വക്കാ വക്കാ, കപ്പ് ഓഫ് ലൈഫ്, വേവിന്‍ ഫ്‌ളാഗ്; ലോകത്തെ ഒന്നാക്കിയ കളിമുറ്റത്തെ പാട്ടുത്സവം
DISCOURSE
വക്കാ വക്കാ, കപ്പ് ഓഫ് ലൈഫ്, വേവിന്‍ ഫ്‌ളാഗ്; ലോകത്തെ ഒന്നാക്കിയ കളിമുറ്റത്തെ പാട്ടുത്സവം
ഗോപകുമാര്‍ പൂക്കോട്ടൂര്‍
Tuesday, 9th June 2026, 3:54 pm
കളിക്കളത്തിലെ മാന്ത്രികത കൊണ്ട് മാത്രമല്ല, ഓരോ ലോകകപ്പും അതിന്റെ സ്വന്തം സംഗീത ശൈലിയും സംസ്‌കാരിക സ്വാധീനവും കൊണ്ടുകൂടിയാണ് ഓര്‍മിക്കപ്പെടുന്നത് എന്നത് പറയാതെ വയ്യ. ഫുട്‌ബോളും സംഗീതവും ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് സംസ്‌കാരിക ശക്തികളാണ്. ഇനി അവ രണ്ടും വേറിട്ട ലോകങ്ങളായി തോന്നിയാലും, പലപ്പോഴും തമ്മില്‍ ചേരുകയും പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്നു | ഗോപകുമാർ പൂക്കോട്ടൂർ എഴുതുന്നു.

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ആരാധകരിലേക്കെത്തിക്കുന്നതില്‍ ഗാനങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. റിക്കി മാര്‍ട്ടിനും ഷാക്കിറയും സൃഷ്ടിച്ച ഓളം ചില്ലറയൊന്നുമല്ല. 2026 ലോകകപ്പിന്റെ ഫിഫയുടെ ഔദ്യോഗിക ഗാനം ‘ഡായ്, ഡായ്’ ഷക്കീറയും ബര്‍ണാ ബോയും ചേര്‍ന്ന് പുറത്തിറക്കിയതോടെ ടൂര്‍ണമെന്റിന്റെ ആവേശം പുതിയ ഉയരങ്ങളിലെത്തി.

അതേസമയം, ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ബ്രസീലിന്റെ ടീമിനെ വരവേല്‍ക്കുന്ന ‘ബ്രസീല്‍, ബ്രസീല്‍ (ബ്രസീല്‍)’ എന്ന ഗാനവും അതിന്റെ റീലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫുട്ബോള്‍ പ്രേമികളുടെ ആവേശം ഇരട്ടിയാക്കുകയാണ്.

എം4ഐയുടെ ബാനറില്‍, ബ്രസീലിയന്‍ ഗാനരചയിതാവും സംഗീത നിര്‍മാതാവുമായ ഗില്ലെര്‍മെ ഓഗസ്റ്റോ സെസാര്‍ റിബെയ്‌റോ മായ രചിച്ച് 2026 മാര്‍ച്ചില്‍ പുറത്തിറക്കിയ ‘ബ്രസീല്‍, ബ്രസീല്‍ (ബ്രസീല്‍) ടീം എത്തി’ എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ശ്രദ്ധാകേന്ദ്രം.

ബ്രസീല്‍ താരങ്ങളുടെ സവിശേഷമായ കളിമികവും ആഘോഷ പ്രകടനങ്ങളും അനുകരിച്ച് ഒരുക്കുന്ന റീലുകളുടെ പശ്ചാത്തല ഗാനമായി ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ലോകകപ്പ് ആവേശം വാനോളമുയര്‍ത്തുന്ന ഈ ഗാനവും അതിനെ ചുറ്റിപ്പറ്റിയുള്ള റീലുകളും ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബ്രസീലിയന്‍ ഫുട്ബോള്‍ സംസ്‌കാരത്തെയും രാജ്യസ്‌നേഹത്തെയും ഗാനത്തിലൂടെ ആഘോഷിക്കാന്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ ഗാനം ഇപ്പോള്‍ ബ്രസീല്‍ ആരാധകരെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളെയും ആവേശത്തിലാഴ്ത്തി.

ബ്രസീല്‍, ബ്രസീല്‍ (ബ്രസീല്‍) ‘ടീം എത്തി’ എന്ന് തുടങ്ങി വിനി ജൂനിയര്‍, റഫീന്യ, അലിസണ്‍, കാസെമിറോ, മിലിറ്റാവോ, മാര്‍ക്വിന്യോസ്, ഫാബിന്യോ, അലക്‌സ് സാന്‍ഡ്രോ, പക്ക്വേറ്റ, വെസ്‌ലി, കബേസാവോ, മാത്യുസ് കുന്യ, മാര്‍ട്ടിനെല്ലി, എന്‍ഡ്രിക്ക്, എസ്‌തേവാവോ എന്നിങ്ങനെ ടീം അംഗങ്ങളെ പരാമര്‍ശിക്കുകയും ‘ജേഴ്‌സിയെ മാനിക്കൂ / രാജാവ് തിരികെ വന്നു നെയ്മര്‍, നെയ്മര്‍’ എന്ന് ആര്‍ത്തുവിളിക്കുന്ന കളിക്കളത്തിലെ ആരവ മന്ത്രങ്ങള്‍ പാട്ടില്‍ അലയടിക്കുന്നു.

