ഗസക്കെതിരായ പരാമര്‍ശങ്ങളില്‍ ആരാധകരോഷം: ഇസ്രഈലി താരത്തെ ടീമിലെടുക്കുന്നതില്‍ നിന്ന് പിന്മാറി ജര്‍മന്‍ ക്ലബ്
Football
ഗസക്കെതിരായ പരാമര്‍ശങ്ങളില്‍ ആരാധകരോഷം: ഇസ്രഈലി താരത്തെ ടീമിലെടുക്കുന്നതില്‍ നിന്ന് പിന്മാറി ജര്‍മന്‍ ക്ലബ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th August 2025, 11:02 am

ആരാധക പ്രതിഷേധത്തെ തുടര്‍ന്ന് ഇസ്രഈലി ഫുട്‌ബോളര്‍ ഷോണ്‍ വൈസ്മനെ ടീമിലെത്തിക്കുന്നതില്‍ നിന്ന് പിന്മാറി ജര്‍മന്‍ ക്ലബായ ഫോര്‍ച്യൂണ ഡസല്‍ഡോര്‍ഫ്. ഗസയെ തുടച്ചുനീക്കണമെന്ന് വാദിക്കുന്ന താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ആരാധക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ടീം പിന്മാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച താരത്തെ സൈന്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി ക്ലബ് ഒരു എക്‌സ് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. അദ്ദേഹം സ്പാനിഷ് രണ്ടാം ഡിവിഷന്‍ ടീമായ ഗ്രാനഡ സി.എഫില്‍ തന്നെ തുടരുമെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

‘ഷോണ്‍ വൈസ്മനയുമായി കരാര്‍ ഒപ്പിടുന്നതിനെക്കുറിച്ച് ഞങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു, പക്ഷേ ഒടുവില്‍ അത് വേണ്ടെന്ന് വച്ചു,’ ക്ലബ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

താരത്തെ ടീമില്‍ എത്തിക്കുന്നതില്‍ നിന്ന് പിന്മാറിയതിന്റെ കാരണങ്ങള്‍ ക്ലബ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ആരാധക രോഷം തന്നെയാണ് ഇതിന് പിന്നില്‍ എന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗ്രാനഡ സി.എഫില്‍ നിന്ന് വൈസ്മന്‍ ബുണ്ടസ്ലീഗ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡസല്‍ഡോര്‍ഫില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത തിങ്കളാഴ്ചയാണ് പുറത്ത് വന്നിരുന്നത്. ടീമിനൊപ്പം താരത്തിന്റെ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയായിരുന്നുവെന്ന് ജര്‍മന്‍ മാധ്യമമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ വലിയ ആരാധക പ്രതിഷേധം ഉയരുകയായിരുന്നു.

വൈസ്മനുമായി കരാര്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഫോര്‍ച്യൂണ ആരാധകര്‍ ക്ലബ് അധികൃതര്‍ക്ക് ഒരു ഓണ്‍ലൈന്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം വന്നത്.

‘വിവേചനപരമായ വൈസ്മന്റെ അഭിപ്രായങ്ങള്‍, ഫോര്‍ച്യൂണ ഡസല്‍ഡോര്‍ഫിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. അദ്ദേഹത്തെ ടീമില്‍ എത്തിക്കുന്നത് ക്ലബ്ബിന്റെയും അതിന്റെ ആരാധകവൃന്ദത്തിന്റെയും പ്രശസ്തിക്ക് കോട്ടം വരുത്തും. ടീമിന്റെ വിശ്വാസ്യതയെയും തകര്‍ക്കും,’ ഹര്‍ജിയില്‍ പറയുന്നു.

2023 ഒക്ടോബറില്‍ ഗസ – ഇസ്രഈല്‍ യുദ്ധം തുടങ്ങിയതിന് ശേഷം വൈസ്മന്‍ ഗസക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതാണ് ആരാധകരുടെ പ്രതിഷേധത്തിന് കാരണമായത്.

ഗസയെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ വൈസ്മന്‍ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

‘ഗസയില്‍ ഇതുവരെ 200 ടണ്‍ ബോംബുകള്‍ വര്‍ഷിക്കാത്തതിന്റെ കാരണമെന്താണ്?’ എന്നും താരം പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ട തടവിലാക്കപ്പെട്ട രണ്ട് ഫലസ്തീന്‍ യുവാക്കളുടെ ഫോട്ടോയ്ക്ക് ‘എന്തുകൊണ്ടാണ് അവരുടെ തലയില്‍ വെടിയുതിര്‍ക്കാത്തത്?’ എന്ന് വൈസ്മന്‍ കമന്റ് ചെയ്തതായും ആരോപണമുണ്ട്.

പോസ്റ്റുകള്‍ ഇട്ട ഉടനെ തന്നെ വൈസ്മന്‍ അവ ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് ഇതില്‍ വൈസ്മന്റെ ഏജന്റ് വിശദീകരണം നല്‍കിയിരുന്നു. പോസ്റ്റുകളും ലൈക്കുകളും താരമല്ല ചെയ്തതെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടുകളിലേക്ക് ആക്സസ് ഉണ്ടായിരുന്ന ഒരു സോഷ്യല്‍ മീഡിയ മാനേജരാണ് ചെയ്തതെന്നുമായിരുന്നു വിശദീകരണം.

 

Content Highlight: German club Fortuna Dusseldor has pulled out of signing Israel striker Shon Weissman due to fan anger about his stand on Gaza War