മരണ മാസ് കണ്ട ശേഷമാണ് സുരേഷ് കൃഷ്ണയെ ബെത്‌ലഹേമിലേക്ക് കാസ്റ്റ് ചെയ്തത്: ഗിരീഷ് എ.ഡി.
Malayalam Cinema
മരണ മാസ് കണ്ട ശേഷമാണ് സുരേഷ് കൃഷ്ണയെ ബെത്‌ലഹേമിലേക്ക് കാസ്റ്റ് ചെയ്തത്: ഗിരീഷ് എ.ഡി.
അജ്മല്‍ കെ
Friday, 28th August 2026, 9:18 am

‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ സുരേഷ് കൃഷ്ണയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിലെ അവിവാഹിതരായ സുഹൃത്തുക്കളുടെ കൂട്ടത്തിലെ മുതിർന്നയാളായാണ് സുരേഷ് കൃഷ്ണ എത്തുന്നത്. എന്നാൽ ഈ കഥാപാത്രത്തിലേക്ക് സുരേഷ് കൃഷ്ണയെ കാസ്റ്റ് ചെയ്യുന്നത് ആദ്യം മുതൽ മനസിലുണ്ടായിരുന്ന തീരുമാനമായിരുന്നില്ല. അദ്ദേഹത്തെ ചിത്രത്തിലേക്ക് പരിഗണിച്ചതിന് പിന്നിലെ കാരണവും ബെത്‌ലഹേം വിശേഷങ്ങളും പങ്കുവെക്കുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

‘ആദ്യം ഇവരുടെ ഗ്യാങ് എന്നുപറയുമ്പോൾ കല്യാണം കഴിക്കാത്ത കുറച്ച് ആൾക്കാരുടെ ഒരു കൂട്ടം എന്ന രീതിയിൽ തന്നെയായിരുന്നു ഒരുക്കിയിരുന്നത്. ആദ്യം ആലോചിക്കുമ്പോൾ കുറച്ചുപേർ ഉണ്ടായിരുന്നു. പിന്നെ അത് മൂന്ന് പേരാക്കി ചുരുക്കി. അതിൽ ഒരാൾ കുറച്ചുകൂടി പ്രായമുള്ള, ബാച്ചിലറായി തുടരുന്ന ഒരാളായിരുന്നു. സുരേഷ് കൃഷ്ണയുടെ കാസ്റ്റിങ് വരുന്നത് പിന്നീടാണ്. വേറെ ചിലരെയൊക്കെ അന്ന് ഞങ്ങൾ ആലോചിച്ചിരുന്നു. അവസാനം സുരേഷ് കൃഷ്ണയിലേക്കാണ് എത്തിയത്,’ഗിരീഷ് പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Screengrab/ Youtube.com

മറ്റു ചില താരങ്ങളെ പരിഗണിച്ച ശേഷമാണ് സുരേഷ് കൃഷ്ണയിലേക്ക് എത്തുന്നത്. ഇതിനിടെ സുരേഷ് കൃഷ്ണ ഹ്യൂമർ കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിത്തുടങ്ങിയിരുന്നു. ‘മരണ മാസ്’ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോഴാണ് ഈ കഥാപാത്രത്തിന് സുരേഷ് കൃഷ്ണ അനുയോജ്യനായിരിക്കുമെന്ന ചിന്ത ഉണ്ടായതെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.

‘മരണ മാസ് കണ്ടപ്പോൾ സുരേഷ് കൃഷ്ണ അതിൽ ഭയങ്കര രസമായി തോന്നി. അപ്പോഴാണ് സുരേഷ് കൃഷ്ണയെ കൊണ്ടുവന്നാൽ എങ്ങനെയിരിക്കും എന്ന ചിന്ത വന്നത്. അങ്ങനെ സുരേഷേട്ടനെ ഇതിലേക്ക് വിളിക്കുകയായിരുന്നു,’ ഗിരീഷ് പറഞ്ഞു.

ചിത്രത്തിന്റെ കഥയെക്കുറിച്ച് വലിയ വിശദാംശങ്ങളൊന്നും ആദ്യം സുരേഷ് കൃഷ്ണയോട് പറഞ്ഞിരുന്നില്ലെന്നും സംവിധായകൻ വ്യക്തമാക്കി. സിനിമയിലുടനീളം കഥാപാത്രത്തിന് പ്രാധാന്യമുള്ള ചില കാര്യങ്ങൾ ഉണ്ടാകുമെന്ന് മാത്രമാണ് ആദ്യം സൂചിപ്പിച്ചത്. കഥാപാത്രത്തിലൂടെ തനിക്ക് നന്നായി പെർഫോം ചെയ്യാനും തിളങ്ങാനും കഴിയുമെന്ന് സുരേഷ് കൃഷ്ണയ്ക്കും മനസിലായതോടെ അദ്ദേഹം ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു എന്നും ഗിരീഷ് പറഞ്ഞു.

എന്നാൽ അപ്പോഴേക്കും മറ്റൊരു സിനിമയിലും സുരേഷ് കൃഷ്ണയ്ക്ക് അഭിനയിക്കാനുണ്ടായിരുന്നു. രണ്ട് സിനിമകളും ഉപേക്ഷിക്കാൻ അദ്ദേഹത്തിന് താത്പര്യമില്ലാതിരുന്നതിനാൽ കാസ്റ്റിങ്ങിൽ ഒരു ഘട്ടത്തിൽ ആശയക്കുഴപ്പം ഉണ്ടായി. രണ്ടിൽ ഏതെങ്കിലും ഒരു സിനിമ തെരഞ്ഞെടുക്കേണ്ട സാഹചര്യം വന്നതോടെ താൻ തന്നെ സുരേഷ് കൃഷ്ണയോട് തീരുമാനമെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നും ഗിരീഷ് പറഞ്ഞു.

‘രണ്ടും വിടാൻ സുരേഷേട്ടന് താൽപര്യമില്ലായിരുന്നു. അപ്പോൾ ഞാൻ ഒരു ദിവസം ചേട്ടനോട് പറഞ്ഞു, ഇങ്ങനെ പോയാൽ ശരിയാവില്ല, ഒന്നുകിൽ ആ പടം പിടിക്കണം, അല്ലെങ്കിൽ ഈ പടം പിടിക്കണം, ഏതെങ്കിലും ഒന്ന് വിട്ടേ പറ്റൂ എന്ന്. അവസാനം ആ പടം വിടാം എന്ന് തീരുമാനമാവുകയായിരുന്നു,’ ഗിരീഷ് പറഞ്ഞു.

സുരേഷ് കൃഷ്ണ. Photo: Screengrab/ Youtube.com    

നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഓണം റിലീസായി എത്തിയ ചിത്രം ആറ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. കുടുംബപ്രേക്ഷകരെ ആകർഷിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് തുടരുന്നത്.

Content Highlight: Gireesh A.D talks about  Actor Suresh krishna

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.