അദ്ദേഹത്തെ ഏകദിന സ്പെഷ്യലിസ്റ്റായി കാണുന്നത് നിര്‍ഭാഗ്യകരം: ഗ്ലെന്‍ മഗ്രാത്
Cricket
അദ്ദേഹത്തെ ഏകദിന സ്പെഷ്യലിസ്റ്റായി കാണുന്നത് നിര്‍ഭാഗ്യകരം: ഗ്ലെന്‍ മഗ്രാത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 31st October 2025, 10:35 pm

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്. ഒന്നാം നമ്പര്‍ താരമായി മഗ്രാത് തെരഞ്ഞെടുത്തത് സൂപ്പര്‍ താരം വിരാട് കോഹ്ലിയെയാണ്. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയെയും മുന്‍ പേസര്‍ തെരഞ്ഞെടുത്തു. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മൂന്നാം സ്ഥാനത്തും എം.എസ്. ധോണിയെ നാലാം സ്ഥാനത്തും യുവരാജ് സിങ്ങിനെ അഞ്ചാം സ്ഥാനത്തും മഗ്രാത് ഉള്‍പ്പെടുത്തി.

ഏകദിന ക്രിക്കറ്റില്‍ രോഹിത്തിന്റെ സ്റ്റാറ്റ്സും കളിക്കുന്ന രീതിയും അസാധാരണമാണെന്ന് മഗ്രാത് പറഞ്ഞു. രോഹിത് നേടിയ മൂന്ന് ഇരട്ട സെഞ്ച്വറികളും 264 എന്ന ഉയര്‍ന്ന സ്‌കോറും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കണക്കുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ഒന്നാം സ്ഥാനത്ത് വിരാട് കോഹ്ലിക്ക് അപ്പുറത്തേക്ക് ഒരു താരത്തെ നോക്കാന്‍ പ്രയാസമാണെന്നും മഗ്രാത് കൂട്ടിച്ചേര്‍ത്തു.

‘ഏകദിനത്തില്‍ രോഹിത് ശര്‍മ എന്റെ രണ്ടാം നമ്പര്‍ ബാറ്റ്സ്മാനാണ്. ഏകദിന ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ നമ്പറുകളും കളിക്കുന്ന രീതിയും അസാധാരണമാണ്. മൂന്ന് ഇരട്ട സെഞ്ച്വറികളും 264 എന്ന ഉയര്‍ന്ന സ്‌കോറും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്. 276 മത്സരത്തില്‍ നിന്ന് 11000ത്തിലധികം റണ്‍സിലൂടെയും അദ്ദേഹത്തിന്റെ സ്ഥിരത ശ്രദ്ധേയമാണ്.

ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയര്‍ കൂടുതല്‍ മികച്ചതാകേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ചിലപ്പോള്‍ ഒരു ഏകദിന സ്പെഷ്യലിസ്റ്റായി കാണുന്നത് അല്‍പം നിര്‍ഭാഗ്യകരമാണ്. പക്ഷേ, എനിക്ക് രണ്ടാം സ്ഥാനത്താണ് അദ്ദേഹം, ഒന്നാം സ്ഥാനത്ത് വിരാട് കോഹ്ലിക്ക് അപ്പുറത്തേക്ക് നോക്കാന്‍ പ്രയാസമാണ്. അദ്ദേഹം നേടിയ റണ്‍സ്, ശരാശരി, സ്‌ട്രൈക്ക് റേറ്റ് എന്നിവ നോക്കൂ, അത് അവിശ്വസനീയമാണ്,’ മഗ്രാത് പറഞ്ഞു.

ഏകദിനത്തില്‍ 276 മത്സരങ്ങളില്‍ നിന്ന് രോഹിത് 11370 റണ്‍സ് നേടിയിട്ടുണ്ട്. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 49.2 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.7 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 33 സെഞ്ച്വറികളാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 59 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

അതേസമയം ഏകദിനത്തില്‍ വിരാട് 305 മത്സരങ്ങളില്‍ നിന്ന് 14255 റണ്‍സാണ് നേടിയത്. 183 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 57.7 ആവറേജും 93.3 സ്‌ട്രൈക്ക് റേറ്റുമാണ് ഫോര്‍മാറ്റില്‍ വിരാടിനുള്ളത്. 51 സെഞ്ച്വറികളും 75 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

Content Highlight: Glenn McGrath Talking About Rohit Sharma