങ്തും മനസിലാക്കാന്‍ സഹായിക്കുന്നു. ഇത് മികച്ച സ്‌ട്രോക്കുകള്‍ കളിക്കാന്‍ അവന് കൂടുതല്‍ സമയം നല്‍കുന്നു. മിക്ക പന്തുകളിലും അദ്ദേഹം റണ്‍സ് നേടുന്നു. വിക്കറ്റിന് ഇരുവശത്തും റണ്‍സ് നേടാന്‍ സച്ചിന്‍ ബൗളര്‍മാരുടെ വേഗത ഉപയോഗിച്ചു. ബ്രൂക്ക് അതേ സമീപനമാണ് പിന്തുടരുന്നത്,’ ചാപ്പല്‍ സിഡ്‌നി മോണിങ് ഹെറാള്‍ഡിന് വേണ്ടി തന്റെ കോളത്തില്‍ എഴുതി.

 

Content Highlight: Greg Chappell Talking About Harry Brook And Sachin Tendulkar