ജെന്‍-സി സമ്മര്‍ദം; വിദ്യാഭ്യാസ പരിഷ്‌കരണത്തിന് വഴങ്ങി സംസ്ഥാനങ്ങള്‍: സി.ജെ.പി
India
ജെന്‍-സി സമ്മര്‍ദം; വിദ്യാഭ്യാസ പരിഷ്‌കരണത്തിന് വഴങ്ങി സംസ്ഥാനങ്ങള്‍: സി.ജെ.പി
അഞ്ജു ചന്ദ്രന്‍
Thursday, 27th August 2026, 2:00 pm

ന്യൂദല്‍ഹി: സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറായെന്ന് സി.ജെ.പി. സ്‌കൂളുകളിലെ പ്രശ്‌നങ്ങള്‍
പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന ‘സ്‌കൂള്‍ ഠീക് കരോ ‘ ക്യാംപയിന് പിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികളിലേക്ക് കടന്നതായി സി.ജെ.പി അവകാശപ്പെട്ടു.

ജെന്‍-സി, ജെന്‍-ആല്‍ഫകളുടെ ആവശ്യങ്ങള്‍ അധികാരികള്‍ക്ക് അവഗണിക്കാനാകാത്ത സാഹചര്യമുണ്ടായെന്ന് സി.ജെ.പി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സി.ജെ.പി മുന്നോട്ടുവച്ചത്.

‘ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയതിനെ സി.ജെ.പിയുടെ വിജയമായാണ് കാണുന്നത്. രാജ്യത്തിന്റെ വിദൂര മേഖലകളിലും പിന്നാക്ക വിഭാഗങ്ങളിലുമുള്ള കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതുവരെ പ്രചാരണം തുടരും, ‘സി.ജെ.പി പറഞ്ഞു.

ഇതിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ പരിശോധിക്കാന്‍ അഞ്ചംഗ മന്ത്രിതല സമിതി രൂപീകരിച്ചു. പരീക്ഷാ റിക്രൂട്ട്‌മെന്റ് സംവിധാനത്തിലെ ക്രമക്കേടുകള്‍, വിദ്യാഭ്യാസ ഫീസും കോച്ചിങ് നിയന്ത്രണവും, സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും നിലവാരവും, പാഠ്യപദ്ധതി, നൈപുണ്യ വികസനം, വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം, വിദ്യാഭ്യാസത്തിലെ തുല്യതയും പ്രവേശനവും തുടങ്ങിയ വിഷയങ്ങളാണ് സമിതി പരിശോധിക്കുക.

‘ ഇത് ഇവിടെ അവസാനിക്കുന്നില്ല… രാജ്യത്തിന്റെ ഏറ്റവും വിദൂര പ്രദേശങ്ങളില്‍ പോലും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍ പോലും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാകുന്നതുവരെ നാം മുന്നോട്ട് പോകേണ്ടതുണ്ട്.’ സി.ജെ.പി വക്താക്കള്‍ പറഞ്ഞു.

രാജസ്ഥാനിലും സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജയ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ പരിശോധിക്കാനെത്തിയ സി.ജെ.പി സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്ത് സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വീണ്ടും ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സര്‍ക്കാര്‍ അംഗീകരിച്ചെന്നും സി.ജെ.പി അവകാശപ്പെട്ടു.

ഇതിനുമുമ്പ് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് തുറന്ന കത്തയച്ച് സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Gen-Z Pressure: States Yield to Education Reform – CJP

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.