മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകൻ കാളിദാസ് ജയറാമും 22 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ചഭിനയിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ഗ്ലിമ്‌സ് വീഡിയോ പുറത്തിറങ്ങി.
അരവിന്ദ് രാജേന്ദ്രനും ജൂഡ് ആൻ്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ‘ഒരു വടക്കൻ സെൽഫി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി. പ്രജിത് ആണ് ‘ആശകൾ ആയിരം’ സംവിധാനം ചെയ്യുന്നത്.
ജയറാം, കാളിദാസ് ജയറാം, Photo: YouTube/ Screen grab
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ ജൂഡ് ആൻ്റണി ജോസഫ് ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ചിത്രം ഫെബ്രുവരി 6ന് തീയേറ്ററുകളിലെത്തും.
ബാലതാരമായി ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ കാളിദാസ് ജയറാം, ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലും അച്ഛനൊപ്പം അഭിനയിച്ചിരുന്നു.
അച്ഛൻ മകൻ കൂട്ടുകെട്ടിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ കാളിദാസ് പിന്നീട് നായകവേഷങ്ങളിലേക്ക് കടന്നപ്പോഴും, ജയറാം–കാളിദാസ് കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ കാണണമെന്ന ആഗ്രഹം മലയാളി പ്രേക്ഷകർ എപ്പോഴും പങ്കുവച്ചിരുന്നു. ആ ആഗ്രഹം ‘ആശകൾ ആയിരം’ എന്ന ചിത്രത്തിലൂടെ യാഥാർത്ഥ്യമാകുകയാണ്.
ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം എന്നിവർക്കൊപ്പം ആശാ ശരത്, ഷറഫുദീൻ, ഇസ്ഹാനി കൃഷ്ണ, അഖിൽ എൻ.ആർ.ഡി, ആനന്ദ് മന്മഥൻ, രമേശ് പിഷാരടി, ദിലീപ് മേനോൻ, വൈശാഖ് വിജയൻ മുകുന്ദൻ, സിൻസ് ഷാൻ, കുഞ്ഞൻ, റാഫി, സുരേഷ് കുമാർ, ആനന്ദ് പത്മനാഭൻ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.