ആ ക്ലൈമാക്‌സ് സീനിനായി 11 ദിവസം അവിടെ കിടന്ന് ചക്രശ്വാസം എടുക്കേണ്ടി വന്നു: ഗിരീഷ് എ.ഡി
നന്ദന. ടി
Saturday, 29th August 2026, 10:04 pm
പുതുതലമുറയുടെ ജീവിതം അവരുടെ ഭാഷയിൽ സ്‌ക്രീനിലെത്തിച്ച സംവിധായകനാണ് ഗിരീഷ് എ.ഡി. പുതുമുഖങ്ങളെ അണിനിരത്തി സാധാരണക്കാരായ ചെറുപ്പക്കാരുടെ പ്രണയവും സൗഹൃദവും തമാശകളുമൊക്കെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ശൈലി തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്.
നിവിൻ പോളിയെയും മമിത ബൈജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വലിയ ക്യാൻവാസിൽ ഗിരീഷ് എ.ഡി. ഒരുക്കിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് റിലീസ് ചെയ്ത് കേവലം ആറ് ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്.

ഗിരീഷ് എ.ഡി. Photo. Screen grab/ Youtube
ഇതോടെ മലയാളത്തിൽ നിന്ന് അതിവേഗം 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന റെക്കോർഡും സിനിമ സ്വന്തമാക്കി. ഇപ്പോഴിതാ ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗിരീഷ് എ.ഡി.
തിയേറ്ററുകളിൽ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ക്ലൈമാക്‌സിൽ ഉപയോഗിച്ചിട്ടുള്ള, കന്നഡ സിനിമയായ കാന്താരയുടെ റഫറൻസ്. ചിത്രത്തിൽ അങ്ങനെയൊരു റഫറൻസ് ഉൾപ്പെടുത്തിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ.
‘കാന്താര റഫറൻസിനെക്കുറിച്ച് ആരാണ് പറഞ്ഞതെന്ന് എനിക്കിപ്പോൾ ശരിക്കും ഓർമയില്ല. ക്ലൈമാക്‌സിൽ ഒരു വയലെന്റ് സീനാണെന്ന് പറഞ്ഞപ്പോൾ എന്നാൽ കാന്താര തന്നെ പിടിക്കാം എന്ന് പറഞ്ഞു. എനിക്ക് തോന്നുന്നത് ശ്യാമേട്ടൻ ( നടൻ ശ്യാം മോഹൻ) തന്നെയാണ് അത് പറഞ്ഞത് എന്നാണ്. എന്തായാലും അത് ആ ഭാഗത്ത് ഉൾപ്പെടുത്തി.
പക്ഷേ അത്തരം ഒരു റഫറൻസ് വലിയ രീതിയിൽ സിനിമയിൽ ഉൾപ്പെടുത്താൻ പറ്റില്ലായിരുന്നു. കാരണം അത് സെൻസിറ്റീവ് ആയിപ്പോകുമോ എന്നൊക്കെ ചെറിയൊരു പേടിയുണ്ടായിരുന്നു. പക്ഷേ കുഴപ്പമൊന്നും ഉണ്ടായില്ല,’ ഗിരീഷ് എ.ഡി. പറഞ്ഞു.
പതിനൊന്ന് ദിവസങ്ങളിൽ രാത്രിയായി വളരെ കഷ്ടപ്പെട്ടാണ് ക്ലൈമാക്‌സ് സീൻ ഷൂട്ട് ചെയ്തതെന്നും ഗിരീഷ് എ.ഡി. ഓർത്തെടുക്കുന്നു.
‘ആ ക്ലൈമാക്‌സ് സീനൊക്കെ എടുക്കാൻ കുറച്ച് ബുദ്ധിമുട്ടിയിട്ടുണ്ടായിരുന്നു. കാരണം ഒന്നാമത് ആ സീനിലൊക്കെ ഒരു മുന്നൂറോളം ആൾക്കാരുണ്ടായിരുന്നു. പിന്നെ ചിത്രത്തിലെ എല്ലാ ആർട്ടിസ്റ്റുകളും അതിൽ ഉണ്ടായിരുന്നു. അതുപോലെ ആ സീൻ ചിത്രീകരിച്ച ഗ്രൗണ്ടൊക്കെ സെറ്റ് ചെയ്യാനും ബുദ്ധിമുട്ടായിരുന്നു.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. District
ഏകദേശം ഒരു പതിനൊന്ന് ദിവസത്തോളം അവിടെ കിടന്ന് ചക്രശ്വാസം എടുക്കേണ്ടി വന്നു. അടുപ്പിച്ചുള്ള പതിനൊന്ന് നെറ്റിന്റെ എഫർട്ട് ആണ് ആ ക്ലൈമാക്‌സ് സീൻ. അതിന്റെ ഇടയിൽ രണ്ട് ദിവസം മഴ പെയ്ത് രണ്ട് ലൈറ്റ് അടിച്ചുപോയി. അതുകൊണ്ട് ഇടയ്ക്കൊരു ബ്രേക്ക് കിട്ടിയിരുന്നു,’ ഗിരീഷ് എ.ഡി. പറഞ്ഞു.
Content Highlight: Gireesh A.D talks about Climax scene from Bethlehem kudumba unit