ബ്രസീലിയന്‍ ഫങ്കിന്റെയും സ്റ്റേഡിയം ചാന്റുകളുടെയും സ്വാധീനത്തില്‍ രൂപപ്പെടുത്തിയിരിക്കുന്ന ഈ ഗാനവും അതിന്റെ താളവുമൊക്കെ ബ്രസീല്‍ ദേശീയ ടീമിനോടുള്ള അഭിമാനവും താരങ്ങളുടെ കരുത്തും രാജ്യത്തിന്റെ സമ്പന്നമായ ഫുട്‌ബോള്‍ പാരമ്പര്യവും ഉയര്‍ത്തിക്കാട്ടുന്നതാണ്.

പോര്‍ച്ചുഗീസ് ഭാഷയില്‍ രചിച്ച ഈ ഗാനം ഫങ്ക്, ഹിപ്-ഹോപ്പ്, റോക്ക് തുടങ്ങിയ സംഗീതശൈലികളുടെ സംഗമമായാണ് അവതരിപ്പിക്കുന്നത്. ഗാനത്തിന്റെ രചയിതാവായ ഗില്ലെര്‍മെ മായ ഡാറ്റാ സയന്‍സ് ഗവേഷകനും അധ്യാപകനുമാണ്.

ബ്രസീല്‍ ദേശീയ ടീമിന്റെ വരവിനെ ആഘോഷിക്കുന്ന ആന്തമായി ഒരുക്കിയ ഈ ഗാനത്തില്‍, താരങ്ങളുടെ പേരുകള്‍ സ്റ്റേഡിയം മുദ്രാവാക്യങ്ങളുടെ ശൈലിയില്‍ ആവര്‍ത്തിച്ച് വിളിച്ചുപറയുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഗാനത്തെ ആസ്പദമാക്കി ഓരോ താരത്തിന്റെയും കളിമികവും ആഘോഷശൈലിയും അനുകരിച്ചും അവരുടെ സവിശേഷ മുഹൂര്‍ത്തങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തുമുള്ള റീലുകളാണ് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

കൊച്ചുകുട്ടികള്‍ മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രായക്കാരുടെ റീലുകളാല്‍ സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞുകവിഞ്ഞു. ബ്രസീല്‍ താരങ്ങളുടെ ചടുലമായ കളിശൈലിയും ആഘോഷ മുഹൂര്‍ത്തങ്ങളും അനുകരിച്ചുള്ള വീഡിയോകളാണ് കൂടുതലും ശ്രദ്ധ നേടുന്നത്. ലോകകപ്പ് ആവേശം പടര്‍ത്തുന്നതില്‍ ഈ ഗാനവും അതിന്റെ റീല്‍ ട്രെന്‍ഡും വഹിക്കുന്ന പങ്ക് ചെറുതല്ല.

പാട്ടും ലോകകപ്പ് ഫുട്‌ബോളും

വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരവും ദേശീയതലത്തിലുള്ളതുമായ മത്സരവികാരങ്ങള്‍ പലപ്പോഴും ഫുട്ബോള്‍ മൈതാനങ്ങളില്‍ പ്രതിഫലിക്കാറുണ്ടെങ്കിലും, ലോകകപ്പ് ഗാനങ്ങളിലൂടെ കലാകാരന്മാര്‍ അതിര്‍വരമ്പുകള്‍ മറികടക്കുന്ന ആഗോള പോപ്-സംസ്‌കാര പ്രതിഭാസങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.

ഓരോ രാജ്യത്തിന്റെയും ഭാഷയും സംഗീതവും സാംസ്‌കാരിക വൈവിധ്യവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വേദിയായി ലോകകപ്പ് ഗാനങ്ങള്‍ മാറി. അതുകൊണ്ടുതന്നെ ഫുട്ബോള്‍ മത്സരങ്ങളുടെ ആവേശത്തിനപ്പുറം സാംസ്‌കാരിക കൈമാറ്റത്തിന്റെ പ്രതീകമായും ഈ ഗാനങ്ങള്‍ വിലയിരുത്തപ്പെടുന്നു.

ഇത്തരത്തിലുള്ള ഗാനങ്ങളില്‍നിന്ന് ചിലത് ഫിഫ ഔദ്യോഗിക ഗാനങ്ങളായും ചിലത് ഔദ്യോഗിക ആന്തങ്ങളായും അംഗീകരിച്ച് പ്രത്യേക പദവി നല്‍കിയിട്ടുണ്ട്.

