malayalam movie
എന്റെ സിനിമകളിലെ പ്രണയങ്ങളിൽ കണ്ടുവരുന്ന ആ തുടർച്ച തീർത്തും യാദൃച്ഛികമാണ്: ഗിരീഷ് എ.ഡി
നന്ദന. ടി
Saturday, 29th August 2026, 5:21 pm
പുതുതലമുറയുടെ ജീവിതം അവരുടെ ഭാഷയിൽ സ്‌ക്രീനിലെത്തിച്ച സംവിധായകനാണ് ഗിരീഷ് എ.ഡി. പുതുമുഖങ്ങളെ അണിനിരത്തി സാധാരണക്കാരായ ചെറുപ്പക്കാരുടെ പ്രണയവും സൗഹൃദവും തമാശകളുമൊക്കെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ശൈലി തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്.
വലിയൊരു സ്റ്റാർ കാസ്റ്റുമായി കൂടുതൽ വലിയ ക്യാൻവാസിൽ ഗിരീഷ് എ.ഡി. ഒരുക്കിയ പുതിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം റിലീസ് ചെയ്ത് കേവലം ആറ് ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്.
ഇതോടെ മലയാളത്തിൽ നിന്ന് അതിവേഗം 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന റെക്കോഡും സ്വന്തമാക്കി. ഇപ്പോഴിതാ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഗിരീഷ് എ.ഡി.

ഗിരീഷ് എ.ഡി. Photo. Screen grab/ Youtube
റോം-കോം ഴോണറിൽ തുടർച്ചയായി സിനിമകൾ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഗിരീഷ് എ.ഡി.
‘റോം-കോം ഴോണറിൽ ഇനിയും പറയാൻ പ്ലോട്ടുകൾ ഉണ്ട് എന്നത് കൊണ്ടാണ് അതിൽ സിനിമകൾ ചെയ്യുന്നത്. കാരണം റൊമാൻസ് ഒക്കെ പല രീതിയിൽ പറയാനുള്ള സാധ്യതകളുണ്ട്. കുറച്ചുകൂടി കഴിഞ്ഞ് ചിലപ്പോൾ അതിലും സ്റ്റോക്ക് ഒക്കെ തീർന്ന്, പുതിയതായി ഒന്നും പറയാനില്ലാത്തതായി തോന്നാം. ഇത്രയും കാലമായിട്ട് അങ്ങനെ തോന്നാത്തതുകൊണ്ടാണ് റൊമാൻസ് റിപ്പീറ്റ് ആയിട്ട് എന്റെ സിനിമകളിൽ വരുന്നത്,’ ഗിരീഷ് എ. ഡി പറഞ്ഞു.
സിനിമകളിലെ പ്രണയ ഘട്ടങ്ങൾ സ്കൂൾ, കോളേജ്, യങ് മോഡേൺ റൊമാൻസ് കടന്ന് ഇപ്പോൾ ഏജ്-ഗ്യാപ്പ് റൊമാൻസിലേക്ക് എത്തിനിൽക്കുകയാണ്. ഈ ടൈംലൈൻ ബോധപൂർവം കൊണ്ടുവരാൻ ശ്രമിച്ചതാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ഗിരീഷ് എ.ഡി. നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
‘അതൊക്കെ വളരെ യാദൃച്ഛികമായിട്ട് വന്നതാണ്. ഞാൻ ചെയ്ത പല സിനിമകളും വ്യത്യസ്ത ടൈംലൈനിൽ ചെയ്യാൻ ഉദ്ദേശിച്ചവയായിരുന്നു. പക്ഷേ അതൊക്കെ പല കാര്യങ്ങൾ കൊണ്ട് മാറി മാറി പോയതാണ്. എന്റെ ആദ്യ പടമായ തണ്ണീർമത്തൻ നടന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ ബെത്‌ലഹേം പോലുള്ള ഒരു പടമായിരിക്കും ആദ്യം വരാൻ സാധ്യതയുണ്ടായിരുന്നത്. അതുകൊണ്ട് ആ സീക്വൻസ് ഒക്കെ വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്,’ അദ്ദേഹം പറഞ്ഞു.
ഷോർട്ട് ഫിലിം സംവിധാനത്തിൽ നിന്നും ബെത്‌ലഹേം കുടുംബ യൂണിറ്റിൽ എത്തിനിൽക്കുമ്പോൾ ഗിരീഷ് എ.ഡി. എന്ന സംവിധായകനെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
‘ഓരോ പടം കഴിയുമ്പോഴും ഇംപ്രൂവ് ആയിട്ട് വരുന്നപോലെ തോന്നാറുണ്ട്. തണ്ണീർമത്തൻ എടുത്തത് രണ്ട് കോടിയിൽ താഴെ ബഡ്ജറ്റിലാണ്, ബെത്‌ലഹേം ഇരുപത്തഞ്ചു പ്ലസ് ബഡ്ജറ്റാണ്. അത്തരത്തിൽ മേലെ ക്യാൻവാസ് വലുതാക്കിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

ഗിരീഷ് എ.ഡി. Photo. Screen grab/ Youtube
എനിക്ക് ഒരു പടം കഴിഞ്ഞ് പെട്ടെന്ന് മറ്റൊരു വലിയ പടം ചെയ്യുക എന്നതൊക്കെ മാനസികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനുള്ള അവസരങ്ങളും എനിക്ക് വന്നിട്ടുണ്ടായിരുന്നു. തണ്ണീർമത്തൻ കഴിഞ്ഞ സമയത്ത് വലിയ അവസരങ്ങളൊക്കെ വന്നിരുന്നു, അന്ന് പക്ഷേ അത് വേണ്ട എന്ന് വെച്ചതാണ്,’ ഗിരീഷ് എ. ഡി പറഞ്ഞു.
Content Highlight: Gireesh AD talks about his film journey
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം