റൊണാള്‍ഡോയുടെ പെനാല്‍ട്ടി ഗോള്‍ റഫറിയുടെ ഗിഫ്റ്റ്, എന്തുകൊണ്ട് വാര്‍ ഉപയോഗിച്ചില്ല; വിമര്‍ശനവുമായി ഘാന കോച്ച്
Football
റൊണാള്‍ഡോയുടെ പെനാല്‍ട്ടി ഗോള്‍ റഫറിയുടെ ഗിഫ്റ്റ്, എന്തുകൊണ്ട് വാര്‍ ഉപയോഗിച്ചില്ല; വിമര്‍ശനവുമായി ഘാന കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th November 2022, 1:34 pm

ഖത്തര്‍ ലോകകപ്പില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഘാനയെ പരാജയപ്പെടുത്തിയത്. പെനാള്‍ട്ടിയിലൂടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു പൊര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയിരുന്നത്. എന്നാല്‍ റഫറി പെനാള്‍ട്ടി അനുവദിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പറയുകയാണ് ഘാന പരിശീലകന്‍ ഓട്ടോ അഡോ.

‘അത് ഫൗളായിരുന്നില്ല. പന്ത് നേടിയെടുക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ കളിച്ചത്. എന്തുകൊണ്ട് അവിടെ വാര്‍ ഉപയോഗിച്ചില്ലെന്നത് അറിയില്ല. അതിനൊരു വിശദീകരണമില്ല.

ശരിക്ക് അത് ഞങ്ങള്‍ക്കെതിരായ ഫൗളായിരുന്നു. ഗോളടിച്ചെങ്കില്‍ അവര്‍ക്ക്(പോര്‍ച്ചുഗലിന്) അഭിനന്ദനങ്ങള്‍. പക്ഷേ, അതൊരു സമ്മാനമായിരുന്നു. ഞാന്‍ റഫറിയോട് ഇക്കാര്യം സംസാരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല,’ ഓട്ടോ അഡോ പറഞ്ഞു.

അതേസമയം, മത്സരത്തിന്റെ 65ാം മിനിട്ടിലൂടെയായിരുന്നു റൊണാള്‍ഡോ ഗോള്‍ നേടിയത്. പിന്നാലെ അടിയും തിരിച്ചടിയുമായി മത്സരം കൊഴുക്കുകയായിരുന്നു. പെനാല്‍ട്ടിക്ക് മറുപടിയായി അധികം വൈകാതെ തന്നെ ഘാനെയുടെ ആന്ദ്രേ അയൂ തിരിച്ചടിക്കുകയായിരുന്നു.

അതിനിടെ, ഘാനക്കെതിരായ ഗോളോടെ തുടര്‍ച്ചയായ അഞ്ച് ഫുട്ബോള്‍ ലോകകപ്പുകളില്‍ ഗോള്‍ നേടിയ ആദ്യ പുരുഷ താരം എന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.

2006ല്‍ ഇറാനെതിരെ തുടങ്ങിയ ഗോള്‍ വേട്ട ഖത്തറിലും തുടരുകയാണ് റൊണാള്‍ഡോ. ഇതിന് മുമ്പ് വനിതാ ലോകകപ്പില്‍ ബ്രസീല്‍ താരം മാര്‍ത്ത, കനേഡിയന്‍ താരം ക്രിസ്റ്റീന്‍ സിംഗ്ലര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.