ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോളൂ; മിന്നല്‍ പരിശോധനയ്‌ക്കെത്തിയ ഗതാഗത മന്ത്രിയെ ബസില്‍ നിന്ന് ഇറക്കിവിട്ടു: കര്‍ണാടകയില്‍ ബസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
ബെംഗളൂരൂ: കര്‍ണാടക ഗതാഗത മന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍. പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ച് നേരിട്ട് മനസിലാക്കാന്‍ രഹസ്യ പരിശോധനയ്‌ക്കെത്തിയതായിരുന്നു മന്ത്രി ബൈരാതി സുരേഷ്.
ടിക്കറ്റ് എടുത്തപ്പോള്‍ ചില്ലറയില്ലെന്ന് പറഞ്ഞതോടെയായിരുന്നു കണ്ടക്ടര്‍ ഇറങ്ങി പോവാന്‍ ആവശ്യപ്പെട്ടത്. മാസ്‌ക്ക് ധരിച്ചതിനാല്‍ കണ്ടക്ടര്‍ക്ക് മന്ത്രിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. രണ്ട് ടിക്കറ്റെടുത്ത മന്ത്രി നൂറ് രൂപ കൊടുത്തതും കണ്ടക്ടര്‍ ചില്ലറ ആവശ്യപ്പെട്ടു. ഇല്ലെന്ന് അറിയിച്ചതോടെ തന്റെ കൈയിലും ഇല്ലെന്ന് പറഞ്ഞ് ബാഗ് തുറന്ന് കാട്ടുകയും ചില്ലറയില്ലെങ്കില്‍ ഇറങ്ങിപോവാന്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഉടന്‍ തന്നെ ഇറങ്ങുകയും ചെയ്തു.
ശനിയാഴ്ച രാത്രി 7.10 മുതല്‍ 9.10 വരെയുള്ള സമയത്താണ് മന്ത്രി ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളില്‍ പൊതുഗതാഗതത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ യാത്ര ചെയ്തത്. ജയമഹല്‍, ടി.വി ടവര്‍, ആര്‍.ടി നഗര്‍, സി.ബി.ഐ റോഡ്, ഹെബ്ബാള്‍, മാന്യത ടെക് പാര്‍ക്ക്, നാഗവാര, ഹെന്നൂര്‍, ഹെന്നൂര്‍ ബന്ദെ, ബൈരതി ബന്ദെ, ഗെദ്ദലഹള്ളി എന്നീ റൂട്ടുകളിലൂടെയാണ് മന്ത്രി ബസ് മാര്‍ഗം യാത്ര നടത്തിയത്. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഡ്രൈവറെയും കണ്ടക്ടറെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
ബസില്‍ കൂടാതെ മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തിരുന്നു. മീറ്ററില്‍ 30 രൂപ കാണിച്ചിട്ടും ഡ്രൈവര്‍ 36 രൂപ ആവശ്യപ്പെടുകയായിരുന്നു. അത് ചോദ്യം ചെയ്തതോടെ മീറ്റര്‍ പിന്നീട് ശെരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഇതോടെ 40 രൂപ കൊടുത്ത് മന്ത്രി പോവുകയായിരുന്നു.
സാധാരണക്കാരായ ജനങ്ങള്‍ നഗരത്തില്‍ പ്രതിദിനം നേരിടുന്ന ചൂഷണങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ കര്‍ശന നടപടികളിലേക്ക് കടക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
Content Highlight: “Get off if you don’t have small change”: Transport Minister, who arrived for a surprise inspection, was made to get off the bus; bus staff suspended in Karnataka.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.