ന്യൂദല്‍ഹി: ബ്രാന്‍ഡ് നെയിമുകള്‍ പരസ്യ കീവേഡായി ലേലം വിളിക്കുന്നതിനെതിരെ ഗൂഗിളിന് പിഴ ചുമത്തി ദല്‍ഹി ഹൈക്കോടതി. 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. പ്രശസ്ത സാനിറ്ററിവെയര്‍ നിര്‍മാതാക്കളായ ‘ഹിന്‍ഡ്വെയര്‍’ നല്‍കിയ കേസിലാണ് കോടതി ഉത്തരവ്.
ജസ്റ്റിസ് മിനി പുഷ്‌കര്‍ണയുടെ ബെഞ്ചാണ് ഗൂഗിളിന് 30 ലക്ഷം രൂപ പിഴ വിധിച്ചത്.
തങ്ങളുടെ ഉടമസ്ഥതയിലല്ലാത്ത ഒരു ബ്രാന്‍ഡിന്റെ വിപണി മൂല്യവും ഉപഭോക്തൃ വിശ്വാസവും വിറ്റ് പണമുണ്ടാക്കാന്‍ ഗൂഗിളിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
ഇന്റര്‍നെറ്റില്‍ ഉപഭോക്താക്കള്‍ ‘ഹിന്‍ഡ് വെയര്‍’ എന്ന് തിരയുമ്പോള്‍, ഗൂഗിള്‍ മറ്റ് കമ്പനികളുടെ പരസ്യങ്ങള്‍ മുകളില്‍ കാണിക്കുകയും, ഇത് വഴി ഹിന്‍ഡ്‌വെയറിന്റെ ഉപഭോക്താക്കളെ തെറ്റായ വെബ്സൈറ്റുകളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. ഇത് തങ്ങളുടെ ബ്രാന്‍ഡിന്റെ മൂല്യത്തെയും വിശ്വസ്തതയെയും ബാധിച്ചുവെന്ന് ഹിന്ദ്വെയര്‍ വാദിച്ചു.
ഉപഭോക്താക്കള്‍ക്ക് ഈ കീവേഡുകള്‍ നേരിട്ട് കാണാന്‍ സാധിക്കില്ലെങ്കിലും ഒരു ബ്രാന്‍ഡിന്റെ പേര് ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കുന്നത് ട്രേഡ്മാര്‍ക്ക് ലംഘനമായി തന്നെ കണക്കാക്കാം എന്ന് കോടതി വ്യക്തമാക്കി.
തങ്ങള്‍ വെറുമൊരു ഇടനിലക്കാരന്‍ മാത്രമാണെന്ന ഗൂഗിളിന്റെ വാദം ദല്‍ഹി ഹൈക്കോടതി തള്ളുകയും ഗൂഗിള്‍ തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഈ കീവേഡുകള്‍ നിര്‍ദേശിക്കുകയും ലേലം വിളിക്കാന്‍ അനുവദിക്കുകയും അതുവഴി പണം സമ്പാദിക്കുകയും ചെയ്യുന്നതിനാല്‍ ഈ ലംഘനത്തില്‍ പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഹിന്‍ഡ് വെയറുമായി ബന്ധപ്പെട്ട പേരുകളോ അതിന്റെ വകഭേദങ്ങളോ പരസ്യങ്ങള്‍ക്കായുള്ള കീവേഡുകളായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഗൂഗിളിന് കോടതി സ്ഥിരമായ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ വിധി ഇന്ത്യയിലെ ഡിജിറ്റല്‍ പരസ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കും. നിലവില്‍ പല പ്രമുഖ ബ്രാന്‍ഡുകളും തങ്ങളുടെ പേര് എതിരാളികള്‍ സ്വന്തമാക്കാതിരിക്കാന്‍ ഗൂഗിളിന് വന്‍ തുക നല്‍കി സ്വന്തം പേര് തന്നെ ലേലം വിളിച്ച് വാങ്ങേണ്ട അവസ്ഥയിലായിരുന്നു. ഈ ചൂഷണത്തിന് പുതിയ വിധി തടയിടും.
Content Highlight: Google has no right to monetize others’ brand value; Delhi High Court imposes Rs 30 lakh fine in Hindware case
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.