ഫുട്ബോള്‍ ആരാധകര്‍ക്ക് ഏറ്റവും കൂടുതല്‍ ഗൃഹാതുരത സമ്മാനിച്ച ലോകകപ്പ് ഗാനങ്ങളിലൊന്നാണ് 1990ലെ ഇറ്റലി ലോകകപ്പിനായി ഒരുക്കിയ ‘ഉന്‍ സ്റ്റേറ്റ് ഇറ്റാലിന’. റോക്ക്-ബാലഡ് ശൈലിയില്‍ അവതരിപ്പിച്ച ഈ ഗാനം ഫിഫയുടെ ഔദ്യോഗിക ലോകകപ്പ് ആന്തമായി ശ്രദ്ധ നേടി.

ഇറ്റാലിയന്‍ സംഗീതത്തിന്റെ വൈകാരിക ശക്തിയും യൂറോപ്യന്‍ സാംസ്‌കാരിക അഭിമാനവും സമന്വയിപ്പിച്ച ഈ ഗാനം ടൂര്‍ണമെന്റിന്റെ ആവേശത്തെ സംഗീതത്തിലൂടെ അനശ്വരമാക്കി.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ജനപ്രിയവും കാലാതീതവുമായ ഗാനങ്ങളിലൊന്നായി ഇന്നും ഇത് ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചിരിക്കുന്നു. ഇംഗ്ലീഷ് പതിപ്പായും ഗാനം പുറത്തിറങ്ങി.

1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായിരുന്നു ‘ഗ്ലോറിലാന്‍ഡ്‘. ഗായകനായ ഡാറില്‍ ഹാളും ഗോസ്പല്‍ സംഗീത സംഘമായ സൗണ്ട് ഓഫ് ബ്ലാക്ക്നെസ്സും ചേര്‍ന്നാണ് ആലപിച്ചത്.

ഐക്യം, പ്രത്യാശ, വിജയലക്ഷ്യം എന്നിവയെ ആഘോഷിക്കുന്ന ഗാനം ഫുട്ബോളിന്റെ ആഗോള സൗഹൃദസന്ദേശവും കായികമൂല്യങ്ങളും കൊണ്ട് ശ്രദ്ധേയമായി.

എന്നാല്‍ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഐകോണിക് ഗാനങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നതും ആരാധകരെ ആവേശഭരിതരാക്കുന്ന സ്റ്റേഡിയം ചാന്റ്‌ (മന്ത്രം) ആയി മാറ്റിയതും 1998ലെ ഫ്രാന്‍സ് ലോകകപ്പിലെ റിക്കി മാര്‍ട്ടിന്റെ ‘ലാ കോപ്പാ ദെ ലാ വിദ’ എന്ന ഔദ്യോഗിക ഗാനമായിരുന്നു.

ലാറ്റിന്‍ പോപ്പ് -സാംബ താളങ്ങള്‍ കലര്‍ന്ന ഗാനത്തിലെ വരികളായ ഗോ, ഗോ, ഗോ അലെ, അലെ, അലെ ആരാധകരെ ഒരുമിച്ച് വിളിക്കാന്‍ പ്രചോദിപ്പിക്കുന്ന മുദ്രാവാക്യമായും മാറി.

ജീവിതം ഒരു മത്സരമാണെന്ന് വിളിച്ച് പറഞ്ഞ ഗാനം ഫുട്‌ബോള്‍ ആഘോഷം, വിജയം, ഐക്യം എന്നിവയെല്ലാം വിഷയമാക്കി. ലോകമെമ്പാടും ടോപ് 10 ഹിറ്റായ ഗാനം ലാറ്റിനമേരിക്കന്‍ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതും, സാമ്പാ താളത്തില്‍ ലാറ്റിന്‍ പോപ്പ് സംഗീതത്തോട് പൂര്‍ണമായും പൊരുത്തപ്പെടുന്നതുമായിരുന്നു.

ഫ്രാന്‍സ് ലോകകപ്പിന്റെ ഔദ്യോഗിക ആന്തമായ ‘ഡു യു മൈന്‍ഡ് ഈഫ് ഐ പ്ലേ’ ഫുട്ബോളിന്റെ ആഗോള സൗഹൃദവും സാംസ്‌കാരിക ഐക്യവും ആഘോഷിച്ച ഗാനമായിരുന്നു. സെനഗലിന്റെ സംഗീത പാരമ്പര്യവും യൂറോപ്യന്‍ പോപ്പ് ശൈലിയും സമന്വയിപ്പിച്ച ഗാനം മത്സരത്തിന്റെ ആവേശത്തേക്കാള്‍ മനുഷ്യരെ ബന്ധിപ്പിക്കുന്ന കായികമൂല്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്.

2002ലെ കൊറിയ-ജപ്പാന്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ബൂം’ ആവേശവും ഊര്‍ജവും നിറഞ്ഞ ഒരു സംഗീതാനുഭവമായിരുന്നു. ലോകകപ്പ് മത്സരങ്ങളുടെ വേഗതയും ആരാധകരുടെ ആഘോഷവും വിജയത്തിനായുള്ള പോരാട്ടവീര്യവും ഈ ഗാനത്തില്‍ പ്രതിഫലിച്ചു.

