| Sunday, 13th April 2025, 3:18 pm

അന്ന് ഫഹദിക്കയുടെ മുഖത്ത് നോക്കി അഭിനയിക്കാന്‍ തന്നെ പ്രയാസമായിരുന്നു: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മധു സി. നാരായണന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ഗ്രേസ് ആന്റണി, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍, ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.

ചിത്രത്തിലെ സിമി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രശംസയേറ്റ് വാങ്ങിയ നടിയാണ് ഗ്രേസ്. ഫഹദ് ഫാസിലിന്റെ സൈക്കോ കഥാപാത്രമായ ഷമ്മിയുടെ പങ്കാളിയായിട്ടാണ് ഗ്രേസ് അഭിനയിച്ചത്. ഫഹദ് ഷമ്മിയായി തകര്‍ത്ത് അഭിനയിച്ചുവെന്ന് പറയുകയാണ് ഗ്രേസ് ആന്റണി.

ഗംഭീരമാക്കിയെന്ന് പറഞ്ഞാല്‍ പോരാ, അതിഗംഭീരമാക്കിയെന്നും അന്ന് ഷമ്മിയെന്ന കഥാപാത്രത്തിന്റെ മുഖത്ത് നോക്കി അഭിനയിക്കാന്‍ തന്നെ പ്രയാസമായിരുന്നെന്നും നടി പറഞ്ഞു. ജീവിതത്തില്‍ ഇതുപോലെ ഫഹദ് അഭിനയിച്ച ഷമ്മിയെയാണ് പങ്കാളിയായി ലഭിക്കുന്നതെങ്കില്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി.

‘അയ്യോ, ഷമ്മിയെപ്പോലെ ഒരാളെ എനിക്ക് പേടിയാണ്. അതുപോലെയുള്ള ഒരാളെ ഞാന്‍ തെരഞ്ഞെടുക്കില്ല. പാവം ഒരു മനുഷ്യനെ മാത്രമേ ഞാന്‍ തെരഞ്ഞടുക്കുകയുള്ളൂ. ആദ്യമായിട്ടാണ് സിനിമയിലാണെങ്കില്‍ പോലും ഇതുപോലെയുള്ള ഒരാളെ കാണുന്നത്.

ഫഹദിക്ക ഷമ്മിയായി തകര്‍ത്ത് അഭിനയിച്ചു. ഗംഭീരമാക്കിയെന്ന് പറഞ്ഞാല്‍ പോരാ, അതിഗംഭീരമാക്കി. അന്ന് ഫഹദിക്കയുടെ ഷമ്മിയെന്ന കഥാപാത്രത്തിന്റെ മുഖത്ത് നോക്കി അഭിനയിക്കാന്‍ തന്നെ എന്ത് പ്രയാസമായിരുന്നെന്നോ. അതുകൊണ്ട് ഷമ്മിയെ പോലെയൊരു പങ്കാളി വേണ്ട,’ ഗ്രേസ് ആന്റണി പറയുന്നു.

ഫഹദ് ഫാസില്‍ വളരെ പ്രൊഫഷണലാണെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹം കുമ്പളങ്ങി നൈറ്റ്സിന്റെ സെറ്റില്‍ ക്യാരക്ടറായിട്ടാണ് എപ്പോഴും നിന്നതെന്നും അധികം സംസാരമോ ചിരിയോ കളിയോ ഒന്നും ഉണ്ടായില്ലെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Grace Antony Talks About Shammi In Kumbalangi Nights

We use cookies to give you the best possible experience. Learn more