| Sunday, 29th June 2025, 9:48 pm

ആ മഹാനടനെ ആദ്യമായി കണ്ടപ്പോൾ നെർവസായി; എങ്ങനെ അഭിനയിക്കുമെന്ന ടെൻഷൻ ആയിരുന്നു: ഗ്രേസ് ആൻ്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം സിനിമാ നടിയും മോഡലും നർത്തകിയുമാണ് ഗ്രേസ് ആന്റണി. 2016ൽ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന കഥാപാത്രത്തിലൂടെ ഗ്രേസ് അറിയപ്പെട്ടു തുടങ്ങി.

പിന്നീട് നിരവധി സിനിമകളിലായി ഹഫദ്, മമ്മൂട്ടി, നിവിൻ പോളി, സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ് എന്നിവരുടെ കൂടെ അഭിനയിക്കാൻ ഗ്രേസിന് സാധിച്ചു. ഇപ്പോൾ റോഷാക്കിൽ മമ്മൂട്ടിയെക്കുറിച്ച് പറയുകയാണ് നടി.

അഭിനയത്തിൻ്റെ തുടക്കത്തിൽ ടെൻഷൻ ഉണ്ടായിരുന്നെന്നും പിന്നീടത് മാറിയെന്നും ഗ്രേസ് പറയുന്നു. മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോൾ പേടിയായിരുന്നെന്നും എന്നാൽ അദ്ദേഹവുമായി സംസാരിച്ചപ്പോൾ അതുമാറിയെന്നും നടി പറഞ്ഞു.

ആദ്യം തന്നെ കംഫർട്ട് ലെവലിലേക്ക് എത്തിച്ചശേഷമാണ് സീനുകൾ ഷൂട്ടുചെയ്തതെന്നും അതുപോലെ തന്നെയാണ് നിവിൻ പോളിയും സുരാജ് വെഞ്ഞാറമൂടും, ബേസിലും ചെയ്തതെന്നും ഗ്രേസ് പറയുന്നു. ഫഹദ് ഫാസിൽ മറ്റൊരു സ്റ്റൈൽ ആണെന്നും അവർ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അവർ.

‘അഭിനയത്തിൻ്റെ തുടക്കത്തിൽ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, ഷൂട്ടിങ് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോൾ അത് മാറി. റോഷാക്കിൽ മമ്മൂക്കയെ ആദ്യമായി കണ്ടപ്പോൾ ഞാൻ വളരെ നെർവസായിരുന്നു. എങ്ങനെ അദ്ദേഹത്തിനൊപ്പം അഭിനയിക്കും എന്ന ടെൻഷനായിരുന്നു. ഇക്കയുമായി കുറച്ചുസമയം സംസാരിച്ചപ്പോൾ അത് മാറി. ഇത്രയും കാലത്തെ അനുഭവപരിചയമുള്ളതിനാൽ അദ്ദേഹത്തിന് എന്നെപ്പോലൊരു നടിയുടെ ടെൻഷൻ മനസിലാകും.

അതുകൊണ്ട് ആദ്യം എന്നെ കംഫർട്ട് ലെവലിലേക്ക് എത്തിച്ചശേഷമാണ് സീനുകൾ ഷൂട്ടുചെയ്തത്. അതുപോലെ തന്നെയാണ് കനകം കാമിനി കലഹത്തിൽ നിവിൻ ചേട്ടനും നാഗ്രേന്ദ്രൻസ് ഹണിമൂൺസിൽ സുരാജേട്ടനും നുണക്കുഴിയിൽ ബേസിലുമെല്ലാം പിന്തുണ നൽകിയത്. ഫഹദിക്ക മറ്റൊരു സ്റ്റൈലാണ്,’ ഗ്രേസ് പറയുന്നു.

Content Highlight: Grace Antony Talking about Mammootty

We use cookies to give you the best possible experience. Learn more