അനസ്താഷ്യയും ഗ്ലെന്‍ ബെല്ലാര്‍ഡും ചേര്‍ന്നൊരുക്കിയ ഈ ഗാനത്തില്‍ പുതിയ സഹസ്രാബ്ദത്തിലെ ആദ്യ ലോകകപ്പിന്റെ ചടുലതയും ആത്മവിശ്വാസവും കാണാം.

ലോകകപ്പിന്റെ ആതിഥേയരായ ദക്ഷിണ കൊറിയയും ജപ്പാനും ചേര്‍ന്ന് ലോകത്തിന് സമര്‍പ്പിച്ച സൗഹൃദഗാനമായിരുന്നു ‘ലെറ്റസ് ഗെറ്റ് ടുഗെതര്‍ നൗ’. ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യരെ ഒരുമിപ്പിക്കുന്ന ഫുട്ബോളിന്റെ ശക്തിയായിരുന്നു ഈ ഗാനം.

കൊറിയന്‍, ജാപ്പനീസ് ഭാഷകളുടെ സമന്വയത്തിലൂടെ രണ്ട് രാജ്യങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച ലോകകപ്പിന്റെ ഐക്യസന്ദേശം ഗാനത്തില്‍ മുഴങ്ങി.

2006ലെ ജര്‍മ്മനി ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ദ ടൈം ഓഫ് ഔര്‍ ലിവ്സ്’ ഫുട്ബോളിന്റെ ആഘോഷമുഹൂര്‍ത്തങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ഗാനമാണ്. ശക്തമായ ഓര്‍ക്കസ്ട്രല്‍ സംഗീതവും ഇല്‍ ഡിവോയുടെ ഗംഭീരമായ ആലാപനവും ടോണി ബ്രാക്സ്റ്റന്റെ മധുരശബ്ദവും ചേര്‍ന്ന് ലോകകപ്പിന്റെ മഹത്വവും വികാരങ്ങളും പകര്‍ത്തി.

ജര്‍മനി ലോകകപ്പിന്റെ ആത്മാവിനെ പ്രതിനിധീകരിച്ച ഔദ്യോഗിക ആന്തമായിരുന്നു ‘സെയിറ്റ് ഡാസ്സ് സിച്ച് വാസ് ഡ്രെഹ്റ്റ്’ (സെലിബ്രേറ്റ് ദ ഡേ). ‘മാറ്റത്തിന്റെയും ആഘോഷത്തിന്റെയും സമയം എത്തിയിരിക്കുന്നു’ എന്ന സന്ദേശമാണ് ഈ ഗാനത്തിന്റെ ഹൃദയം.

ജര്‍മന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ബംബാര എന്നീ ഭാഷകളുടെ സമന്വയം ലോകകപ്പിന്റെ ആഗോള സ്വഭാവത്തെ മനോഹരമായി പ്രതിഫലിപ്പിച്ചു. ആഫ്രിക്കന്‍ സംഗീതത്തിന്റെ താളവും യൂറോപ്യന്‍ പോപ്പ് സംഗീതത്തിന്റെ ഭാവവും ഒത്തുചേര്‍ന്നതായിരുന്നു ഈ ഗാനം.

2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ വേദിയായ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ഗാനം ഷക്കീറയുടെ ‘വക്കാ വക്കാ ദിസ് ടൈം ഫോര്‍ ആഫ്രിക്ക’ ലോകമെമ്പാടുമുള്ള ആരാധകരെ ഒന്നിപ്പിച്ച ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ഗാനങ്ങളില്‍ ഒന്നായി.

ആഫ്രോ-ഫ്യൂഷനും പോപ്പും ഇടകലര്‍ത്തി ആഫ്രിക്കന്‍ അഭിമാനത്തെ ഉയര്‍ത്തിപ്പിടിച്ച ഗാനം ഐക്യം, ധൈര്യം, ആഘോഷം എന്നിവ വിഷയമാക്കി, ലോകകപ്പിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന മുദ്രാവാക്യമായി മാറി.

യു ആര്‍ എ ഗുഡ് സോള്‍ജിയര്‍, ചൂസിങ് യുവര്‍ ബാറ്റില്‍സ് എന്ന വരികളിലൂടെ കളിക്കാരെയും ആരാധകരെയും ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ പ്രചോദിപ്പിച്ച ഗാനം യൂട്യൂബില്‍ നാല് ബില്യണിലധികം കാഴ്ചക്കാരോടെ ഏറ്റവും കൂടുതല്‍ കേട്ട ഗാനമെന്ന നിലയില്‍ വൈറല്‍ വിജയമായി.

ഇരുണ്ട ഭൂഗണ്ഡമെന്നും വിശേപ്പിച്ചും, വര്‍ണവിവേചനത്തിനിരയാക്കിയും മാറ്റിനിര്‍ത്തപ്പെട്ട ഒരു ഭൂഖണ്ഡത്തെ ലോകകപ്പ് ഗാനത്തിലൂടെ ആഫ്രിക്കന്‍ അഭിമാനത്തെ ചേര്‍ത്തുപിടിച്ച് ആഗോള ഐക്യം മുറുകെപ്പിടിക്കാന്‍ ഷക്കീററയുടെ ഈ ഗാനത്തിന് സാധിച്ചു.

2009 ല്‍ പുറത്തിറങ്ങി ദക്ഷിണാഫ്രിക്ക ലോകകപ്പ് പതിപ്പാക്കി മാറ്റിയ സൊമാലി-കനേഡിയന്‍ ഗായകന്‍ കെ നാനിന്റെ വേവിന്‍ ഫ്‌ളാഗും സൃഷ്ടിച്ച ഓളവും ഒട്ടും ചെറുതല്ല. വേള്‍ഡ് മ്യൂസിക്, റെഗ്ഗേ, ഹിപ്-ഹോപ്പ് എന്നിവ കലര്‍ന്ന ശൈലിയില്‍ സ്വാതന്ത്ര്യം, പ്രതീക്ഷ, ഐക്യം വിഷയമാക്കിയ ഗാനം ‘ദേ വില്‍ കാള്‍ മി ഫ്രീഡം, ജസ്റ്റ് ലൈക്ക് എ വേവിങ് ഫ്‌ളാഗ്’ എന്നീ വരികളിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി പതാകയെ ഉയര്‍ത്തുന്നുവെന്ന് വിളിച്ചുപറഞ്ഞു.

ഗാനം 20ലധികം രാജ്യങ്ങളില്‍ ടോപ് 10 ഹിറ്റായി. ഗാനത്തിലെ വരികള്‍ യുവാക്കളെ സ്വാതന്ത്ര്യത്തിനും ധൈര്യത്തിനും പ്രചോദിപ്പിച്ചു. കെ നാനിന്റെ സൊമാലിയന്‍ വേരുകളും കനേഡിയന്‍ അനുഭവങ്ങളും ചേര്‍ന്ന് ഗാനത്തിന് ആഗോള സ്വഭാവം നല്‍കി.

2010 ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നകഥാപാത്ര ഗാനം ഗെയിം ഓണ്‍ സാകുമിയുടെ ആവേശവും കളി ചിരിയും പ്രതിഫലിപ്പിച്ചു. യുവത്വത്തിന്റെയും ആഘോഷത്തിന്റെയും ഊര്‍ജ്ജം നിറഞ്ഞ ഈ ഗാനം ലോകകപ്പിന്റെ ഉത്സവാന്തരീക്ഷം കൂടുതല്‍ സജീവമാക്കി.

ലോകകപ്പിന്റെ ഔദ്യോഗിക ആന്തമായ സൈന്‍ ഓഫ് വിക്ടറി വിജയത്തിന്റെയും പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്റെയും സന്ദേശം ലോകത്തിന് കൈമാറി. ശക്തമായ ഗോസ്പല്‍ ശൈലിയിലുള്ള സംഗീതവും ദക്ഷിണാഫ്രിക്കന്‍ ആത്മീയ സംഗീതത്തിന്റെ സ്വരലഹരികളും ചേര്‍ന്ന് ഈ ഗാനം ലോകകപ്പിന്റെ പ്രചോദനാത്മക മുഖത്തെ അവതരിപ്പിച്ചു.

2014 ലെ ബ്രസീല്‍ ലോകകപ്പില്‍ പിറ്റ്ബുള്‍, ജെന്നിഫര്‍ ലോപസ്, ക്ലൗഡിയ ലെയ്റ്റീ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘വി ആര്‍ വണ്‍ (ഒലെ ഒലെ)’ എന്ന ഗാനം ഇലക്ട്രോ-പോപ്പ് -ബ്രസീലിയന്‍ സാംബ താളത്തെ ആഗോള പോപ്പ്-മുഖ്യധാരയിലെത്തിച്ചു.

പക്ഷേ ആരാധകരും വിമര്‍ശകരും ഇത് കോര്‍പ്പറേറ്റ് സ്വഭാവമുള്ളതായി വിശേഷിപ്പിച്ചു. ബ്രസീലിന്റെ സമ്പന്നമായ ഫുട്‌ബോള്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് അഭിപ്രായമുണ്ടായി.

കൂടാതെ ഫിഫയുടെ ഒഫീഷ്യല്‍ മാസ്‌കോട്ട് ഗാനമായ ടാടു ബോം ദെ ബോലാ ബ്രസീലിയന്‍ സംഗീതജ്ഞനായ അര്‍ലിന്‍ഡോ ക്രൂസ് രചിക്കുകയും പോര്‍ച്ചുഗീസ് ഭാഷയില്‍ ആലപിക്കുകയും ചെയ്തു.

ലോകകപ്പിന്റെ ഔദ്യോഗിക ആന്തമായിരുന്നു ‘ദാര്‍ ഉം ജെയ്തോ’. ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, സ്പാനിഷ് ഭാഷകളില്‍ അവതരിപ്പിച്ച ഈ ഗാനം കാര്‍ലോസ് സാന്റാന, വൈക്ലെഫ് ജീന്‍, അവിച്ചി, അലക്സാണ്ട്രെ പിറസ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്.

