എല്ലാ സിനിമകളും വിജയിക്കണമെന്നില്ല, പരാജയപ്പെടാനും സാധ്യതയുണ്ട്, ബാക്കിയെല്ലാം പ്രേക്ഷകരുടെ കൈയിൽ: ഗിരീഷ് എ ഡി
നന്ദന. ടി
Tuesday, 25th August 2026, 11:23 am
പുതുതലമുറയുടെ ജീവിതം അവരുടെ ഭാഷയിൽ സ്‌ക്രീനിലെത്തിച്ച് സംവിധായകനാണ് ഗിരീഷ് എ.ഡി. പുതിയ മുഖങ്ങളെ അണിനിരത്തി സാധാരണക്കാരായ ചെറുപ്പക്കാരുടെ പ്രണയവും സൗഹൃദവും തമാശകളുമൊക്കെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ശൈലി തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്.
വലിയൊരു സ്റ്റാർ കാസ്റ്റുമായി കൂടുതൽ വലിയ ക്യാൻവാസിൽ ഗിരീഷ് എ.ഡി. ഒരുക്കിയ പുതിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം റിലീസ് ചെയ്ത് കേവലം മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 61.37 കോടിക്ക് മുകളിൽ കളക്ഷൻ നേടി വമ്പൻ മുന്നേറ്റം തുടരുകയാണ്.

ഗിരീഷ് എ ഡി. Photo. The New Indian Express
ഇപ്പോഴിതാ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഗിരീഷ് എ.ഡി.
പ്രേമലു എന്ന ചിത്രത്തിന്റെ വമ്പൻ ബോക്സ് ഓഫീസ് വിജയത്തിനു ശേഷം വീണ്ടും ഒരു റോം-കോം ചിത്രവുമായി വരുമ്പോൾ, ഒരു സംവിധായകൻ എന്ന നിലയിൽ മുന്നിലുണ്ടായിരുന്ന വെല്ലുവിളികൾ എന്തൊക്കെയായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രേമലുവിന് നല്ലൊരു വിജയം ലഭിച്ചതുകൊണ്ടുതന്നെ, പുതിയ ചിത്രത്തിന്റെ നിലവാരം അതിനേക്കാൾ താഴെ പോകരുത് എന്നൊരു ചിന്ത മനസിൽ ഉണ്ടായിരുന്നു. പ്രൊഡക്ഷൻ ടീമും കൂടെയുള്ളവരുമെല്ലാം വലിയ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നുണ്ടാകും. അത്തരം കാര്യങ്ങളൊക്കെ മുൻനിർത്തി തന്നെയാണ് ഞങ്ങൾ പ്രവർത്തിക്കാറുള്ളത്.
പക്ഷേ, നമ്മൾ ചെയ്യുന്ന സിനിമകളെല്ലാം വിജയിക്കണമെന്നില്ല. അടുത്ത പടം പരാജയപ്പെടാനും സാധ്യതയുണ്ട്. ഈ ഫീൽഡിന് അങ്ങനെ ഒരു പ്രശ്നം കൂടിയുണ്ട്, അതുകൊണ്ടുതന്നെ അതിനും നമ്മൾ തയ്യാറായിരിക്കണം. നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ വർക്ക് ചെയ്യുക എന്നതേ നമ്മുടെ കയ്യിലുള്ളൂ, ബാക്കിയൊക്കെ സിനിമ പുറത്തിറങ്ങുമ്പോൾ ആളുകൾ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും,’ ഗിരീഷ് എ.ഡി. പറഞ്ഞു.
പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങൾ ആളുകൾ താരതമ്യം ചെയ്യുമ്പോൾ സാമ്യതകൾ വരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു
പ്രേമലു അർബൻ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ടീനേജ് ഡ്രാമ ചിത്രമായിരുന്നു. എന്നാൽ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒരു നാടൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ്. അതുകൊണ്ടുതന്നെ പ്രേമലുവുമായി ഇതിന് യാതൊരു സാമ്യവും വരില്ല എന്ന് ഉറപ്പായിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രേമലു. District
പ്രേമലുവിനും മുന്നേ തന്നെ മനസിലുണ്ടായിരുന്ന ആശയമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. അതുകൊണ്ട് ഈ ചിത്രത്തിൽ മുൻ സിനിമകളുടെ റിപ്പീറ്റേഷൻ ഒഴിവാക്കാൻ പ്രത്യേകം ശ്രമിക്കേണ്ടി വന്നിട്ടില്ല. ചില അഭിനേതാക്കൾ രണ്ട് സിനിമകളിലും കോമൺ ആയി ഉണ്ടെന്നതൊഴിച്ചാൽ, ബെത്‌ലഹേം കുടുംബ യൂണിറ്റ് അതിന്റേതായ ശൈലിയിൽ ചെയ്ത സിനിമയാണ്,’ ഗിരീഷ് എ ഡി വ്യക്തമാക്കി.
Content Highlight: Girish A.D. talks about Premalu and Bethlahem Kudumba Unit