തിയേറ്ററിൽ എന്റെ സീൻ വന്നപ്പോൾ കണ്ണ് പൊത്തിയിരുന്നാണ് കണ്ടത്: ഗിരീഷ് എ.ഡി
malayalam movie
തിയേറ്ററിൽ എന്റെ സീൻ വന്നപ്പോൾ കണ്ണ് പൊത്തിയിരുന്നാണ് കണ്ടത്: ഗിരീഷ് എ.ഡി
നന്ദന. ടി
Sunday, 30th August 2026, 9:00 am

പുതുതലമുറയുടെ ജീവിതം അവരുടെ ഭാഷയിൽ സ്‌ക്രീനിലെത്തിച്ച സംവിധായകനാണ് ഗിരീഷ് എ.ഡി. പുതുമുഖങ്ങളെ അണിനിരത്തി സാധാരണക്കാരായ ചെറുപ്പക്കാരുടെ പ്രണയവും സൗഹൃദവും തമാശകളുമൊക്കെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ശൈലി തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്.

നിവിൻ പോളിയെയും മമിത ബൈജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വലിയ ക്യാൻവാസിൽ ഗിരീഷ് എ.ഡി. ഒരുക്കിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് റിലീസ് ചെയ്ത് കേവലം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 150 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്.

സംവിധാനത്തിന് പുറമെ തനിക്ക് അഭിനയവും മികച്ച രീതിയിൽ വഴങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു ചിദംബരത്തിന്റെ സംവിധാനത്തിൽ ഈ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ബാലൻ ദി ബോയ്’യിലെ എസ്.ഐ. ഫ്രാൻസിസ് ആയുള്ള ഗിരീഷ് എ.ഡി.യുടെ പ്രകടനം. ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയത്തിന് മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ലഭിച്ചത്.

ഇപ്പോഴിതാ ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയാനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗിരീഷ് എ.ഡി.

അഭിനയം ഒരു പാഷൻ അല്ലെങ്കിലും സുഹൃത്തുക്കളുടെ ഷോർട്ട് ഫിലിമുകളിലും മറ്റും അഭിനയിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഗിരീഷ് എ.ഡി. ബാലൻ ദി ബോയ് എന്ന സിനിമയുടെ സംവിധായകനടക്കമുള്ള അണിയറപ്രവർത്തകർ മികച്ചതായതുകൊണ്ടാണ് അങ്ങനെയൊരു അവസരം വന്നപ്പോൾ അത് ചെയ്യാൻ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗിരീഷ് എ.ഡി. Photo. Screen grab/ Youtube

‘ഞാൻ അത്രയ്ക്ക് ആക്ടിങ് പാഷനേറ്റ് അല്ല. പക്ഷെ എന്റെ ഫ്രണ്ട്സിന്റെ പരിപാടികളിലൊക്കെ തല കാണിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അങ്ങനെ കുറച്ച് ഷോർട്ട് ഫിലിംസിലും പിന്നെ പൂവൻ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

അങ്ങനെയിരിക്കുമ്പോഴാണ് വളരെ അപ്രതീക്ഷിതമായി ബാലൻ ദി ബോയ്യിലേക്ക് കോൾ വരുന്നത്. ഇവരുടെ പടം വരുന്നുണ്ട് എന്നൊക്കെ അറിയാമായിരുന്നു. ഒരു ദിവസം ഗണപതി വിളിച്ചിട്ട് ഒരു ചെറിയ റോളുണ്ടെന്ന് പറഞ്ഞു. സിനിമയുടെ ടീമൊക്കെ അടിപൊളിയല്ലേ, അതുകൊണ്ട് ചെയ്യാമെന്ന് വിചാരിച്ചു,’ ഗിരീഷ എ ഡി പറഞ്ഞു.

സിനിമയിൽ തന്റെ അഭിനയം മോശമാകുമോ എന്ന് പേടിയുണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ തിയേറ്ററിൽ തന്റെ സീൻ വരുമ്പോൾ കണ്ണ് പൊത്തിയാണ് സിനിമ കണ്ടതെന്നും ഗിരീഷ് എ.ഡി. പറയുന്നു. കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും തനിക്ക് കിട്ടിയ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗിരീഷ് എ.ഡി. ബാലൻ ദി ബോയ്. Photo. X.Com

‘സത്യം പറഞ്ഞാൽ അഭിനയിച്ച് കുളമാവുമോ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷെ അത്ര കുഴപ്പമില്ലായിരുന്നു എന്ന് തോന്നുന്നു. എങ്കിലും തിയേറ്ററിൽ പോയി പടം കണ്ടുകൊണ്ടിരിക്കുമ്പോൾ എന്റെ സീൻ വരുമ്പോൾ കണ്ണ് പൊത്തിയിരുന്നാണ് കണ്ടത്. ആ റോൾ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതിന് ചിദംബരത്തോടും ഗണപതിയോടുമാണ് നന്ദി പറയേണ്ടത്.

ഒരു ഡിഫറന്റ് കാസ്റ്റിങ് എന്ന രീതിയിലാണ് എന്നെ ആ റോളിലേക്ക് വിളിച്ചതെന്നാണ് ഗണപതി പറഞ്ഞത്. അതുകൊണ്ടുതന്നെ കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും ആ റോൾ നന്നായി ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു,’ ഗിരീഷ് എ.ഡി. പറഞ്ഞു.

Content Highlight: Gireesh AD talks about his acting experience in Balan The Boy Movie

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം