ഹാപ്പി വെഡിങ്സ് (2016) എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. പിന്നീട് മമ്മൂട്ടിയോടൊപ്പം റോഷാക്ക്, നിവിന്‍ പോളിയോടൊപ്പം കനകം കാമിനി കലഹം, ബേസില്‍ ജോസഫിനൊപ്പം നുണക്കുഴി തുടങ്ങിയ മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.
എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സിമിയെന്ന കഥാപാത്രമാണ് ഗ്രേസിന് കരിയറില്‍ വഴിത്തിരിവായത്. ഇപ്പോള്‍ ഗ്രേസിന്റേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ.
ഇപ്പോള്‍ നിവിന്‍ പോളിയെ കുറിച്ച് സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. പറന്ത് പോ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘നിവിന്‍ ചേട്ടനാണ് എന്നെയും അജു ചേട്ടനെയും റാം സാറിന്റെ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത്. പറന്ത് പോ സിനിമയുടെ ഷൂട്ടിന് പോയപ്പോഴും അത് കഴിഞ്ഞ് തിരിച്ചു വന്നപ്പോഴുമൊക്കെ ഞാന്‍ ചേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു.
എന്തെങ്കിലും ഒരു നല്ല മൊമന്റ് ഉണ്ടാകുമ്പോള്‍ അദ്ദേഹത്തോട് ഞാന്‍ പറയുമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് ഞാന്‍ ചേട്ടനോട് പറയും. അപ്പോഴൊക്കെ ‘എന്‍ജോയ് ചെയ്യ്. ഇതാണ് നിന്റെ കറക്ട് സിനിമ’ എന്നാണ് നിവിന്‍ ചേട്ടന്‍ പറഞ്ഞത്.
കനകം കാമിനി കലഹം സിനിമ മുതല്‍ക്കാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. പക്ഷെ അത് വളരെ നല്ല കാര്യമല്ലേ. നമ്മുടെ സുഹൃത്തായി നിന്നു കൊണ്ട് ഒരു നല്ല സിനിമ വരുമ്പോള്‍ ‘ഇങ്ങനെ ഒരാളുണ്ട്’ എന്ന് പറയുന്നു. എത്ര ആളുകള്‍ അങ്ങനെ ചെയ്യുമെന്ന് എനിക്ക് അറിയില്ല. ഞാന്‍ ശരിക്കും അതില്‍ സന്തോഷിക്കുന്നു,’ ഗ്രേസ് ആന്റണി പറയുന്നു.
Content Highlight: Grace Antony Talks About Nivin Pauly And Paranthu Po Movie