Malayalam Cinema
ലോകത്തുള്ള എല്ലാ ഡയറ്റും വർക്കൗട്ടുകളും പരീക്ഷിച്ചു നോക്കിയ ഒരാളാണ് ഞാൻ : ഗ്രേസ് ആന്റണി
കുമ്പളങ്ങി നൈറ്റ്‌സ്, റോഷാക്ക് തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മലയാളത്തിലെ മുൻനിര യുവനടിയാണ് ഗ്രേസ് ആന്റണി. ഈയിടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച, ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ദൃശ്യങ്ങളിലൂടെ തന്റെ ശരീരത്തിൽ സംഭവിച്ച അവിശ്വസനീയമായ ട്രാൻസ്ഫോർമേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ആരാണ് നിങ്ങളുടെ പ്രചോദനം എന്ന ചോദ്യത്തിന് ഞാൻ തന്നെ എന്ന ഉത്തരത്തോടെയുള്ള ഈ വീഡിയോയ്ക്ക് വലിയ രീതിയിലാണ് പ്രശംസ ലഭിച്ചത്. ഇപ്പോഴിതാ തന്റെ ആ മാറ്റത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഗ്രേസ്. ലെറ്റ്സ് ബി റിയൽ വിത്ത് അശ്വതി അശോക് വിശാൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ഗ്രേസ് ആന്റണി.photo.screen grab/youtube
‘എന്റെ ബോഡി ട്രാൻസ്ഫോർമേഷന് ഒരു വർഷത്തോളം സമയം എടുത്തിട്ടുണ്ടായിരുന്നു. എപ്പോഴും നമ്മളുടെ ആരോഗ്യസ്ഥിതി മനസിലാക്കിയിട്ടേ എന്ത് കാര്യമാണെങ്കിലും ചെയ്യാൻ പാടുള്ളൂ. കാരണം ഞാൻ തൈറോയ്ഡ് കണ്ടീഷൻ ഉള്ള ഒരാളാണ്. അപ്പോൾ എനിക്ക് വർക്ക് ആയ ഒരു കാര്യം മറ്റൊരാൾക്ക് വർക്ക് ആകണം എന്നില്ല. ഞാൻ ലോകത്തുള്ള എല്ലാ ഡയറ്റും വർക്കൗട്ടുകളും പരീക്ഷിച്ചു നോക്കിയ ഒരാളാണ്. മുമ്പ് എന്തെങ്കിലും ചെയ്യുമ്പോൾ എനിക്ക് ഇല്ലാതെ പോയത് അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതായിരുന്നു. അപ്പോൾ അതിൽ കൂടുതൽ ശ്രദ്ധ കൊടുത്തു. പിന്നെ എനിക്ക് പേഴ്സണൽ ഡോക്ടർ ഒക്കെയുണ്ട്. എന്റെ കാര്യത്തിൽ ഡയറ്റിന്റെയും വർക്കൗട്ടിന്റെയും കൂടെ സഹായിച്ച മറ്റൊരു കാര്യം ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ആയിരുന്നു.
പിന്നെ എല്ലാറ്റിലും പ്രധാനം ഉറക്കമില്ലായ്മയും മാനസിക സമ്മർദവും ആയിരുന്നു. അത് രണ്ടും വളരെ പ്രാധാന്യം കൊടുക്കേണ്ട ഒന്നായിരുന്നു. രാത്രി ഉറങ്ങാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് കരയുന്ന ഒരാളായിരുന്നു ഞാൻ. പിന്നെ ഭക്ഷണം ഞാൻ അങ്ങനെ ഒന്നും കഴിക്കാറുമില്ലായിരുന്നു. പക്ഷേ, ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ ഞാൻ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്, ഭക്ഷണത്തെ ഒക്കെ ആസ്വദിച്ചു കഴിക്കണം എന്നൊരു തോന്നൽ വന്നു. അങ്ങനെ കുറെ കഴിക്കാൻ തുടങ്ങിയപ്പോൾ അത് എന്നെ കൂടുതൽ ബാധിച്ചിരുന്നു. പിന്നെ എനിക്ക് വിറ്റാമിൻ ഡി പോലെയുള്ള പല തരത്തിലുള്ള ഡെഫിഷ്യൻസികൾ ഉണ്ടായിരുന്നു. അപ്പോൾ ഡോക്ടറെ കണ്ടതിനു ശേഷമാണ് എനിക്ക് ഇതെല്ലാം ശരിയാവാൻ തുടങ്ങിയത്.
എപ്പോൾ ഇതെല്ലം നിർത്തുന്നുവോ, അപ്പോൾ ഞാൻ വീണ്ടും പഴയതുപോലെയാകും. അതുകൊണ്ട് ഇതെല്ലാം നിലനിർത്തിക്കൊണ്ടുപോകാനാണ് ഞാൻ ശ്രമിക്കുന്നത്. പിന്നെ ഇപ്പോൾ ഞാൻ ബോഡി മൂവ്മെന്റുകൾ കൂട്ടി. എനിക്കൊരു ഫോൺ വന്നാൽ പോലും ഞാൻ നടന്നു കൊണ്ടാണ് സംസാരിക്കുക. നമ്മുടെ ശരീരത്തെ എപ്പോഴും ആക്ടീവ് ആക്കി വെക്കുക, അല്ലെങ്കിൽ നമ്മൾ ഭയങ്കര മടിയന്മാർ ആയിപ്പോകും.
എനിക്ക് ഏറ്റവും സങ്കടം തോന്നുന്നത്, എനിക്ക് സ്ത്രീകളുടെ അടുത്ത് നിന്നും ഒത്തിരി മെസ്സേജുകൾ വരാറുണ്ട്. അവരിലൊക്കെ എനിക്ക് എന്നെത്തന്നെ കാണാൻ പറ്റുന്നുണ്ട്. അതിലുപരി അവർക്കൊക്കെ ഭയങ്കര സെൽഫ് ഡൗട്ട് ആണ്. അത് കാരണം പുറത്തിറങ്ങാൻ പോലും താത്പര്യമില്ലാത്ത ആളുകളാണ് പലരും. അവരിലൂടെയെല്ലാം എനിക്ക് എന്നെത്തന്നെയാണ് കാണാൻ സാധിക്കുന്നത്. അപ്പോൾ അവർക്കൊക്കെ പറ്റാവുന്നത്ര ഞാൻ മറുപടി കൊടുക്കാറുമുണ്ട്.’ ഗ്രേസ് ആന്റണി പറഞ്ഞു.

ഗ്രേസ് ആന്റണി.photo.Instagram
Content Highlight: Grace Antony talks about her weight loss journey
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം