| Sunday, 3rd February 2019, 4:17 pm

ഗൂഗിള്‍ പ്ലസിനോട് ബൈ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:ഗൂഗിള്‍ പ്ലസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.ഏപ്രില്‍ രണ്ടോടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. ഇതോടെ ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടെ ഉപഭോക്തൃ അക്കൗണ്ടില്‍ നിന്ന് എല്ലാ ഉള്ളടക്കവും കമ്പനി നീക്കം ചെയ്യും. ഫെബ്രുവരി 4 മുതല്‍ പുതിയ അക്കൗണ്ടോ പേജുകളോ മുതലായവ ഉണ്ടാക്കാനും സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് അയച്ചുതുടങ്ങി.

“ഏപ്രില്‍ രണ്ട് മുതല്‍ നിങ്ങളുടെ ഗൂഗിള്‍ പ്ലസ് അക്കൗണ്ടും നിങ്ങള്‍ നിര്‍മിച്ച ഗൂഗിള്‍പ്ലസ് പേജുകളും പിന്‍വലിക്കപ്പെടും. അന്ന് മുതല്‍ തന്നെ ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം നീക്കം ചെയ്തു തുടങ്ങും. ഗൂഗിള്‍ പ്ലസില്‍ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങള്‍, വീഡിയോകള്‍, ആല്‍ബം ആര്‍ക്കൈവ്,ഗൂഗിള്‍ പ്ലസ് പേജുകള്‍ എല്ലാം നീക്കം ചെയ്യപ്പെടും. ഈ ഉള്ളടക്കങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് അവരുടെ ഡേറ്റ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഏപ്രിലിന് മുന്നില്‍ അവ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. അതേസമയം ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്ക് അപ്പ് ചെയ്ത ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്യപ്പെടില്ല.” ഗൂഗിള്‍ അറിയിച്ചു.

ALSO READ: ഊബര്‍ ടാക്‌സിക്കും ഈറ്റ്‌സിനും പിന്നാലെ ഊബര്‍ ബോട്ട് സര്‍വ്വീസുകളും

ഉപയോക്താക്കളുടെ കുറവാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. ഒപ്പം ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന ഉല്‍പ്പന്നമാക്കി നിലനിര്‍ത്തുന്നതില്‍ വെല്ലുവിളികളുള്ളതുകൊണ്ടുമാണ് ഈ തീരുമാനമെന്നും സന്ദേശത്തില്‍ ഗൂഗിള്‍ പറഞ്ഞു. ഒപ്പം പയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുന്‍ഗണന കൊടുക്കുന്നതുകൊണ്ടാണ് സേവനം അവസാനിപ്പിക്കുന്നതെന്നും ഗൂഗിള്‍ പറഞ്ഞു.

ഗൂഗിള്‍ പ്ലസിലെ ഉള്ളക്കങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് മാസങ്ങളെടുക്കും. അതുവരെ ഉള്ളക്കങ്ങള്‍ അവിടെതന്നെയുണ്ടാവും. അതായത് ഏപ്രില്‍ രണ്ടിന് ശേഷവും ഉപയോക്താക്കള്‍ക്ക് അവരുടെ ഗൂഗിള്‍ പ്ലസ് ഉള്ളടക്കങ്ങളുടെ ഭാഗങ്ങള്‍ ആക്റ്റിവിറ്റി ലോഗില്‍ കാണാന്‍ സാധിക്കും.
2011 ല്‍ എത്തിയ ഗുഗിള്‍ പ്ലസ് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ് പ്രവര്‍ത്തനം നിര്‍ത്താന്‍ പോകുന്നുവെന്ന് അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more