| Saturday, 10th May 2025, 3:59 pm

കമല്‍ സാറിനെക്കൊണ്ട് ആ പോര്‍ഷന്‍ പാടാന്‍ കഴിയുമോ എന്ന് ടെന്‍ഷനുണ്ടായിരുന്നു, പാട്ട് കേട്ട് ആ നടന്‍ കരഞ്ഞുപോയി: ഗോവിന്ദ് വസന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച സംഗീതസംവിധായകരിലൊരാളാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധേയനാകുന്നത്. അസുരവിത്ത് എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ടാണ് ഗോവിന്ദ് വസന്ത സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി.

പ്രേം കുമാര്‍ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മെയ്യഴകന്‍. കാര്‍ത്തി, അരവിന്ദ് സ്വാമി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ ഗോവിന്ദ് വസന്തയായിരുന്നു സംഗീതം നല്‍കിയത്. ചിത്രത്തിന്റെ മൂഡിനൊപ്പം സഞ്ചരിച്ച സംഗീതമായിരുന്നു ഗോവിന്ദ് ഒരുക്കിയത്. ചിത്രത്തില്‍ കമല്‍ ഹാസന്‍ ആലപിച്ച ‘യാരോ ഇവന്‍ യാരോ’ എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പാട്ടിന്റെ റെക്കോഡിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗോവിന്ദ് വസന്ത. എ.ആര്‍. റഹ്‌മാന്റെ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ആ പാട്ട് റെക്കോഡ് ചെയ്തതെന്ന് ഗോവിന്ദ് വസന്ത പറഞ്ഞു. ഒരുപാട് ഇമോഷനുകളിലൂടെ കടന്നുപോകുന്ന പാട്ടാണ് അതെന്നും കമല്‍ ഹാസന്റെ ശബ്ദം അതിനെ മികച്ചതാക്കിയെന്നും ഗോവിന്ദ് വസന്ത കൂട്ടിച്ചേര്‍ത്തു.

ആ പാട്ടില്‍ ഹൈ പിച്ചില്‍ പാടേണ്ട ഒരു പോര്‍ഷനുണ്ടായിരുന്നെന്നും അത് അദ്ദേഹം എങ്ങനെ പാടുമെന്ന് ടെന്‍ഷനുണ്ടായിരുന്നെന്നും ഗോവിന്ദ് പറഞ്ഞു. എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കമല്‍ ഹാസന്‍ ആ ഭാഗം ഭംഗിയായി പാടിയെന്നും ഗോവിന്ദ് വസന്ത കൂട്ടിച്ചേര്‍ത്തു. കമല്‍ ഹാസന്‍ പാടുന്നത് കേട്ട് കാര്‍ത്തിയുടെ കണ്ണ് നിറഞ്ഞെന്നും അവസാനമായപ്പോള്‍ കരഞ്ഞുപോയെന്നും ഗോവിന്ദ് വസന്ത പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ഗോവിന്ദ് വസന്ത.

‘മെയ്യഴകനിലെ ആ പാട്ട് കമല്‍ സാര്‍ പാടിയത് സിനിമക്ക് വലിയൊരു മൈലേജായിരുന്നു. എ.ആര്‍. റഹ്‌മാന്റെ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു അത് റെക്കോഡ് ചെയ്തത്. ഞാന്‍ ആദ്യമായാണ് റഹ്‌മാന്റെ സ്റ്റുഡിയോയില്‍ കയറുന്നത്. ഒരുപാട് ഇമോഷന്‍സിലൂടെ കടന്നുപോകുന്ന പാട്ടാണ് അത്. കമല്‍ സാറിന്റെ വോയിസ് അതിനെ ഹെല്‍പ് ചെയ്തു. ആ പാട്ടില്‍ ഹൈ പിച്ചില്‍ പാടേണ്ട ഒരു പോര്‍ഷനുണ്ട്.

കമല്‍ സാര്‍ അതിനെ എങ്ങനെ അപ്പ്രോച്ച് ചെയ്യുമെന്ന് ഡൗട്ട് ഉണ്ടായിരുന്നു. എനിക്ക് ഒട്ടും കോണ്‍ഫിഡന്‍സുണ്ടായിരുന്നില്ല. എന്നാല്‍ സാര്‍ അത് വളരെ സിമ്പിളായി ഹാന്‍ഡില്‍ ചെയ്തു. ‘പൊയ്യാനാ വാഴ്‌വേ വാഴ്‌വാകാ’ എന്ന ഏരിയയില്‍ ഡൗണായി പാടിയത് കമല്‍ സാറിന്റെ കോണ്‍ട്രിബ്യൂഷനായിരുന്നു. പാട്ട് കേട്ടപ്പോള്‍ പലരുടെയും കൈയീന്ന് പോയി. കാര്‍ത്തിയൊക്കെ പിന്നില്‍ നിന്ന് കരച്ചിലൊക്കെ തുടങ്ങി. എന്റെ ജീവിതത്തിലെ ഗ്രേറ്റ്ഫുള്ളായിട്ടുള്ള ദിവസമായിരുന്നു അത്,’ ഗോവിന്ദ് വസന്ത പറയുന്നു.

Content Highlight: Govind Vasantha about the song recording with Kamal Haasan in Meiyazhagan movie

We use cookies to give you the best possible experience. Learn more