2019ല്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് തമിഴിലും മലയാളത്തിലും സജീവമാകുകയും ചെയ്ത താരമാണ് ഗോപിക രമേശ്. തണ്ണീര്‍ മത്തനില്‍ സ്റ്റെഫി എന്ന കഥാപാത്രമായി അരങ്ങേറ്റം കുറിച്ച ഗോപികയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് മോളിവുഡ് ടൈംസ്.
ചിത്രത്തില്‍ ഹന ഷാജഹാന്‍ എന്ന അഭിനേത്രിയുടെ റോളിലായിരുന്നു ഗോപിക പ്രത്യക്ഷപ്പെട്ടത്. കഥാപാത്രത്തിനായി ശരീരഭാരം കുറച്ചതിനെ കുറിച്ച് ഗോപിക പറഞ്ഞ വാക്കുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയേറ്ററുകളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച ചിത്രം ജിയോ ഹോട്സ്റ്റാറിലൂടെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.
ഇതിന് പിന്നാലെ നസ്‌ലെന്‍ അവതരിപ്പിച്ച വിനീത് മാധവന്‍ എന്ന കഥാപാത്രത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് സിനിമാ പേജുകളില്‍ ചര്‍ച്ച തുടങ്ങിയിരുന്നു. ചിത്രം സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകിന്റെ തന്നെ ആത്മകഥയാണെന്ന തരത്തിലും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങള്‍ മലയാള സിനിമിലെ പ്രമുഖരാണെന്നുമുള്ള തരത്തിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഗോപിക രമേശ്. Photo: Gopika Ramesh/ Facebook.com
ഇപ്പോഴിതാ ചിത്രത്തിലെ വിനീത് മാധവന്‍ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഗോപിക രമേശ്. ദി ഷോസ്‌കേപ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മോളിവുഡ് ടൈംസ് ഒരു ചര്‍ച്ചയാവുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗോപിക പറഞ്ഞത്.
‘മോളിവുഡ് ടൈംസ് എന്ന സിനിമ ഇത്രയ്ക്കും ഒരു ഡിസ്‌കഷന്‍ ആവുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ചിലര്‍ക്ക് വര്‍ക്കാവും ചിലര്‍ക്ക് വര്‍ക്കാവില്ല എന്നൊരു മൈന്‍ഡ് സ്‌പേസിലായിരുന്നു ഞാനുണ്ടായിരുന്നത്. പക്ഷേ എന്നെ ഞെട്ടിച്ച് കൊണ്ടാണ് ആളുകള്‍ സിനിമയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്.
സിനിമ മാത്രമല്ല ഏതൊരു ഇന്‍ഡസ്ട്രി എടുത്താലും അവിടെ പല പ്രശ്‌നങ്ങളുമുണ്ട്. അവിടെ ഉള്ളവരൊക്കെ വിനീത് മാധവനെ ഒരു റെഫറന്‍സ് ആക്കി ഒരു ദിവസം തങ്ങള്‍ ഈ ജോലി വിടുമ്പോള്‍ വിനീത് മാധവനായി വല്ല സ്പീച്ചെല്ലാം പറഞ്ഞിട്ടായിരിക്കും എന്നെല്ലാം മനസില്‍ കരുതുന്നുണ്ടാകും. പക്ഷേ നമ്മള്‍ കരുതുന്ന പോലെ ഒരു വിനീത് മാധവന് ജീവിക്കാന്‍ സാധിക്കുന്ന ഒരു ലോകമല്ല ഇത്. നമ്മള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചിലപ്പോള്‍ എല്ലാവര്‍ക്കും മനസിലാകണമെന്നില്ല. അങ്ങനെ എല്ലാവരുടെയും അടുത്ത് പോയി ഞാന്‍ ഉദ്ദേശിച്ചത് ഇതല്ല എന്ന് പറഞ്ഞ് മനസിലാക്കാനും പറ്റില്ല,’ ഗോപിക പറഞ്ഞു.
Content Highlight: Gopika Ramesh talks about the character Vineeth Madhavan in Mollywood Times Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.