| Wednesday, 23rd April 2025, 9:26 pm

അഭിനയത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ അദ്ദേഹം പൊളിച്ചെഴുതി; ഫ്‌ളെക്‌സിബിള്‍ ആകണമെന്ന് പഠിപ്പിച്ചു: ഗൗരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

96 എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗൗരി ജി. കിഷന്‍. ആ സിനിമയില്‍ തൃഷയുടെ കൗമാരമായിരുന്നു ഗൗരി അവതരിപ്പിച്ചത്.

ചിത്രത്തിലെ ഗൗരിയുടെ അഭിനയത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. 2021ല്‍ സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്ക് എത്തുന്നത്.

ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ ഗൗരി നായികയായി അഭിനയിച്ചിരുന്നു. ഈയിടെ ജിയോ ഹോട്ട് സ്റ്റാറിലൂടെ പുറത്തിറങ്ങിയ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന മലയാള വെബ്സീരിസിലും ഗൗരി പ്രധാന കഥാപാത്രത്തിനെ അവതരിപ്പിച്ചിരുന്നു.

ഗൗരി അഭിനയിച്ച് വരാനിരിക്കുന്ന പുതിയ തമിഴ് സിനിമയാണ് ലൗ ഇന്‍ഷുറന്‍സ് കമ്പനി. വിഘ്‌നേഷ് ശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ചും വിഘ്‌നേഷിനെ കുറിച്ചും പറയുകയാണ് ഗൗരി. വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘വിഘ്‌നേഷ് ശിവനൊപ്പം പുതിയ സിനിമ വരികയാണ്. ലൗ ഇന്‍ഷുറന്‍സ് കമ്പനി എന്നാണ് ആ സിനിമയുടെ പേര്. അഭിനയത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ അദ്ദേഹം പൊളിച്ചെഴുതിയെന്ന് പറയാം.

വളരെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം ഏറെ ശ്രദ്ധയോടെയാണ് ചെയ്യുക. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുണ്ടെങ്കിലും സന്ദര്‍ഭത്തിന് അനുസരിച്ച് സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്താന്‍ വിഘ്‌നേഷിന് മടിയില്ല.

സ്‌ക്രിപ്റ്റ് പൂര്‍ണമായും പഠിച്ചശേഷം സെറ്റിലേക്ക് പോകുന്ന ആളാണ് ഞാന്‍. എന്നാല്‍ സ്‌ക്രിപ്റ്റ് മനഃപാഠമാക്കിയല്ല കഥാപാത്രത്തെ ഉള്‍ക്കൊള്ളേണ്ടതെന്ന് എനിക്ക് മനസിലായി.

അത് ലൗ ഇന്‍ഷുറന്‍സ് കമ്പനിയിലൂടെയാണ് ഞാന്‍ മനസിലാക്കിയത്. ചില നിമിഷങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മാജിക് ആസ്വദിക്കണമെങ്കില്‍ നമ്മള്‍ ഫ്‌ളെക്‌സിബിള്‍ ആകണം എന്ന് പഠിപ്പിച്ചത് സംവിധായകന്‍ വിഘ്നേഷാണ്,’ ഗൗരി ജി. കിഷന്‍ പറയുന്നു.

Content Highlight: Gouri G Kishan Talks About Vignesh Sivan And Love Insurance Kompany Movie

We use cookies to give you the best possible experience. Learn more