ഇസ്രഈലിനെ അംഗീകരിക്കാത്തത് ക്രിമിനല്‍ കുറ്റമാക്കാന്‍ നീക്കവുമായി ഫലസ്തീനെ അംഗീകരിക്കാത്ത ജര്‍മനി
Trending
ഇസ്രഈലിനെ അംഗീകരിക്കാത്തത് ക്രിമിനല്‍ കുറ്റമാക്കാന്‍ നീക്കവുമായി ഫലസ്തീനെ അംഗീകരിക്കാത്ത ജര്‍മനി
റെന്വര്‍ പി
Sunday, 12th July 2026, 1:51 pm

ബെര്‍ലിന്‍: ഇസ്രഈലിന്റെ നിലനില്‍പിനെ നിഷേധിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന നിയമ നിര്‍മാണവുമായി ജര്‍മനി. ഇസ്രഈലിനെ നിഷേധിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലുള്ളതാണ് ജര്‍മനിയുടെ നിയമനിര്‍മാണമെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ ഫെഡറല്‍ കൗണ്‍സില്‍ ഈ നിയമ നിര്‍മാണത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇസ്രഈലിനെ തകര്‍ക്കാനുള്ള ആഹ്വാനങ്ങളെയും ഇസ്രഈലിന്റെ നിലനില്‍പിനെ നിഷേധിക്കുന്നതിനെയും ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം ജര്‍മന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ തയ്യാറാക്കിയെന്ന് ഇസ്രഈലി മാധ്യമമായ വൈ നെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മനിയുടെ ക്രിമിനല്‍ കോഡിലെ 130ാം വകുപ്പിന്റെ വിപുലീകരണമാവും പുതിയ നിയമ നിര്‍മാണമെന്നും വൈ നെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോളോകോസ്റ്റ് നിഷേധിത്തിനെതിരായ വകുപ്പാണിത്.

‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ബെര്‍ലിനിലെ ഇസ്രഈല്‍ എംബസിയും മ്യൂണിക്കിലെ കോണ്‍സുലേറ്റ് ജനറലും ആന്റിസെമിറ്റിസത്തിനെതിരെ പോരാടാനുള്ള നിയമ നിര്‍മാണത്തിനായി ആവശ്യപ്പെട്ടിരുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായാണ് ഉപരിസഭ ഇപ്പോള്‍ പുതിയ തീരുമാനങ്ങളെടുക്കുന്നത്,’ എന്നും വൈ നെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെര്‍മനിയിലെ ഹെസ്സെ സംസ്ഥാനത്തിന്റെ പ്രതിനിധിയാണ് സഭയില്‍ ഈ ബില്ല് അവതരിപ്പിച്ചതെന്ന് അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാാജ്യത്തെ 16 സംസ്ഥനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ഫെഡറല്‍ കൗണ്‍സില്‍. പുതിയ നിയമ നിര്‍മാണം ഇനി പാര്‍ലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങിയ ഫെഡറല്‍ അസംബ്ലിയുടെ പരിഗണനയ്ക്ക് വിടും.

ഹെസ്സെ ഗവര്‍ണര്‍ ബോറിസ് റെയ്‌നാണ് നിയമ നിര്‍മാണ തീരുമാനത്തിന് പിന്നിലെന്ന് വൈ നെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രഈലിന്റെ അടുത്ത സുഹൃത്തും ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ അംഗവുമാണ് ബോറിസ് റെയ്ന്‍. ഇതാദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യം ഇത്തരത്തിലൊരു നിയമ നിര്‍മാണത്തിലേക്ക് പോകുന്നതെന്നും വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യാവകാശ സംഘടനകളില്‍ നിന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരില്‍ നിന്നും ഈ നിയമ നിര്‍മാണത്തിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയരുന്നതായി മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലിനെതിരായ നിയമപരമായ വിമര്‍ശനങ്ങളെ പോലും മരവിപ്പിക്കാന്‍ ഈ നിയമം കാരണമാവുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ജര്‍മന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ഈ നിയമ നിര്‍മാണം കാരണം ഇല്ലാതാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജര്‍മനിയിലെ പ്രതിപക്ഷ കക്ഷികളില്‍ നിന്നും നിയമ നിര്‍മാണത്തിനെതിരെ വിമര്‍ശനം ഉയരുന്നതായാണ് വിവരം. ഈ നിയമ നിര്‍മാണം പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് ഇടത് പാര്‍ട്ടി എം.പി ലൂക്ക് ഹോസ് അഭിപ്രായപ്പെട്ടതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മനിയുടെ നിയമ നിര്‍മാണത്തെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍ നാഷനലും എതിര്‍ത്തിട്ടുണ്ട്. ജൂതരുടെ ജീവിതത്തിന് സംരക്ഷണം നല്‍കുന്നത് പ്രധാനമാണെങ്കിലും ഇപ്പോഴത്തെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തെ സാരമായി ഇല്ലാതാക്കുമെന്നാണ് ആംനെസ്റ്റി അഭിപ്രായപ്പെട്ടത്.

ഫലസ്തീനെ അംഗീകരിക്കാത്ത രാജ്യമാണ് ജര്‍മനി. ഒപ്പം ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്കെതിരായ ജര്‍മനിയുടെ അടിച്ചമര്‍ത്തലുകളും സമീപ കാലത്ത് വര്‍ധിച്ചിട്ടുണ്ട്.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങളെ ജര്‍മന്‍ അധികൃതര്‍ അടിച്ചമര്‍ത്തുന്നതായി യു.എന്‍ വിദഗ്ധര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ കുറ്റമാക്കുകയും ശിക്ഷിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന നിലപാടാണ് ജര്‍മനി സ്വീകരിക്കുന്നതെന്നാണ് അന്ന് യു.എന്‍ പ്രത്യേക റപ്പോര്‍ട്ടര്‍മാരും സ്വതന്ത്ര നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടിയത്.

ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പട്ടവര്‍ക്ക് നേര്‍ക്ക് അടക്കം ജര്‍മനിയുടെ സമീപനം ഇത്തരത്തിലാണ്. ഗസയിലേക്ക് സഹായം എത്തിക്കുന്നതിനേയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെയും ഇത്തരത്തില്‍ ക്രിമിനല്‍ കുറ്റമായി ജര്‍മന്‍ ഭരണകൂടം കാണുന്നുവെന്നും യു.എന്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Germany moves to make legal provision to criminalize denial of Israel’s existence

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.