പ്രതിബന്ധങ്ങളെ അതിജീവിച്ച് വിജയത്തിലേക്കെത്താനുള്ള ആത്മവിശ്വാസവും ഐക്യവും ഈ ഗാനത്തിന്റെ പ്രമേയമായി. ‘ഒലെ’ ലോകകപ്പിന്റെ ഔദ്യോഗിക സൗണ്ട്ട്രാക്കിലെ ഒരു ഗാനമായിരുന്നു. ഇംഗ്ലീഷ് ഭാഷയില്‍ അഡെലന്‍ ആലപിച്ച ഈ ഗാനം ലോകകപ്പ് ആഘോഷങ്ങളുടെ ആവേശവും ഫുട്ബോളിന്റെ ഉന്മേഷവും പ്രതിഫലിപ്പിച്ചു.

ലോകകപ്പിന്റെ ഔദ്യോഗിക സൗണ്ട്ട്രാക്കിലെ മറ്റൊരു ശ്രദ്ധേയ ഗാനമാണ് ‘വിദാ’. ഇംഗ്ലീഷും സ്പാനിഷും ചേര്‍ന്ന ഈ ഗാനം റിക്കി മാര്‍ട്ടിന്‍ ആലപിച്ചു. ജീവിതത്തെയും പ്രത്യാശയെയും ആഘോഷിക്കുന്ന ഈ ഗാനം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കി.

2022 ലെ ഖത്തര്‍ ലോകകപ്പില്‍ ട്രിനിഡാഡ് കാര്‍ഡോണ, ഡാവിഡോ, ഐഷ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘ഹയ്യാ ഹയ്യാ’ എന്ന ഗാനം ഫിഫയുടെ മള്‍ട്ടി-സോങ് സൗണ്ട്ട്രാക്ക് സമീപനത്തിന്റെ തുടക്കമായി. ആര്‍&ബി, റെഗ്ഗേ, മിഡില്‍ ഈസ്റ്റേണ്‍ വോക്കല്‍ മെലഡികള്‍ ചേര്‍ന്ന ഈ ട്രാക്ക്, ലോകത്തിന്റെ വൈവിധ്യത്തെ പ്രതിനിധീകരിച്ചു.

വിവിധ ഭൂഖണ്ഡങ്ങളിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തിയ ഗാനം ആഗോള സംസ്‌കാരിക ഐക്യം പ്രകടിപ്പിച്ചു. ‘ഈ നിമിഷം ജീവിക്കൂ, സ്വപ്നങ്ങളെ ആഘോഷിക്കൂ’ എന്ന സന്ദേശമാണ് ഗാനത്തിന്റെ കേന്ദ്ര ആശയം.

ഫുട്ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് എന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു ആഘോഷമാണെന്നും ആ നിമിഷങ്ങള്‍ പൂര്‍ണമായി ആസ്വദിക്കണമെന്നും ഗാനം പ്രചോദിപ്പിച്ചു. ലോകകപ്പിന്റെ ഔദ്യോഗിക ആന്തം മധ്യപൂര്‍വദേശത്തിന്റെ സാംസ്‌കാരിക പൈതൃകവും ലോകകപ്പിന്റെ ആഗോള മഹത്വവും സമന്വയിപ്പിച്ച സംഗീതസൃഷ്ടിയായി.

സംഗീതസംവിധായകനായ സക്കാറി ആരോണ്‍ ഗോള്‍ഡണ്‍ അറബിക് സംഗീതശൈലിയുടെ സ്വാധീനവും ആധുനിക ഓര്‍ക്കസ്ട്രല്‍ അവതരണവും ചേര്‍ത്ത് ഈ ആന്തം ഖത്തറിന്റെ ആതിഥേയത്വത്തെ ലോകത്തിന് പരിചയപ്പെടുത്തി. അറബിക് ഭാഷയില്‍ ‘സ്വാഗതം’ എന്ന അര്‍ത്ഥമുള്ള ‘അര്‍ബോ’ ഖത്തറിന്റെ ആതിഥേയ സംസ്‌കാരം അനാവരണം ചെയ്ത ഗാനമാണ്.

അറബിക്, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളുടെ സമന്വയത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്ന സംഗീത സന്ദേശമായി അര്‍ബോ മാറി. ഒസുന, ജിംസ്, റെഡ് വണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനമൊാരുക്കിയത്.

സ്വപ്നങ്ങളെ പിന്തുടരാനും സ്വന്തം ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും പ്രചോദിപ്പിക്കുന്ന സന്ദേശം നല്‍കുന്നതായിരുന്നു ‘ദ വേള്‍ഡ് ഈസ് യുവേഴ്സ് ടു ടേക്ക്’ എന്ന മറ്റൊരു ഗാനം.

ലില്‍ ബേബി ഒരുക്കിയ ഈ ഗാനം ഫുട്ബോള്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ആത്മവിശ്വാസം പകരുകയും ലോകകപ്പിന്റെ പോരാട്ടവീര്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തു.

