പുതുതലമുറയുടെ ജീവിതം അവരുടെ ഭാഷയിൽ സ്‌ക്രീനിലെത്തിച്ച സംവിധായകനാണ് ഗിരീഷ് എ.ഡി. പുതുമുഖങ്ങളെ അണിനിരത്തി സാധാരണക്കാരായ ചെറുപ്പക്കാരുടെ പ്രണയവും സൗഹൃദവും തമാശകളുമൊക്കെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ശൈലി തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്.
വലിയൊരു സ്റ്റാർ കാസ്റ്റുമായി കൂടുതൽ വലിയ ക്യാൻവാസിൽ ഗിരീഷ് എ.ഡി. ഒരുക്കിയ പുതിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം റിലീസ് ചെയ്ത് കേവലം ആറ് ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഇതോടെ മലയാളത്തിൽ നിന്ന് അതിവേഗം 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന റെക്കോഡും സ്വന്തമാക്കി.
ഇപ്പോഴിതാ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഗിരീഷ് എ.ഡി.
സിനിമകളിൽ പ്രേക്ഷകർക്ക് കണക്ട് ആകുന്ന തരത്തിലുള്ള ഹ്യൂമറുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നതിന് പിന്നിൽ പ്രത്യേക പ്ലാനിങ്ങുകൾ നടത്താറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ഗിരീഷ് എ.ഡി.
‘കോമഡി പടങ്ങൾ കാണാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ നമ്മൾ ചെയ്യുന്ന സിനിമകളിലും കോമഡി കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. പ്രേക്ഷകരിൽ ചിരിയുണർത്താൻ സാധിക്കുന്ന സിറ്റുവേഷനുകളിലൊക്കെ കോമഡി ഉൾപ്പെടുത്താറുണ്ട്.
അതിനുവേണ്ടി പ്രത്യേക ജഡ്ജ്‌മെന്റുകൾ ഒന്നും നടത്താറില്ല. നമ്മൾ വേറെ ആരുടെയെങ്കിലും അടുത്ത് പറയുമ്പോൾ അവർക്ക് ഒക്കെ ആണോ എന്ന് മാത്രമേ നോക്കാറുള്ളൂ. അതിൽ ചിലതൊക്കെ വർക്ക് ആവാറില്ല, കുറേയൊക്കെ വർക്ക് ആവുകയും ചെയ്യും,’ ഗിരീഷ് എ ഡി പറഞ്ഞു.
ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഉപയോഗിച്ചിട്ടുള്ള സിനിമാ-സോഷ്യൽ മീഡിയ റഫറൻസുകളും സ്പൂഫുകളും തിയേറ്ററുകളിൽ ഏറെ ചിരി ഉണർത്തിയവയായിരുന്നു. അതിനെക്കുറിച്ച് ഗിരീഷ് എ.ഡി. സംസാരിച്ചു.
‘സിനിമ കാണുന്ന ആർക്കെങ്കിലും ഒക്കെ കണക്ട് ആകട്ടെ എന്ന് വിചാരിച്ചാണ് അത്തരത്തിലുള്ള റഫറൻസുകളും സ്പൂഫ് കോമഡികളുമൊക്കെ ഉപയോഗിച്ചത്. അല്ലാതെ യങ്സ്റ്റേഴ്സിന് മാത്രം കണക്ട് ആകണം എന്ന് കരുതി എഴുതിയാൽ അത് ഭയങ്കര അബദ്ധമാകും. കോമഡിക്ക് ഇന്ന പ്രായത്തിലുള്ളവർ എന്നൊന്നുമില്ല. ചിലപ്പോൾ അറിയാത്തതുകൊണ്ട് കണക്ട് ആകാതെ പോകുന്നത് ഉണ്ടാകാം.
ഗിരീഷ് എ.ഡി. Photo. X.com
നമ്മൾ ഇപ്പോൾ സിനിമയിൽ ഉപയോഗിച്ച ട്രോൾ സാധനങ്ങളൊക്കെ അറിയുന്നവർക്ക് മനസിലാകട്ടെ എന്ന രീതിയിലാണ് അതൊക്കെ സിനിമയിൽ ഉൾപ്പെടുത്തിയത്. ജെൻസിക്കാർക്ക് തന്നെ ചിലപ്പോൾ സിനിമയിൽ ഉപയോഗിച്ച ചില റഫറൻസുകൾ കിട്ടണമെന്നില്ല,’ ഗിരീഷ് എ.ഡി. പറഞ്ഞു.