ബഹുഭാര്യത്വമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും ആനുകൂല്യങ്ങളും നല്‍കില്ല; സ്ത്രീ ശാക്തീകരണത്തിനെന്ന് അസം സര്‍ക്കാര്‍
India
ബഹുഭാര്യത്വമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും ആനുകൂല്യങ്ങളും നല്‍കില്ല; സ്ത്രീ ശാക്തീകരണത്തിനെന്ന് അസം സര്‍ക്കാര്‍
നിഷാന. വി.വി
Saturday, 11th July 2026, 7:08 am

ദിസ്പൂര്‍: ബഹുഭാര്യത്വം പുലര്‍ത്തുന്ന പുരുഷന്മാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ യാതൊരു വിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് അസം സര്‍ക്കാര്‍. ജുലൈ പത്തിന് (ഇന്നലെ) അവതരിപ്പിച്ച സംസ്ഥാന ബജറ്റാണ് ഇത്തരത്തിലുള്ള നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

ബഹുഭാര്യത്വം ഉള്ളതായി കണ്ടെത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ച് വിടുമെന്നും ബജറ്റില്‍ പറയുന്നു. ഇതിനായി അസം സര്‍വീസസ് റൂള്‍സ്, 194 ഭേദഗതി ചെയ്യാനും ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

‘സ്ത്രീ ശാക്തീകരണവും ലീംഗനീതിയും പ്രോത്സാഹിപ്പിക്കുന്നതിനായി ബഹുഭാര്യത്വം അനുഷ്ഠിക്കുന്ന ഒരു പൂരുഷനും സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല,’ ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.

കൂടാതെ ക്രിമിനല്‍ നിയമപ്രകാരം ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്കും സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

അര്‍ഹരാവയരിലേക്ക് മാത്രം ആനുകൂല്യങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ സംവിധാനം വഴിയായിരിക്കും ഇനി മുതല്‍ ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യുകയെന്നും ബജറ്റില്‍ പറയുന്നു.

സംസ്ഥാനത്തെ ജനങ്ങളില്‍ ഉത്തരവാദിത്ത ബോധവും സാമൂഹിക നന്മയും വളര്‍ത്തുന്നതിനാണ് ഈ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നായിരുന്നു ധനമന്ത്രിയുടെ വാദം.

Content Highlight: Government jobs and benefits will not be granted to those practicing polygamy; Assam government cites women’s empowerment as the reason.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.