ചൈന സന്ദർശിച്ച് ജർമൻ ചാൻസലർ; പരസ്പര സഹകരണം, റഷ്യ - ഉക്രൈൻ യുദ്ധം അവസാനിപ്പിക്കൽ എന്നിവ പ്രധാന ലക്ഷ്യങ്ങൾ
World
ചൈന സന്ദർശിച്ച് ജർമൻ ചാൻസലർ; പരസ്പര സഹകരണം, റഷ്യ - ഉക്രൈൻ യുദ്ധം അവസാനിപ്പിക്കൽ എന്നിവ പ്രധാന ലക്ഷ്യങ്ങൾ
മുഹമ്മദ് നബീല്‍
Wednesday, 25th February 2026, 5:03 pm

ബീജിംഗ്: രണ്ടു ദിവസത്തെ സന്ദർശനത്തിന് ചൈനയിലെത്തി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്

ജർമൻ കമ്പനികൾക്ക് ചൈനയിൽ അവസരം ഒരുക്കുക, റഷ്യ – ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുക എന്നിവയാണ് രണ്ടുദിവസത്തെ സന്ദർശനത്തിന്റെ പ്രധാന അജണ്ട.

കഴിഞ്ഞ മെയ് മാസം അധികാരികാരത്തിലെത്തിയതിനുശേഷം ആദ്യമായാണ് മെർസ് ചൈന സന്ദർശിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമീറിനും പിന്നാലെ താനും ചൈനയിലേക്ക് വന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായി നീതിയുക്തവും, വിശ്വസനീയവും, സന്തുലിതവുമായ ഒരു പങ്കാളിത്തമാണ് തങ്ങൾക്കുവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇതാണ് ഞങ്ങളുടെ വാഗ്‌ദാനം അതേസമയം ഇതുതന്നെയാണ് ഞങ്ങളും ചൈനീസ് പക്ഷത്തുനിന്നും പ്രതീക്ഷിക്കുന്നത്’ മെർസ് പറഞ്ഞു.

ചൈനയുമായുള്ള സഹകരണമില്ലാതെ ലോകത്തെ വലിയ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം റഷ്യ – ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന സമ്മർദ്ദം ചെലുത്തണമെന്നും പറഞ്ഞു.

പല യൂറോപ്യൻ രാജ്യങ്ങളും റഷ്യ – ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ചൈന ഇടപെടാത്തതിൽ നിരാശയിലാണെന്നും റഷ്യയുമായി വ്യാപാര, നയതന്ത്ര ബന്ധങ്ങളുമുള്ള ചൈന നീതിയുക്തമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കക്ഷികളുമായും സമഗ്രവും, നിലനിൽക്കുന്നതും, പരസ്പര ബന്ധിതവുമായ ഒരു സമാധാന കരാറിലെത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞദിവസം ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞിരുന്നു.

ട്രംപിന്റെ താരിഫ് നടപടികൾക്കെതിരെ ലോക രാജ്യങ്ങളുടെ സഹകരണം തേടുന്ന ചൈനയിലേക്കുള്ള ജർമൻ നേതാവിന്റെ സന്ദർശനം അമേരിക്കയ്ക്ക് ചെറുതല്ലാത്ത വെല്ലുവിളിയാണ്.

Content Highlight: German leader arrives in China

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം