| Saturday, 5th July 2025, 12:24 pm

ആ സിനിമയാണ് എനിക്ക് ഏറ്റവും ഇഷ്ടം; അതിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു പവര്‍ ഉണ്ട്: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാപ്പി വെഡിങ്‌സ് (2016) എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. പിന്നീട് മമ്മൂട്ടിയോടൊപ്പം റോഷാക്ക്, നിവിന്‍ പോളിയോടൊപ്പം കനകം കാമിനി കലഹം, ബേസില്‍ ജോസഫിനൊപ്പം നുണക്കുഴി തുടങ്ങിയ മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.

എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ സിമിയെന്ന കഥാപാത്രമാണ് ഗ്രേസിന് കരിയറില്‍ വഴിത്തിരിവായത്. ഇപ്പോള്‍ ഗ്രേസിന്റേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ. ഇപ്പോള്‍ താന്‍ സിനിമ ചെയ്യുമ്പോള്‍ മറ്റ് സിനിമകളില്‍ നിന്ന് റെഫറന്‍സ് എടുക്കാറുണ്ടെന്ന് ഗ്രേസ് ആന്റണി പറയുന്നു.

ഒരു ഹ്യൂമര്‍ റോളാണ് താന്‍ ചെയ്യാന്‍ പോകുന്നതെങ്കില്‍ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് താന്‍ കോമഡി സിനിമകള്‍ കാണാന്‍ ശ്രമിക്കുമെന്നും സീരിയസായ ഒരു റോളാണെങ്കില്‍ അത്തരത്തിലുള്ള സിനിമകള്‍ കാണാറുണ്ടെന്നും ഗ്രേസ് ആന്റണി പറയുന്നു. അങ്ങനെ സിനിമകള്‍ കാണുമ്പോള്‍ തനിക്ക് ഒരു എനര്‍ജി കിട്ടാറുണ്ടെന്നും ചിലപ്പോള്‍ സംവിധായകന്റെ അടുത്ത് എടുക്കേണ്ട റഫറന്‍സിനെ പറ്റി ചോദിക്കാറുണ്ടെന്നും അവര്‍ പറയുന്നു.

മലയാള സിനിമയിലേക്ക് നോക്കുകയാണെങ്കില്‍ ഒരുപാട് സിനിമകള്‍ ഉണ്ടെന്നും ഉര്‍വശി, കല്‍പന തുടങ്ങി ഒരുപാട് പേരുടെ സിനിമകള്‍ ഉണ്ടെന്നും ഗ്രേസ് പറയുന്നു. മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ഉള്ളതുകൊണ്ട് തന്നെ എന്തെങ്കിലും ഒരു റഫറന്‍സ് കിട്ടുമെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു ഗ്രേസ് ആന്റണി.

‘ഒരു സിനിമ ഹ്യൂമറാണന്നെ് പറഞ്ഞാല്‍ ഞാന്‍ കൂടുതല്‍ കോമഡി സിനിമകള്‍ കാണാന്‍ ശ്രമിക്കും. സീരിയസായി ഒരു ക്യാരക്ടര്‍ ചെയ്യുമ്പോള്‍ അതില്‍ എന്ത് എലമെന്റാണ് ഉള്ള സിനിമകളൊക്കെ അപ്പോള്‍ കാണും. ഷൂട്ടിന്റെ ഒരാഴ്ച്ച മുമ്പ് ഞാന്‍ സിനിമ അങ്ങനെ കാണും. അങ്ങനെ സിനിമ കാണുമ്പോള്‍ എനിക്ക് ഒരു എനര്‍ജി കിട്ടും. ഷൂട്ടിന് മുമ്പ് അല്ല. ഒരു ഒരാഴ്ച്ച മുമ്പാണ്. ചില സമയത്ത് ഞാന്‍ ഡയറക്ടറുടെ അടുത്ത് എന്തെങ്കിലും റഫറന്‍സ് എടുക്കാന്‍ ഉണ്ടോ എന്ന് ചോദിക്കും.

പക്ഷേ മലയാളത്തില്‍ നിങ്ങള്‍ നോക്കുകയാണെങ്കില്‍ ഒരുപാട് പഴയ സിനിമ ഉണ്ട്. ഒന്നിന്റെയും പേര് എടുത്തെടുത്ത് പറയാന്‍ കഴിയില്ല. അത്രയും സിനിമകള്‍ ഉണ്ട്. എസ്‌പെഷലി ഉര്‍വശി മാമിന്റെയും അബിക മാമിന്റെയും ശോഭന മാമിന്റെയുമൊക്കെ കഥാപാത്രങ്ങള്‍. കല്‍പ്പന ചേച്ചിയുടെ ക്യാരക്ടര്‍ അങ്ങനെ ഒരുപാട് സിനിമകളുണ്ട്. ഇതെല്ലാം കാണുകയാണെങ്കില്‍ എവിടെ നിന്നെങ്കിലും നിങ്ങള്‍ക്കൊരു റഫറന്‍സ് കിട്ടും. അതുറപ്പാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടമലയാള സിനിമ മണിച്ചിത്രതാഴാണ്. അതിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു പവര്‍ ഉണ്ട്,’ ഗ്രേസ് ആന്റണി പറയുന്നു.

Content Highlight: Grace Antony says that she takes references from other films when she makes films.

We use cookies to give you the best possible experience. Learn more