ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണവും പരമ്പരാഗത നിധിശേഖരങ്ങളും സര്‍ക്കാരിലേക്ക് നിക്ഷേപമായി നല്‍കി പലിശനല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ സമാഹരിക്കുന്ന സ്വര്‍ണ്ണം ഉരുക്കി വ്യാപാരികള്‍ക്ക് വായ്പയായി നല്‍കും. ഇതുവഴി സ്വര്‍ണം ഇറക്കുമതി കുറയ്ക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതി അടുത്ത മാസം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മാത്രമായി 1.25 ലക്ഷം കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണ ശേഖരമാണുള്ളത്. മുംബൈ സിദ്ധിവിനായക ക്ഷേത്രത്തില്‍ 67 മില്യണ്‍ ഡോളര്‍ വിലവരുന്ന 158 കിലോഗ്രാം സ്വര്‍ണ്ണവുമാണ് ഉള്ളത്. ക്ഷേത്ര സവ്ത്തുക്കള്‍ വികസനത്തിനായി ഉപയോഗിക്കണമെന്ന അഭിപ്രായം നേരത്തെ തന്നെ പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നുവെങ്കിലും ബി.ജെ.പി തന്നെ ഇത്തരം ഒരു നിലപാടിലേക്ക് നീങ്ങുന്നത് ശ്രദ്ധേയമാണ്. അതേസമയം സര്‍ക്കാരിന്റെ ഈ നടപടിയോട് പ്രതികരിച്ച് ഇതുവരെ ഒരു ഹിന്ദു സംഘടനയും രംഗത്ത് വന്നിട്ടില്ല.