യെന്റെ മോനേ... എന്താ ഒരു ആവേശം; കോഹ്‌ലിക്ക് കൈകൊടുക്കുമ്പോഴുള്ള ഗില്‍ക്രിസ്റ്റിന്റെ ആവേശം നോക്കണേ... വീഡിയോ
Sports News
യെന്റെ മോനേ... എന്താ ഒരു ആവേശം; കോഹ്‌ലിക്ക് കൈകൊടുക്കുമ്പോഴുള്ള ഗില്‍ക്രിസ്റ്റിന്റെ ആവേശം നോക്കണേ... വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th October 2022, 7:09 pm

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ക്രിക്കറ്റ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പ് ഗില്‍ക്രിസ്റ്റ് കോഹ്‌ലിയെ അഭിനന്ദിക്കുന്ന വീഡിയോ ആണ് വിരാട് ആരാധകര്‍ ആഘോഷമാക്കുന്നത്.

പാകിസ്ഥാനെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് ഗില്‍ക്രിസ്റ്റിനെ ആവേശത്തിലാഴ്ത്തിയത്. ഇതിന് പിന്നാലെയാണ് ഗില്ലി വിരാടിനെ ഹൈപ്പര്‍ എക്‌സൈറ്റഡ് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി അഭിനന്ദിക്കുന്നത്.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പ് വിരാട് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്‌നുമായി സംസാരിക്കുകയായിരുന്നു. ഇവര്‍ക്കിടയിലേക്ക് കടന്നുവന്ന ഗില്‍ക്രിസ്റ്റ് വിരാടിന്റെ കൈ പിടിച്ച് ശക്തിയായി കുലുക്കുകയും തോളില്‍ തട്ടി അഭിനന്ദിക്കുകയുമായിരുന്നു.

ഈ വീഡിയോ ആണിപ്പോള്‍ വിരാട് ആരാധകര്‍ തരംഗമാക്കുന്നത്.

പാകിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റു എന്നുറപ്പിച്ചിടത്ത് നിന്നുമാണ് ഇന്ത്യ വിജയത്തിലേക്ക് പറന്നുകയറിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒരുഘട്ടത്തില്‍ 34ന് നാല് എന്ന അവസ്ഥയില്‍ ഉഴറുകയായിരുന്നു.

എന്നാല്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തിയ വിരാട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇവര്‍ പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്.

ടി-20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വിരാട് തന്റെ ക്ലാസ് പുറത്തെടുത്തിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ വിരാട്, ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡും സ്വന്തമാക്കി.

ഇതേ ഫോമില്‍ തന്നെ കളി തുടരുകയാണെങ്കില്‍ ഒന്നാം സ്ഥാനത്തുള്ള ക്രിക്കറ്റ് ഇതിഹാസവും മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനുമായ മഹേല ജയവര്‍ധനെയെയും എളുപ്പം മറികടക്കാന്‍ സാധിക്കും.

 

 

ഒക്ടോബര്‍ 30നാണ് ഇന്ത്യയുടെ അടുത്ത മത്രം. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

Content highlight: Gilchrist’s hyper excited shake hand to Virat Kohli goes viral