ലോക്ക്ഡൗണ്‍ കാലത്ത് കേരള പൊലീസ് തങ്ങളുടെ യൂട്യൂബ് ചാനലില്‍ ഒരു പരിപാടി തുടങ്ങുന്നു. പി.സി കുട്ടന്‍പിള്ള സീരീസ്. ഓണ്‍ലൈനിലെ രസകരമായ വീഡിയോകളെ റോസ്റ്റ് ചെയ്യുന്ന കുട്ടന്‍പിള്ള സാറിന്റെ എപ്പിസോഡുകള്‍ വളരെ വേഗത്തില്‍ വൈറലായി. മൂന്ന് എപ്പിസോഡുകള്‍ക്ക് ശേഷം പിന്നെ കുട്ടന്‍പിള്ള സാറിനെ കാണാതായി.
അന്ന് റോസ്റ്റ് വീഡിയോകള്‍ അവതരിപ്പിച്ച പൊലീസുകാരനെ പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ കാണാന്‍ സാധിച്ചു. സെക്യൂരിറ്റി, പൊലീസുകാരന്‍, കമ്മിറ്റി മെമ്പര്‍ എന്നിങ്ങനെ ചെറിയ വേഷങ്ങളിലായിരുന്നു അയാളെ കണ്ടിരുന്നത്. പേരറിയാത്ത ഏതോ ഒരു നടനെന്ന് പലരും കരുതിയ ആ പൊലീസുകാരന്‍ ഇന്ന് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയമാണ്.
പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേ കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം ആദ്യം തിരഞ്ഞത് സിനിമയുടെ കാസ്റ്റ് ലിസ്റ്റാണ്. പ്രണവിനൊപ്പം സിനിമയില്‍ ആദ്യാവസാനം നിറഞ്ഞുനിന്ന മധുസൂദനന്‍ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആരാണെന്ന് പലരും അന്വേഷിച്ചു. ജിബിന്‍ ഗോപിനാഥെന്ന പൊലീസുകാരനാണ് ആ കഥാപാത്രമായി സിനിമയില്‍ നിറഞ്ഞുനിന്നത്.
ഹൊറര്‍ സിനിമകളില്‍ കാലങ്ങളായി നമ്പൂതിരി കഥാപാത്രങ്ങളെ അവതരിപ്പിച്ചതില്‍ നിന്ന് മാറിയാണ് രാഹുല്‍ സദാശിവന്‍ ഈ സിനിമയില്‍ മധുസൂദനന്‍ പോറ്റിയെ കാണിച്ചിരിക്കുന്നത്. ഫുള്‍ ടൈം ഭസ്മവും കുറിയും വാരിപ്പൂശി വെറ്റിലയും മുറുക്കി നടക്കുന്ന ‘സോ കോള്‍ഡ് ആവാഹന നമ്പൂതിരി’മാരില്‍ നിന്ന് വ്യത്യസ്തമാണ് മധുസൂദനന്‍ പോറ്റി.
പാരമ്പര്യ ജോലിയോട് അയാള്‍ക്ക് താത്പര്യമില്ല. ബില്‍ഡിങ് കോണ്‍ട്രാക്ടുകള്‍ എല്ലാം ഏറ്റെടുത്ത് ചെയ്യുന്ന ‘പ്രാക്ടിക്കലായി’ ജീവിക്കുന്ന മധുസൂദനന് അച്ഛന്റെ ചില കഴിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സിനിമയുടെ പലയിടത്തായി കാണിക്കുന്നുണ്ട്. എന്നാല്‍ അത് ഒരു ജോലിയായി അയാള്‍ ഏറ്റെടുക്കുന്നുമില്ല. വളരെ വ്യത്യസ്തമായ ഈ കഥാപാത്രം ജിബിനില്‍ ഭദ്രമായിരുന്നു.
ഒരുപാട് അഭിനയ മുഹൂര്‍ത്തങ്ങളുള്ള, കൈവിട്ടുപോയാല്‍ പാളുന്ന കഥാപാത്രം കൈയടക്കത്തോടെ ജിബിന്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ രംഗം മുതല്ക്ക് തന്നെ ആ കഥാപാത്രത്തിന്റെ പെരുമാറ്റം പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. ഇടവേളക്ക് ശേഷമുള്ള ഒരു സീനില്‍ ജിബിന്റെ ഒറ്റക്കുള്ള പെര്‍ഫോമന്‍സ് അതിഗംഭീരമെന്നേ പറയാനുള്ളൂ.
കാണുന്ന പ്രേക്ഷകര്‍ക്കും കഥാപാത്രത്തിന്റെ ഭയം കൃത്യമായി അനുഭവിപ്പിക്കുന്നതില്‍ ജിബിന്‍ വിജയിച്ചെന്ന് തന്നെ പറയാം. രണ്ട് വലിയ നടന്മാര്‍ക്ക് വെച്ചിരുന്ന വേഷമാണ് തന്നിലേക്ക് വന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജിബിന്‍ പറഞ്ഞിരുന്നു. സംവിധായകന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം ഒട്ടും തെറ്റിച്ചിട്ടില്ലെന്ന് സിനിമ കണ്ട ഓരോ പ്രേക്ഷകരും അടിവരയിട്ട് പറയുന്നു.
മധുസൂദനന്‍ പോറ്റി വെറും സാമ്പിള്‍ മാത്രമാകും. ഇതിനെക്കാള്‍ ഗംഭീരമായ വേഷങ്ങള്‍ ഇനിയും ജിബിനെ തേടിയെത്തും. സത്യന്‍, ഭീമന്‍ രഘു, അബു സലിം എന്നിവര്‍ക്ക് ശേഷം പൊലീസ് ജോലിയില്‍ നിന്ന് സിനിമാലോകത്തെത്തി സജീവമായ നടന്മാരുടെ ലിസ്റ്റില്‍ ജിബിന്റെ പേരും എഴുതിച്ചേര്‍ക്കാം. കാക്കിക്കുള്ളിലെ കിടിലന്‍ പെര്‍ഫോമര്‍ തന്നെയാണ് ഇദ്ദേഹം.
Content Highlight: Gibin Gopinath’s performance in Dies Irae movie