അറബ് രാജ്യങ്ങളിലെ പ്രമുഖ വനിതാ കലാകാരികളെ ഒരുമിപ്പിച്ച ‘ലൈറ്റ് ദ സ്‌കൈ’ സ്ത്രീശാക്തീകരണത്തിന്റെയും പ്രത്യാശയുടെയും ആഘോഷഗാനമായിരുന്നു. ഗായികമാരായ നോറാ ഫത്തേഹി, ബല്‍ക്കീസ്, രഹ്‌മ റിയാദ്, മനാല്‍ എന്നിവരായിരുന്നു ഗാനത്തിന് പിന്നില്‍.

എന്നാല്‍ 2022 ലോകകപ്പിന്റെ ഏറ്റവും ജനപ്രിയ ഗാനങ്ങളിലൊന്നായിരുന്നു ജുങ് കൂക്ക് ആലപിച്ച ‘ഡ്രീമേഴ്സ്’. സ്വപ്നങ്ങളെ പിന്തുടരാനും അതിനായി കഠിനാധ്വാനം ചെയ്യാനും പ്രചോദിപ്പിച്ച ഗാനം ലോകയുവജനങ്ങളുടെ ഹൃദയം കീഴടക്കി. ഉദ്ഘാടനച്ചടങ്ങില്‍ ജങ് കുക്കിന്റെ അവതരണം ഈ ഗാനത്തെ ലോകകപ്പ് ചരിത്രത്തിലെ ശ്രദ്ധേയമായ സംഗീതനിമിഷങ്ങളിലൊന്നായി.

2026 ലോകകപ്പിന്റെ ഔദ്യോഗിക തീം ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ മേളയുടെ ആവേശവും ഭാവിയും പ്രതിനിധീകരിക്കുന്ന സംഗീതസൃഷ്ടിയാണ്. സക്കാറി ആരോ ഗോള്‍ഡനാണ് സംഗീതസംവിധായകന്‍. കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ മൂന്ന് ആതിഥേയരാജ്യങ്ങളുടെ വൈവിധ്യവും ലോകകപ്പിന്റെ ആഗോള സ്വഭാവവും ഒരുമിപ്പിക്കുതാണ് ഈ തീം.

ലോകകപ്പിന്റെ പ്രധാന ഗാനങ്ങളിലൊന്നായ ‘ദായ് ദായ്‘ ലോക സംഗീതത്തിന്റെ രണ്ട് ശക്തമായ ശബ്ദങ്ങളെ ഒന്നിപ്പിക്കുന്നു. ലാറ്റിന്‍ അമേരിക്കയുടെയും ആഫ്രിക്കയുടെയും സംഗീതതാളങ്ങള്‍ ചേര്‍ന്ന് ഫുട്ബോളിന്റെ ആഗോള ആഘോഷത്തെ പ്രതിഫലിപ്പിക്കുന്നു. ആവേശം, പ്രതീക്ഷ, ആഘോഷം എന്നിവയാണ് ഗാനത്തിന്റെ പ്രധാന സന്ദേശങ്ങള്‍.

2010ലെ ഷക്കീറയുടെ ‘വക്കാ വക്കാ’ വിജയത്തിന് ശേഷം വീണ്ടും ലോകകപ്പ് സംഗീതത്തിലേക്ക് തിരിച്ചുവരവാണ് ഇത്തവണത്തെ ഫിഫയുടെ ഔദ്യോഗിക ആന്തം. ബര്‍ണാ ബോയുടെ ആഫ്രോബീറ്റ്‌സിന്റെ സ്വാധീനം കൂടി ആകുമ്പോള്‍ പാട്ട് അതിരുകള്‍ ഭേദിക്കുന്നു.

പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും സംഗീതമാണ് ജെല്ലി റോളും കാരിന്‍ ലിയോണും ചേര്‍ന്നൊരുക്കുന്ന ‘ലൈറ്റര്‍‘. വിജയത്തിലേക്കുള്ള യാത്രയില്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തും സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യവും ഈ ഗാനം ആഘോഷിക്കുന്നു.

മെക്സിക്കന്‍ സംഗീതത്തിന്റെ പാരമ്പര്യവും ആധുനിക പോപ്പ് ശൈലിയും സമന്വയിപ്പിച്ച ഗാനമാണ് ‘പോര്‍ എല്ല‘. സ്‌നേഹവും സമര്‍പ്പണവും ആഘോഷവും ചേന്ന ഈ ഗാനം ലോകകപ്പിന്റെ വികാരഭരിതമായ മുഖത്തെ അവതരിപ്പിക്കുന്നു. ബെലിന്‍ഡയും ലോസ് ഏഞ്ചല്‍സ് അസ്യൂള്‍സുമാണ് ഗായകര്‍.

ഡാഡി യാങ്കീയും ഷെന്‍സീയയും ചേര്‍ന്നൊരുക്കിയ ‘എക്കോ‘ സ്റ്റേഡിയങ്ങളില്‍ മുഴങ്ങുന്ന ആരാധകരുടെ ആര്‍പ്പുവിളികളെപ്പോലെ ലോകകപ്പിന്റെ ആവേശത്തെ സംഗീതസാന്ദ്രമാക്കുന്നു. ഫുട്ബോള്‍ ലോകത്തെ ഒിന്നിപ്പിക്കുന്നത് ശബ്ദമാണെന്ന ആശയം ഈ ഗാനത്തില്‍ പ്രതിഫലിക്കുന്നു.

