മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങിലൂടെ അഭിനയജീവിതം ആരംഭിച്ച ഗ്രേസ്, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഗ്രേസിന് സാധിച്ചു. സ്വാഭാവികമായി ഹ്യൂമര്‍ ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഗ്രേസ് എന്ന നടിയുടെ ഏറ്റവും വലിയ പോസിറ്റീവ്. റാം സംവിധാനം ചെയ്ത പറന്ത് പോ എന്ന ചിത്രത്തിലൂടെ തമിഴിലും ഗ്രേസ് തന്റെ സാന്നിധ്യമറിയിച്ചു.
പറന്ത് പോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ കുളത്തിലേക്ക് എടുത്തുചാടുന്ന രംഗമുണ്ടെന്ന് താരം പറഞ്ഞു. നീന്തല്‍ അറിയുമോ എന്ന് സംവിധായകന്‍ തന്നോട് ചോദിച്ചെന്നും അറിയില്ലെന്ന് പറഞ്ഞപ്പോള്‍ നീന്തല്‍ പഠിച്ചിട്ട് വരാന്‍ ആവശ്യപ്പെട്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
കുറച്ച് കഷ്ടപ്പെട്ട് നീന്തല്‍ പഠിച്ചിട്ട് സെറ്റിലെത്തിയെന്നും എന്നാല്‍ ഷോട്ടിന് തൊട്ടുമുമ്പ് സംവിധായകന്‍ റാം വ്യത്യസ്തമായ ഒരു കാര്യം ആവശ്യപ്പെട്ടെന്നും ഗ്രേസ് പറയുന്നു. നീന്തലറിയാത്തവരെപ്പോലെയാണ് നീന്തേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞെന്നും അത് കേട്ട് താന്‍ അന്തംവിട്ടെന്നും നടി പറയുന്നു. ഫില്‍മിബീറ്റിനോട് സംസാരിക്കുകയായിരുന്നു ഗ്രേസ് ആന്റണി.
‘ഈ സിനിമയുടെ കഥ പറയുന്ന സമയത്ത് റാം സാര്‍ എന്നോട് നീന്തലറിയുമോ എന്ന് ചോദിച്ചു. പടത്തില്‍ കുളത്തിലേക്ക് എടുത്തുചാടുന്ന ഒരു സീനുണ്ട്. അതിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. നീന്തലറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഷൂട്ടിന് മുമ്പ് പഠിച്ചിട്ട് വരാന്‍ ആവശ്യപ്പെട്ടു. അത് കേട്ടിട്ട് ഞാന്‍ പോയി നീന്തലൊക്കെ അത്യാവശ്യം നല്ല രീതിയില്‍ പഠിച്ചിട്ട് വന്നു. പക്ഷേ, ഷോട്ടിന് മുമ്പ് അദ്ദേഹം പറഞ്ഞ കാര്യം കേട്ട് ഞാന്‍ അന്തം വിട്ടു.
‘കുളത്തിലേക്ക് എടുത്തു ചാടണം, എന്നിട്ട് നീന്തലറിയാത്തവരെപ്പോലെ നീന്തണം’ എന്നായിരുന്നു റാം സാര്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ ഞാന്‍ കണ്‍ഫ്യൂഷനായി. നീന്തലറിയാത്ത കഥാപാത്രമാണെങ്കില്‍ പിന്നെ എന്തിനാണ് എന്നോട് നീന്തല്‍ പഠിക്കാന്‍ പറഞ്ഞതെന്ന് അദ്ദേഹത്തോട് ചോദിച്ചു. ‘നിങ്ങളുടെ സേഫ്റ്റിക്ക് വേണ്ടിയാണ്’ എന്നായിരുന്നു മറുപടി. ഈ സീനാണെങ്കില്‍ സിംഗിള്‍ ഷോട്ടില്‍ എടുക്കുന്ന ഒന്നായിരുന്നു. നാല് ദിവസം ശ്രമിച്ചതിന് ശേഷമാണ് ആ സീന്‍ ഓക്കെയായത്,’ ഗ്രേസ് ആന്റണി പറയുന്നു.
തമിഴിലെ ശ്രദ്ധേയനായ നടനും അവതാരകനുമായ മിര്‍ച്ചി ശിവയാണ് പറന്ത് പോയിലെ നായകന്‍. അച്ഛന്റെയും മകന്റെയും രസകരമായ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മലയാളി താരം അജു വര്‍ഗീസും ഭാഗമാകുന്നുണ്ട്. വിജയ് യേശുദാസ്, അഞ്ജലി, ശ്രീജ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Grace Antony shares the shooting experience of Parandhu Po movie and Director Ram