ഈ റൂട്ടില്‍ എത്ര ബസ് ഓടിയാലും മടുക്കില്ല, സത്യന്‍ അന്തിക്കാടിന് ശേഷം ടെംപ്ലേറ്റ് സിനിമകളിലൂടെ ബ്രാന്‍ഡായ ഗിരീഷ് എ.ഡി
Malayalam Cinema
ഈ റൂട്ടില്‍ എത്ര ബസ് ഓടിയാലും മടുക്കില്ല, സത്യന്‍ അന്തിക്കാടിന് ശേഷം ടെംപ്ലേറ്റ് സിനിമകളിലൂടെ ബ്രാന്‍ഡായ ഗിരീഷ് എ.ഡി
അമര്‍നാഥ് എം.
Tuesday, 25th August 2026, 10:04 am

ഓരോ സംവിധായകര്‍ക്കും അവരുടേതായിട്ടുള്ള സ്‌ട്രോങ് സോണ്‍ ഉണ്ടാകും. അവിടെ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് അവര്‍ തെളിയിച്ചിട്ടുമുണ്ട്. മാസ് ആക്ഷന്‍ ഡ്രാമയില്‍ ജോഷി, ഫയര്‍ബ്രാന്‍ഡ് ആക്ഷന്‍ ത്രില്ലറുകളില്‍ ഷാജി കൈലാസും ഒരുകാലത്ത് തിളങ്ങി നിന്നവരായിരുന്നു. എന്നാല്‍ ഒരു കാലഘട്ടത്തിന് ശേഷം ഇരുവര്‍ക്കും സ്വന്തം ഴോണറില്‍ തിളങ്ങാന്‍ സാധിക്കാതെ പോയി.

എന്നാല്‍ ഈയൊരു അവസ്ഥ നേരിടേണ്ടി വരാത്ത സംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. ഫാമിലി ഡ്രാമ സിനിമകളിലൂടെയാണ് സത്യന്‍ അന്തിക്കാട് പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയത്. കാലങ്ങള്‍ക്കിപ്പുറവും സത്യന്‍ അന്തിക്കാട് തന്റെ ട്രാക്ക് മാറ്റിയിട്ടില്ല. മുന്നേ വന്നവരും ഒപ്പം വന്നവരും ഫീല്‍ഡൗട്ടായപ്പോള്‍ സത്യന്‍ അന്തിക്കാട് ഒരിക്കലും തന്റെ ശൈലി മാറ്റിയിട്ടില്ല.

ഒരേ റൂട്ടിലോടുന്ന ബസ് എന്നാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിക്കുന്നത്. ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വത്തില്‍ വരെ അന്തിക്കാടന്‍ ടച്ച് കാണാന്‍ സാധിക്കും. സത്യന്‍ അന്തിക്കാടിന് ശേഷം ഒരേ ശൈലിയിലൂടെ പ്രേക്ഷകപ്രീതി നേടുന്ന സംവിധായകനാണ് ഗിരീഷ് എ.ഡി.

ചെയ്ത നാല് സിനിമകളും ഹിറ്റാക്കിയ ഗിരീഷിന്റെ ഏറ്റവും പുതിയ ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റും ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രം ഇതിനോടകം 70 കോടിക്കടുത്ത് സ്വന്തമാക്കിക്കഴിഞ്ഞു. അങ്കമാലി കറുകുറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ കഥ.

ഗിരീഷ് എ.ഡി സിനിമകളില്‍ സ്ഥിരം കാണാറുള്ള നായകന്റെ പ്രണയം, അതിനിടയില്‍ വരുന്ന പ്രശ്‌നങ്ങള്‍, അവിടവിടായുള്ള സിനിമാ റഫറന്‍സുകള്‍ എന്നീ എലമെന്റുകള്‍ ബെത്‌ലഹേം കുടുംബ യൂണിറ്റിലും കാണാന്‍ സാധിക്കും. ആദ്യ ചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുതല്‍ ഈയൊരു ശൈലി അദ്ദേഹം പിന്തുടരുന്നുണ്ട്.

സൂപ്പര്‍ ശരണ്യയിലേക്ക് നോക്കിയാല്‍ നായികയുടെ കോളേജ് ഹോസ്റ്റലും അവിടുത്തെ ജീവിതവും കാണിച്ച് തുടങ്ങുന്ന സിനിമ രണ്ടാം പകുതിയില്‍ പ്രണയത്തിലേക്ക് കടക്കുന്നു. ഇടയ്ക്ക് ഈ പ്രണയത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ വരികയും ക്ലൈമാക്‌സില്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്ന് ഇരുവരും ഒന്നിക്കുകയും ചെയ്യുകയാണ്.

പ്രേമലുവിലും കഥ വ്യത്യസ്തമല്ല. ഹൈദരബാദിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പഠിത്തം കഴിഞ്ഞ ശേഷമുള്ള പ്രണയമാണ് പറയുന്നത്. വണ്‍ സൈഡ് ലവ്, നായികയുമായി ചെറിയ പിണക്കം, ഒടുവില്‍ ശുഭപര്യവസായിയായ ക്ലൈമാക്‌സും. ഇതിനിടയിലെ വണ്‍ലൈന്‍ കൗണ്ടറും സോഷ്യല്‍ മീഡിയ റഫറന്‍സും ചിത്രത്തെ കൂടുതല്‍ ഗംഭീരമാക്കുന്നുണ്ട്.

ബെത്‌ലഹേമിലേക്കെത്തുമ്പോള്‍ ഏജ് ഗ്യാപ്പുള്ള നായകന്റെയും നായികയും ലവ് സ്റ്റോറിയാണെന്ന വ്യത്യാസമേയുള്ളൂ. ബാക്കിയെല്ലാം പഴയതുപോലെ തന്നെ. എന്നാല്‍ ഈ ടെംപ്ലേറ്റിനെ ഓരോ തവണയും ഉപയോഗിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മടുപ്പ് തോന്നിക്കാതിരിക്കുന്ന കാര്യത്തില്‍ ഗിരീഷ് എ.ഡി പുലിയാണ്. അതുകൊണ്ടുതന്നെ ഈ റൂട്ടില്‍ ഇതുപോലെ എത്ര ബസ് ഓടിയാലും ഒരു കുഴപ്പവുമില്ല. റോം കോം ഴോണറില്‍ ഗിരീഷിനെ വെല്ലാന്‍ ആരുമില്ല.

Content Highlight: Gireesh A D’s filmography is similar to Santhyan Anthikkad

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം