നിവിന്റെ കരച്ചിലിന് ഭയങ്കര ഫീലാണ്, എങ്ങനെ കരയണം എന്ന സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു: ബെത്‌ലഹേം വിശേഷങ്ങളുമായി ഗിരീഷ് എ.ഡി
Malayalam Cinema
നിവിന്റെ കരച്ചിലിന് ഭയങ്കര ഫീലാണ്, എങ്ങനെ കരയണം എന്ന സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു: ബെത്‌ലഹേം വിശേഷങ്ങളുമായി ഗിരീഷ് എ.ഡി
അജ്മല്‍ കെ
Thursday, 27th August 2026, 11:03 pm

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. പ്രണയത്തിനും നർമത്തിനുമൊപ്പം ചിത്രത്തിലെ വൈകാരിക രംഗങ്ങളും പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.

അത്തരത്തിൽ നിവിൻ പോളി കരയുന്ന ഒരു രംഗം എങ്ങനെ രൂപപ്പെട്ടുവെന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. ഷൂട്ടിങ് സമയത്ത് പ്രത്യേകിച്ച് വലിയ പ്ലാനിങ്ങൊന്നുമില്ലാതെ ചിത്രീകരിച്ച രംഗം എഡിറ്റിങ്ങിന് ശേഷം താൻ പോലും പ്രതീക്ഷിക്കാത്ത തരത്തിൽ മാറിയ അനുഭവത്തെ കുറിച്ച് ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo: IMDb

‘കരയണം, പുള്ളി കരയണം എന്നാണ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്. പക്ഷേ എങ്ങനെയാണ് കരയേണ്ടത് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ‘ ചേട്ടാ കരഞ്ഞാൽ പോരെ, ജസ്റ്റ് കരഞ്ഞാൽ പോരെ എന്നാണ് നിവിൻ ചോദിച്ചത്, കരയു നമുക്ക് നോക്കാം എന്നാണ് ഞാൻ പറഞ്ഞത്,’ ഗിരീഷ് പറഞ്ഞു.

തുടർന്ന് നിവിൻ സ്വന്തം രീതിയിൽ ആ രംഗം അവതരിപ്പിക്കുകയായിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോഴാണ് ആ പ്രകടനം എത്രത്തോളം നന്നായി വന്നിട്ടുണ്ടെന്ന് മനസിലായതെന്നും ഗിരീഷ് പറയുന്നു. ഷൂട്ടിംഗ് സമയത്ത് വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും എഡിറ്റിങ്ങിന് ശേഷമാണ് രംഗത്തിന്റെ യഥാർഥ ഇംപാക്ട് തിരിച്ചറിഞ്ഞതെന്നും സംവിധായകൻ വ്യക്തമാക്കി.

എഡിറ്റിൽ രംഗത്തിന് അനുയോജ്യമായ രീതിയിൽ പശ്ചാത്തല സംഗീതം ഉൾപ്പെടുത്തുകയും കഥാപാത്രങ്ങളെ ഫ്രെയിമിൽ വേർതിരിച്ച് കാണിക്കുകയും ചെയ്തതോടെ നിവിന്റെ കരച്ചിലിന് കൂടുതൽ വൈകാരികത ലഭിച്ചു. പ്രേക്ഷകർക്ക് കഥാപാത്രത്തോട് കൂടുതൽ അടുപ്പവും സഹാനുഭൂതിയും തോന്നുന്ന തരത്തിലാണ് രംഗം പിന്നീട് രൂപപ്പെട്ടതെന്നും ഗിരീഷ് പറഞ്ഞു.

‘എഡിറ്റ് ചെയ്ത് കഴിഞ്ഞ് ഇതിന് ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കൊക്കെ വെച്ച് നോക്കിയപ്പോഴാണ് സംഭവം മനസിലാകുന്നത്. ആ എഡിറ്റും ഫ്രെയിമും ഒക്കെ വന്നപ്പോൾ ഇവരെ രണ്ടുപേരെയും ഐസലേറ്റ് ചെയ്ത് വെച്ചത് നല്ല രസമായിരുന്നു. അത് കാണുമ്പോൾ പുള്ളിയുടെ കരച്ചിലിന് ഭയങ്കര ഫീൽ ആണ്,’ഗിരീഷ് പറഞ്ഞു.

ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു സീൻ എത്രത്തോളം പ്രേക്ഷകരിൽ വർക്ക് ചെയ്യുമെന്ന് എല്ലായ്പ്പോഴും മനസിലാക്കാൻ കഴിയില്ലെന്നതാണ് സിനിമയുടെ പ്രത്യേകതയെന്നും ഗിരീഷ് പറഞ്ഞു. ചില കോമഡി രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ തന്നെ അത് നന്നായി വർക്ക് ചെയ്യുമെന്ന് മനസിലാകാറുണ്ടെങ്കിലും വൈകാരികപാത്രമായ രംഗങ്ങളുടെ കാര്യത്തിൽ അങ്ങനെയല്ലെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.

നിവിൻ പോളി. മമിത ബൈജു. Photo: Mamitha baiju/ Nivin pauly/ Insagram

‘ഷൂട്ട് ചെയ്യുമ്പോൾ നമ്മൾ ഇതൊന്നും ഫീൽ ചെയ്യുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം. ഇതിന്റെ ഫീൽ ഉണ്ടോ ഇല്ലയോ എന്നുള്ളത് പിന്നീടാണ് അറിയാൻ പറ്റുന്നത്. നമ്മൾ ഷൂട്ട് ചെയ്യുമ്പോൾ ചില കോമഡികളൊക്കെ ചിലപ്പോൾ വർക്ക് ആകുമെന്ന് മനസിലാകും. പക്ഷേ ഇതിന്റെ ഫീൽ എങ്ങനെയാണെന്ന് അപ്പോൾ അറിയാൻ പറ്റില്ല,’ ഗിരീഷ് വ്യക്തമാക്കി.

ഒരു രംഗത്തിന്റെ ഷോട്ടുകൾ പല ദിവസങ്ങളിലായി ചിത്രീകരിക്കേണ്ടിവരുന്നതിനാൽ അതിന്റെ പൂർണമായ ഇംപാക്ട് സെറ്റിൽവെച്ച് തിരിച്ചറിയാൻ കഴിയാറില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. നിവിന്റെ ഈ രംഗവും മറ്റ് സീനുകൾ ചിത്രീകരിക്കുന്നതുപോലെ സ്വാഭാവികമായാണ് ഷൂട്ട് ചെയ്തതെന്നും ഗിരീഷ് പറഞ്ഞു.

നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഓണം റിലീസായി എത്തിയ ചിത്രം വെറും ആറ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ചിത്രത്തിലെ കോമഡിക്കും പ്രണയത്തിനുമൊപ്പം വൈകാരിക രംഗങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Girish A. D. talks about Nivin Pauly’s acting

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.