മോളിവുഡ് ടൈംസിന് വേണ്ടി 1 മാസം കൊണ്ട് 6 കിലോ കുറച്ചു, ഒരു പോയിന്റ് എത്തിയപ്പോൾ എനിക്ക് മടുത്തു: ഗോപിക രമേശ്
Malayalam Cinema
മോളിവുഡ് ടൈംസിന് വേണ്ടി 1 മാസം കൊണ്ട് 6 കിലോ കുറച്ചു, ഒരു പോയിന്റ് എത്തിയപ്പോൾ എനിക്ക് മടുത്തു: ഗോപിക രമേശ്
കെ.എസ് ഷാബിന
Saturday, 4th July 2026, 8:16 pm

മലയാള ചലച്ചിത്ര രംഗത്ത് തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയയായ യുവനടിയാണ് ഗോപിക രമേശ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ ‘സ്റ്റെഫി’ എന്ന കഥാപാത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാള സിനിമയിലേക്കുള്ള ചുവടുവെപ്പ്.

സ്വാഭാവികമായ അഭിനയത്തിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകമനസിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത്, നസ്‌ലെൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ‘മോളിവുഡ് ടൈംസി’ലും ഗോപിക ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തിയിരുന്നു.

ഗോപിക രമേശ്.Photo;OneIndiaMalayalam

ഇപ്പോൾ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി വരുത്തിയ ട്രാൻസ്ഫോമഷനെ കുറിച്ച സംസാരിക്കുകയാണ് ഗോപിക. ഷോ സ്‌കേപ്പ് ജേണൽ നു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് പി.സി.ഒ.ഡി ഉള്ളതുകൊണ്ട് ഭക്ഷണകാര്യത്തിൽ ചില നിയന്ത്രണങ്ങളുണ്ട്; പ്രത്യേകിച്ച് കൂടുതൽ എണ്ണമയമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ കഴിയില്ലായിരുന്നു. സിനിമയുടെ ഒഡീഷന് പോകുമ്പോൾ വണ്ണം കൂട്ടണമെന്നോ കുറയ്ക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഒഡീഷൻ കഴിഞ്ഞപ്പോഴാണ് വണ്ണം കൂട്ടണമെന്ന് അറിയുന്നത്.

അങ്ങനെ ഒരു മാസം മുഴുവൻ കഠിനമായ ഡയറ്റും വർക്ക് ഔട്ടും ചെയ്താണ് ഞാൻ 6 കിലോയോളം കുറച്ചത്. ആ സമയത്തായിരുന്നു സിനിമയിലെ യക്ഷിയുടെ രംഗങ്ങൾ ചിത്രീകരിച്ചത്. അതിനുശേഷം വണ്ണം കൂട്ടാൻ എനിക്ക് അധികം സമയം ലഭിച്ചില്ല. എങ്കിലും സാധ്യമാകുന്ന രീതിയിൽ ഭക്ഷണം കഴിച്ച് ഒരു പരിധി വരെ ഞാൻ വണ്ണം കൂട്ടി.

മോളിവുഡ് ടൈംസ്.Photo;IMDB

സിനിമയിൽ ഞാൻ ചിപ്സ് കഴിക്കുന്ന ഒരു രംഗമുണ്ട്, അതിൽ കാണുന്ന വണ്ണം ഞാൻ സ്വയം കൂട്ടിയതാണ്; അതിൽ വി.എഫ്.എക്സ് ഒന്നും ഉപയോഗിച്ചിട്ടില്ല. എന്നാൽ ബാക്കിയുള്ള രംഗങ്ങളിൽ വി.എഫ്.എക്സ് ഉപയോഗിക്കേണ്ടി വന്നു. കാരണം, കഥാപാത്രത്തിന് ആവശ്യമായ വണ്ണം കൃത്യമായി വരണമെങ്കിൽ കുറച്ചുകൂടി സമയം വേണമായിരുന്നു, എന്നാൽ അതിനുള്ള ഗ്യാപ്പ് നമുക്ക് കിട്ടിയിരുന്നില്ല.

എങ്കിലും ഞാൻ ആ പ്രോസസ്സ് ഭയങ്കരമായി ആസ്വദിച്ചു. ആ ചിപ്സ് കഴിക്കുന്ന സീനിൽ ഞാനും വിനീതേട്ടനും (വിനീത് ശ്രീനിവാസൻ) കൂടിയായിരുന്നു അഭിനയിച്ചത്. ഞാൻ പ്രിങ്കിൽസ് കഴിച്ചുകൊണ്ടേയിരിക്കുകയാണ്; എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ കഴിച്ച് കഴിച്ച് എനിക്ക് മടുത്തു. ‘എനിക്ക് ഇനി വയ്യ’ എന്ന് ഞാൻ പറഞ്ഞു. കാരണം, ഞാൻ കഴിച്ചു തീർക്കുമ്പോഴേക്കും അടുത്ത സീനിനായി അവർ വീണ്ടും അത് നിറച്ചുവെക്കും. അപ്പോൾ വിനീതേട്ടൻ എന്നോട് പറഞ്ഞു, ‘ഗോപികേ, ഇതൊക്കെ ആസ്വദിച്ച് ചെയ്യ്, അഭിനവിന്റെ പടത്തിലൊക്കെ ഇങ്ങനെയുള്ള അവസരങ്ങൾ വളരെ അപൂർവമായേ കിട്ടൂ, ഹാവ് ഫൺ’ എന്ന്, ഗോപിക രമേശ് പറഞ്ഞു.

Content Highlight: Gopika ramesh talks about mollywood times movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.