ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന് ഗൗതം ഗംഭീര്‍. രോഹിത്തും വിരാടും ലോകോത്തര താരങ്ങളാണെന്നും അവരുടെ അനുഭവസമ്പത്ത് ടീമിന് ആവശ്യമാണെന്നും ഗംഭീര്‍ പറഞ്ഞു.
തുടര്‍ന്നും താരങ്ങള്‍ റണ്‍സ് നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗംഭീര്‍ പറഞ്ഞു. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗംഭീര്‍. അടുത്തിടെ ഗംഭീറും രോ-കോയും അത്ര നല്ല ബന്ധത്തിലല്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഗംഭീറിന്റെ പ്രതികരണം.
‘അവര്‍ ലോകോത്തര കളിക്കാരാണ്, ഡ്രസ്സിങ് റൂമില്‍ അവരുടെ പരിചയസമ്പത്ത് ആവശ്യമാണ്. അവര്‍ വളരെക്കാലമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഏകദിനങ്ങളില്‍ അവര്‍ റണ്‍സ് നേടുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അത് നിര്‍ണായകമാകും,’ ഗംഭീര്‍ പറഞ്ഞു.
അതേസമയം സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരമ്പരയില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സീരീസ് ഡിസൈഡറില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യം 39.5 ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ.
മത്സരത്തില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും മിന്നും പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. 73 പന്തില്‍ മൂന്ന് സിക്സറും ഏഴ് ഫോറും ഉള്‍പ്പെടെ 75 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. വിരാട് 45 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 65 റണ്‍സും നേടി.
ആദ്യത്തെ രണ്ട് മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് വിരാട് തിളങ്ങിയത്. യഥാക്രമം 135, 102 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. അതേസമയം ആദ്യ മത്സരത്തില്‍ 57 റണ്‍സും, രണ്ടാം മത്സരത്തില്‍ 14 റണ്‍സുമാണ് രോഹിത്തിന്റെ സംഭാവന.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഓപ്പണറായ യശസ്വി ജെയ്സ്വാള്‍ കാഴ്ചവെച്ചത്. ഏകദിനത്തില്‍ കന്നി സെഞ്ച്വറി നേടിയാണ് താരം തകര്‍ത്താടിയത്. 121 പന്തില്‍ 12 ഫോറും 2 സിക്സും ഉള്‍പ്പെടെ പുറത്താകാതെ 116 റണ്‍സാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് പ്രോട്ടിയാസിനെതിരെയുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ്. ഡിസംബര്‍ ഒമ്പതിന് ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.
Content Highlight: Goutam Gambhir Talking About Rohit Sharma And Virat Kohli