ഗസയ്ക്കുള്ള സഹായവുമായി വീണ്ടും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല; 70 കപ്പലുകൾ ബാഴ്സലോണയിൽനിന്നും യാത്രതിരിച്ചു
World
ഗസയ്ക്കുള്ള സഹായവുമായി വീണ്ടും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല; 70 കപ്പലുകൾ ബാഴ്സലോണയിൽനിന്നും യാത്രതിരിച്ചു
മുഹമ്മദ് നബീല്‍
Monday, 13th April 2026, 7:45 am

ബാഴ്സലോണ: ഇസ്രഈലിന്റെ ഉപരോധത്തെ മറികടന്നും ഗസയ്ക്കുള്ള മാനുഷിക സഹായവുമായി വീണ്ടും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല.70 കപ്പലുകളുമായി സംഘം ഇന്നലെ (ഞായർ) യാത്രതിരിച്ചു.

70 ലധികം രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം പ്രവർത്തകർ ഉൾപ്പെടുന്ന കപ്പൽവ്യൂഹത്തിൽ ആയിരത്തോളം ആരോഗ്യ പ്രവർത്തകരും മനുഷ്യവകാശ പ്രവർത്തകരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘവുമുണ്ട്.

ഇസ്രഈൽ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഭക്ഷണത്തിനും മരുന്നിനും അടിസ്ഥാന സൗകര്യങ്ങൾക്കും കടുത്ത ക്ഷാമം നേരിടുന്ന ഗസയെ കൈപിടിച്ചുയർത്തലാണ് ഈ ദൗത്യം ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.

ഈ കപ്പലുകളിൽ സാങ്കേതിക സഹായങ്ങൾ നൽകുന്നതിന് ഗ്രീൻപീസ് സംഘടനയുടെ കപ്പലായ ആർട്ടിക് സൺറൈസും ഉൾപ്പെടുന്നു.

യാത്രയ്ക്കിടെ അടിയന്തര സേവനങ്ങളും സിവിലിയൻ സംരക്ഷണവും ഉറപ്പാക്കുന്നതിനായി ഓപ്പൺ ആംസ് നിയന്ത്രിക്കുന്ന ആംബുലൻസിന് സമാനമായ കപ്പലും ഇതിന്റെ ഭാഗമാണ്.

സംഘാടകരും പ്രവർത്തകരും പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ ബാഴ്സലോണ തുറമുഖത്ത് രണ്ടായിരത്തിലധികം ആളുകൾ ഒത്തുകൂടി.

ഫ്ലോട്ടില്ലയിലെ സഹായ ശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്കൂൾ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ബാഴ്സലോണയിലെ കുട്ടികൾ ഗാസയിലെ കുട്ടികൾക്കായി എഴുതിയ കത്തുകൾ എന്നിവ നിറച്ച ബാഗുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

‘ഗാസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയിൽ അന്താരാഷ്ട്ര സമൂഹം പുലർത്തുന്ന മൗനാനുവാദത്തെ അപലപിക്കുക, ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെടുക, കടൽ – കര മാർഗങ്ങളിലൂടെ ഒരു മാനുഷിക ഇടനാഴി തുറക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ,’ ഫ്ലോട്ടില്ല വക്താക്കളിലൊരാളായ പാബ്ലോ കാസ്റ്റില്ല പറഞ്ഞു.

മേഖലയിൽ വർദ്ധിച്ചുവരുന്ന മറ്റ് സംഘർഷങ്ങൾക്കിടയിൽ ഗസയിൽ ലോകത്തിന്റെ ശ്രദ്ധ കുറഞ്ഞുവരുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

അനുശോചനത്തിൽ നിന്ന് അതിജീവനത്തിലേക്കുള്ള (from grief to action) മാറ്റമാണ് ഈ യാത്ര അടയാളപ്പെടുത്തുന്നതെന്ന് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല സ്റ്റിയറിംഗ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള വിപുലമായ അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമാണ് ഈ ദൗത്യമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

ഒരു വർഷത്തിനിടെ ഇത് രണ്ടാംതവണയാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ഗസയിലേക്ക് മാനുഷിക സഹായവുമായിപോകുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വീഡിഷ് മനുഷ്യാവകാശ പ്രവർത്തക ഗ്രെറ്റ തുൻബെർഗ് ഉൾപ്പെടെയുള്ളവരുമായി പുറപ്പെട്ട കപ്പൽ ഇസ്രഈൽ സൈന്യം തടയുകയായിരുന്നു.

content Highlight: Global Sea Flotilla returns with aid to Gaza; 70 ships set sail from Barcelona

 

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം