| Sunday, 19th January 2025, 8:34 pm

ആ മമ്മൂട്ടി ചിത്രത്തിന് രണ്ടാംഭാഗത്തിനുള്ള സാധ്യതയുണ്ട്: ഗൗതം വാസുദേവ് മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ജനുവരി 23ന് തിയേറ്ററുകളിലെത്തും.

തമിഴിലെ ഹിറ്റ് ഫിലിം മേക്കറായ ഗൗതം സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഇൻവെസ്റ്റിഗേഷൻ സിനിമ തന്നെയാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സെന്നും എന്നാൽ മുമ്പ് കണ്ട സിനിമകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന സിനിമയാണ് ഇതെന്നും ഗൗതം മേനോൻ പറയുന്നു. നിത്യ ജീവിതത്തിൽ പലപ്പോഴായി നാം കണ്ടുപരിചയിച്ച വ്യക്തിയാണ് ഡൊമിനിക്കെന്നും ചിത്രം സ്വീകരിക്കപ്പെട്ടാൽ ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്നും ഗൗതം മേനോൻ കൂട്ടിച്ചേർത്തു.

‘അന്വേഷണവുമായി മുന്നോട്ടുപോകുന്ന ചിത്രം തന്നെയാണിത്. സ്കൂൾകാലം മുതൽക്കേ മമ്മൂക്കയുടെ ഇൻവെസ്റ്റിഗേഷൻ സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ട്. ഡൊമിനിക്കിനെ ക്യാമറയിലേക്ക് പകർത്തും മുമ്പ് തിയേറ്ററിൽ ആഘോഷത്തോടെ കണ്ട പല സിനിമകളും വീണ്ടും കണ്ടു. ഇവയിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന രീതികളും സ്വഭാവങ്ങളുമാണ് ഡൊമിനിക്കിൻ്റേത്.

ഡിറ്റക്ടീവ് ജോലിചെയ്യുന്ന ഡൊമിനിക് ഒരു പേഴ്‌സിനുപിന്നിലെ രഹസ്യമന്വേഷിച്ച് പോകുന്നതും ആ യാത്രയിലുണ്ടാകുന്ന വഴിത്തിരിവുകളുമാണ് പ്രേക്ഷകരെ ചിത്രത്തോടടുപ്പിക്കുക. ട്രെയ്‌ലറിൽ പറയുന്നതുപോലെ ഒരു സിംപിൾ കേസാണ്. അവിശ്വസനീയമായതോ, നായകന് കൈയടിനേടിക്കൊടുക്കാനായി ബോധപൂർവം സൃഷ്ടിച്ചതോ ആയ രംഗങ്ങൾ സിനിമയിലില്ല.

സാധാരണക്കാരുമായി ചേർന്നുനിൽക്കുന്ന, നമ്മുടെ നിത്യ ജീവിതത്തിൽ പലപ്പോഴായി നാം കണ്ടുപരിചയിച്ച വ്യക്തിയാണ് ഡൊമിനിക്. സിനിമയുടെ ചിത്രീകരണം തുടങ്ങും മുമ്പ് ഡൊമിനിക്കിന്റെ സ്റ്റൈലിനെപ്പറ്റിയും മാനറിസങ്ങളെപ്പറ്റിയും ഞങ്ങൾ മമ്മൂക്കയോട് സംസാരിച്ചിരുന്നു. കഥയും കഥാപാത്രവും ഡൊമിനിക്കിൻ്റെ മാനസികവ്യാപാരങ്ങളും മനസ്സിലായെന്നും മുന്നൊരുക്കങ്ങളൊന്നുമില്ലാതെ സാഹചര്യത്തിനനുസരിച്ച് അതത് സന്ദർഭങ്ങളിൽ ചില കാര്യങ്ങൾ കൊണ്ടുവരാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സ്വാഭാവികപ്രകടനങ്ങളുമായി കഥാപാത്രം മുന്നോട്ടുപോകുകയായിരുന്നു. അതിലൊരു പുതുമയുണ്ട്. ഡൊമിനിക് എന്ന കഥാപാത്രം സ്വീകരിക്കപ്പെട്ടാൽ അതിനൊരു തുടർച്ചയ്ക്ക് സാധ്യതയുണ്ട്. ഡൊമിനിക്കിന്റെ ആദ്യവരവായി ഇതിനെ കാണാം,’ഗൗതം മേനോൻ പറയുന്നു.

Content Highlight: Goutham Menon About His New Movie Dominic And Ladies Purse

We use cookies to give you the best possible experience. Learn more