ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സുരക്ഷക്കായി പ്രാര്‍ഥിക്കുന്നു; ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മനുഷ്യാവകാശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്: മെസ്യൂട്ട് ഓസില്‍
Sports News
ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സുരക്ഷക്കായി പ്രാര്‍ഥിക്കുന്നു; ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മനുഷ്യാവകാശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്: മെസ്യൂട്ട് ഓസില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th April 2022, 6:33 pm

ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ നേരിടുന്ന അതിക്രമങ്ങളില്‍ പ്രതികരിച്ച് ജര്‍മന്‍ ഫുട്ബാള്‍ താരം മെസ്യൂട്ട് ഓസില്‍. ഇന്ത്യയിലെ സഹോദരീ സഹോദരന്മാരുടെ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് ഓസില്‍ ട്വീറ്റ് ചെയ്തു.

ലജ്ജാകരമായ അവസ്ഥയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ മാസത്തിലെ അവസാന പത്തിലെ ശ്രേഷ്ഠ ദിവസമായ ലൈലത്തുല്‍ ഖദറിനെ മുന്‍ നിര്‍ത്തിയായിരുന്നു ഓസിലിന്റെ ട്വീറ്റ്.

‘ഇന്ത്യയിലെ നമ്മുടെ മുസ്‌ലിം സഹോദരീ സഹോദരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ലൈലത്തുല്‍ ഖദ്‌റിന്റെ വിശുദ്ധ രാത്രിയില്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ലജ്ജാകരമായ അവസ്ഥയെക്കുറിച്ച് നമുക്ക് ബോധവല്‍ക്കരണം നടത്താം! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന രാജ്യത്തെ മനുഷ്യാവകാശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്,’ എന്നാണ് ഓസില്‍ ട്വീറ്റ് ചെയ്തത്.

ദല്‍ഹി ജുമാ മസ്ജിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ഓസിലിന്റെ ട്വീറ്റ്. ബ്രേയ്ക്ക് ദ സൈലന്‍ എന്ന ഹാഷ്ടാഗോടുകൂടിയയാരുന്നു ഓസിലിന്റെ പ്രതികരണം.

അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്
മുസ്‌ലിങ്ങളുടെ കെട്ടിടങ്ങള്‍ തകര്‍ത്ത നടപടി അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തായ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി ഓസില്‍ എത്തിയിരിക്കുന്നത്.

നൂറ് കണക്കിന് കുടുംബങ്ങളുടെ വരുമാന മാര്‍ഗമാണ് ബുള്‍ഡോസര്‍ ജഹാംഗീര്‍പുരിയില്‍ തകര്‍ത്തെറിഞ്ഞത്. വര്‍ഷങ്ങളായി ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ പോലും ഇതിലുണ്ട്.

ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തന്നെ നല്‍കുന്ന വെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ചെറിയ കച്ചവട സ്ഥാപനങ്ങളും തകര്‍ത്തവയില്‍ പെടും. പ്രദേശത്തെ ജനങ്ങളുടെ ജീവിതം തന്നെ വഴി മുട്ടിച്ച് ആട്ടിപ്പായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബുള്‍ഡോസര്‍ ആക്രമണം നടത്തിയത്.