മലയാള ചലച്ചിത്ര രംഗത്ത് തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയയായ യുവനടിയാണ് ഗോപിക രമേശ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ ‘സ്റ്റെഫി’ എന്ന കഥാപാത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാള സിനിമയിലേക്കുള്ള ചുവടുവെപ്പ്.
സ്വാഭാവികമായ അഭിനയത്തിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകമനസിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത്, നസ്‌ലെൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ‘മോളിവുഡ് ടൈംസി’ലും ഗോപിക ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തുന്നുണ്ട്.
വളരെ സെലെക്ടിവ് ആയി കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന താരം ഈ ചിത്രത്തിലൂടെ വീണ്ടും സിനിമാപ്രേമികളുടെ കയ്യടി നേടുകയാണ്. ഇപ്പോൾ സിനിമയിലെ തന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് മനസ് തുറക്കുകയാണ് ഗോപിക. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ആദ്യചിത്രമായ തണ്ണീർമത്തൻ ദിനങ്ങൾ ചെയ്തിട്ട് ഇപ്പോൾ ഏഴ് വർഷമാകുന്നു. മലയാളത്തിലും തമിഴിലും സിനിമകൾ ചെയ്തു. ‘പെരില്ലൂർ പ്രീമിയർ ലീഗ്’ ആയാലും ‘തണ്ണീർമത്തൻ ദിനങ്ങൾ’ ആയാലും എല്ലാത്തിലും തനിക്ക് കുറഞ്ഞ സ്ക്രീൻ ടൈം മാത്രമാണ് ലഭിച്ചത് എന്നും, എന്നിരുന്നാലും കഥാപാത്രത്തിന്റെ വലിപ്പത്തിലല്ല, അത് പ്രേക്ഷകരിൽ ഉണ്ടാക്കുന്ന സ്വാധീനത്തിലാണ് കാര്യം എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും ഗോപിക പറയുന്നു.
‘ദി സൈലൻസ് ഓഫ് ദി ലാംബ്സ്’ എന്ന ചിത്രത്തിൽ ആന്റണി ഹോപ്കിൻസിന് വെറും 24 മിനിറ്റ് മാത്രമാണ് സ്ക്രീൻ പ്രെസെൻസ് ഉണ്ടായിരുന്നത്, പക്ഷേ അദ്ദേഹത്തിന് ഓസ്ക്കാർ ലഭിച്ചു. അത് ആന്റണി ഹോപ്കിൻസ് ആണ്, ഞാൻ വെറുമൊരു തുടക്കക്കാരിയും. എങ്കിലും എനിക്കും ഒരുപാട് ആഗ്രഹങ്ങളുണ്ട്. ‘ക്വീൻ’ എന്ന സിനിമയിലെ കങ്കണ റണാവത്തിന്റെയോ, ‘ഹൈവേ’യിലെ ആലിയ ഭട്ടിന്റെയോ ഒക്കെ പോലെ ശക്തമായ പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് എനിക്കുമുണ്ട്. നിലവിൽ ലഭിക്കുന്ന കഥാപാത്രങ്ങൾ ഏറ്റവും മികച്ചതാക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്,’ ഗോപിക രമേശ് പറയുന്നു.
Content Highlight: Gopika ramesh talks about her dream roles in film