ഇംഗ്ലണ്ട് 5-0ന് ടെസ്റ്റ് പരമ്പര പരാജയപ്പെടും; ഞെട്ടിക്കുന്ന പ്രവചനവുമായി ഗ്ലെന്‍ മഗ്രാത്
Sports News
ഇംഗ്ലണ്ട് 5-0ന് ടെസ്റ്റ് പരമ്പര പരാജയപ്പെടും; ഞെട്ടിക്കുന്ന പ്രവചനവുമായി ഗ്ലെന്‍ മഗ്രാത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th August 2025, 9:47 pm

ഈ വര്‍ഷം നടക്കാനിരിക്കുന്ന ആഷസ് പരമ്പരയില്‍ ആതിഥേയരായ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 5-0ന് പരാജയപ്പെടുത്തുമെന്ന് ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ഇംഗ്ലണ്ട് ബുദ്ധിമുട്ടുമെന്നാണ് മഗ്രാത് വിലയിരുത്തുന്നത്.

‘വളരെ അപൂര്‍വമായി മാത്രമേ ഞാന്‍ ഇത്തരത്തിലുള്ള പ്രവചനങ്ങള്‍ നടത്താറുള്ളൂ, ശരിയല്ലേ? 5-0 എന്നല്ലാതെ മറ്റൊന്നും എനിക്ക് പ്രവചിക്കാന്‍ സാധിക്കില്ല,’ ബി.ബി.സി റേഡിയോയില്‍ മഗ്രാത് പറഞ്ഞു.

 

‘ഞങ്ങളുടെ ടീമില്‍ എനിക്ക് ഏറെ ആത്മവിശ്വാസമുണ്ട്. ഹോം കണ്ടീഷനില്‍ തീ തുപ്പുന്ന പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ടീമിനൊപ്പമുണ്ട്. അവരെ (ഇംഗ്ലണ്ട്) സംബന്ധിച്ച് ഇത് ഏറെ ബുദ്ധിമുട്ടായിരിക്കും. ഇവിടെ ഇംഗ്ലണ്ടിന്റെ ട്രാക്ക് റെക്കോഡും പരിശോധിക്കുമ്പോള്‍, അവര്‍ക്ക് ഒരു മത്സരം വിജയിക്കാന്‍ സാധിക്കുമോ എന്നാണ് ഞാന്‍ നോക്കുന്നത്,’ മഗ്രാത് പറഞ്ഞു.

ഒടുവില്‍ നടന്ന മൂന്ന് ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് ഇംഗ്ലീഷ് ആര്‍മി പരമ്പര അടിയറവ് വെച്ചത്. 2021/22ലും 2017/18ലും അഞ്ച് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ 4-0ന് സ്വന്തമാക്കിയപ്പോള്‍ 2013/14 സീസണില്‍ അഞ്ചില്‍ അഞ്ചും ടീം തോറ്റിരുന്നു.

ആഷസ് ട്രോഫിയുമായി പാറ്റ് കമ്മിന്‍സ്

 

എന്നാല്‍ ഇതിന് മുമ്പ് നടന്ന ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സന്ദര്‍ശകര്‍ ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. 3-1നാണ് അലസ്റ്റര്‍ കുക്കും ഓസ്‌ട്രേലിയ കീഴടക്കിയത്. 24 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ന് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.

അലസ്റ്റർ കുക്ക്

ഈ നേട്ടം ആവര്‍ത്തിക്കാന്‍ ഉറച്ചായിരിക്കും ബെന്‍ സ്റ്റോക്‌സും സംഘവും ഇത്തവണ ഓസ്‌ട്രേിലയന്‍ മണ്ണിലെത്തുക.

നവംബര്‍ 21നാണ് ആഷസ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

ആഷസ് 2025

ആദ്യ മത്സരം: നവംബര്‍ 21-25 – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്

രണ്ടാം മത്സരം: ഡിസംബര്‍ 4-8 – ദി ഗാബ

മൂന്നാം മത്സരം: ഡിസംബര്‍ 17-21, അഡ്ലെയ്ഡ് ഓവല്‍

ബോക്സിങ് ഡേ ടെസ്റ്റ്: ഡിസംബര്‍ 26-31, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്

അവസാന മത്സരം: ജനുവരി 4-8, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്

 

Content Highlight: Glenn McGrath predicts Australia will win Ashes 5-0