പ്രത്യാശയുടെ വെളിച്ചം പകരുന്ന ഒരു ഗാനമാണ് ജെസ്സീ റെയേസും ഇല്യാനയും ചേര്‍ന്നൊരുക്കിയ ഇംഗ്ലീഷും അറബിക്കും ചേര്‍ന്ന ഇല്യൂമിനേറ്റ്. ഈ സംഗീതം ലോകകപ്പിന്റെ സാംസ്‌കാരിക വൈവിധ്യത്തെ അടയാളപ്പെടുത്തുന്നു.

സ്വപ്നങ്ങളെ പ്രകാശിപ്പിക്കുകയും മനുഷ്യരെ ഒന്നിപ്പിക്കുകയും ചെയ്യുന്ന സന്ദേശമാണ് ഇതിന്റെ ഹൃദയം. ലോകകപ്പിന്റെ യുവത്വവും ആഗോള സംഗീതവൈവിധ്യവും ആഘോഷിക്കു ഗാനമാണ് ‘ഗോള്‍സ്’. ലിസാ, അനിറ്റാ, രെമാ എന്നിവര്‍ ഒരുക്കിയ ഗാനം ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളുടെ സമന്വയത്തിലൂടെ ലോകത്തിന് ഒരേ താളം നല്‍കുന്നു.

ഓരോ ഗോളും ഒരു സ്വപ്നത്തിന്റെ പൂര്‍ത്തീകരണമാണെന്നതാണ് ഗാനത്തിന്റെ ആശയം. മത്സരത്തിന്റെ ആവേശവും സമ്മര്‍ദവും വിജയത്തിനായുള്ള പോരാട്ടവും സംഗീതമായി അവതരിപ്പിക്കുന്നതാണ് ഫ്യൂചറും ടൈലയും ഒരുക്കിയ ‘ഗെയിം ടൈം‘.

യുവ ഫുട്ബോള്‍ ആരാധകരുടെ ആവേശവും ഡിജിറ്റല്‍ തലമുറയുടെ ലോകകപ്പ് സ്നേഹവും പ്രതിഫലിപ്പിക്കു ഗാനമാണ് ഐ ഷോ സ്പീഡിന്റെ വേള്‍ഡ് കപ്പ് ചാമ്പ്യന്‍സ്. സാമൂഹിക മാധ്യമങ്ങളുടെ കാലഘട്ടത്തില്‍ ലോകകപ്പ് എങ്ങനെ പുതിയ തലമുറയെ സ്വാധീനിക്കുന്നു എതിന്റെ സംഗീതപ്രതിഫലനമായി ഈ ഗാനം മാറുന്നു.

ലോകകപ്പ് ഫാന്‍ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഗാനമായ ‘തുക്കോഹ് താക്ക‘ ആഘോഷവും നൃത്തവും വിനോദവും നിറഞ്ഞ ഒരു സംഗീതവിരുന്നാണ്. ഇംഗ്ലീഷ്, സ്പാനിഷ്, അറബിക് ഭാഷകളുടെ സംയോജനം ലോകകപ്പിന്റെ സാംസ്‌കാരിക വൈവിധ്യത്തെ മനോഹരമായി അവതരിപ്പിച്ചു. നിക്കി മിനാജ്, മാലുമ, മറിയം ഫാരസ് എിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

കളിക്കളത്തിലെ മാന്ത്രികത കൊണ്ട് മാത്രമല്ല, ഓരോ ലോകകപ്പും അതിന്റെ സ്വന്തം സംഗീത ശൈലിയും സംസ്‌കാരിക സ്വാധീനവും കൊണ്ടുകൂടിയാണ് ഓര്‍മിക്കപ്പെടുന്നത് എന്നത് പറയാതെ വയ്യ. ഫുട്‌ബോളും സംഗീതവും ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് സംസ്‌കാരിക ശക്തികളാണ്. ഇനി അവ രണ്ടും വേറിട്ട ലോകങ്ങളായി തോന്നിയാലും, പലപ്പോഴും തമ്മില്‍ ചേരുകയും പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്നു.

 

പുതിയ കാലത്തിലാകട്ടെ ആരാധകര്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സ്വന്തം ചാന്റുകളും റീമിക്‌സുകളും സൃഷ്ടിക്കുകയും കാല്‍പന്ത് കളിയുടെ ആരാധക സംസ്‌കാരത്തിലേക്ക് ജനകീയ സൃഷ്ടിപരത ഉള്‍ച്ചേര്‍ക്കുകയും ചെയ്യുന്നു.

 

Content Highlight: Gopakumar Pookkottur writes about World Cup songs

ഗോപകുമാര്‍ പൂക്കോട്ടൂര്‍
മീഡിയ & കമ്മ്യൂണിക്കേഷൻ, ഓഫീസർ , പ്രസ് ഇൻഫർമേഷൻ ബ്യൂറോ , ന്യൂദൽഹി