റഫ: ഗസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തിയില്‍ ഇസ്രഈലിന്റെ കടുത്ത നിയന്ത്രണം. കഴിഞ്ഞ ഫെബ്രുവരി 1 നാണ് റഫ അതിര്‍ത്തി ഭാഗികമായി തുറന്നത്. ഇസ്രഈല്‍ സൈന്യത്തിന്റെ കര്‍ശനമായ മേല്‍നോട്ടത്തിലും പരിശോധനയിലുമാണ് നിലവില്‍ അതിര്‍ത്തിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നത്. എന്നാല്‍, അതിര്‍ത്തി തുറന്നത് ഗസ്സയിലെ ജനങ്ങളുടെ ദുരിതത്തിന് വലിയ ആശ്വാസമാകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏകദേശം രണ്ട് വര്‍ഷത്തോളമായി പൂര്‍ണമായും അടച്ചിട്ടിരുന്ന റഫ ഗേറ്റ് വഴി നിലവില്‍ വളരെ പരിമിതമായ എണ്ണം ആളുകള്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയത്. അടിയന്തര ചികിത്സ ആവശ്യമായ ഇരുപതിനായിരത്തിലധികം രോഗികള്‍ ഗസയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ഇസ്രഈലിന്റെ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം ദിവസേന അഞ്ചു മുതല്‍ പതിനഞ്ചു വരെ രോഗികളെ മാത്രമാണ് ചികിത്സയ്ക്കായി പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നത്. ഈ രീതി തുടരുകയാണെങ്കില്‍ രോഗിക്ക് ചികിത്സ ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.
ഗസയെ പുറംലോകത്ത് നിന്ന് വേര്‍തിരിക്കാന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ ദൂരപരിധിയില്‍ പലസ്തീനികള്‍ പ്രവേശിക്കുന്നത് സൈന്യം കര്‍ശനമായി തടഞ്ഞിരിക്കുകയാണ്.
ഇതിനുപുറമെ, അതിര്‍ത്തി കടന്നെത്തുന്നവരെ പരിശോധിക്കുന്നതിനായി ഇസ്രഈല്‍ സൈന്യം പുതിയതായി സ്ഥാപിച്ച റെഗാവിം ചെക്ക്പോസ്റ്റ് അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദൂരമത്രയും രോഗികളും യാത്രക്കാരും കടുത്ത പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരും.
ജനങ്ങളുടെ യാത്രയ്ക്ക് ഭാഗികമായ അനുമതിയുണ്ടെങ്കിലും, ട്രക്കുകളിലും മറ്റുമുള്ള മാനുഷിക സഹായങ്ങളുടെയും വാണിജ്യ ഉപകരണങ്ങളുടെയും നീക്കം ഇപ്പോഴും തടസപ്പെട്ട നിലയിലാണ്.
2025 ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്നാണ് അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചതെങ്കിലും, നിയന്ത്രണങ്ങള്‍ ഗസയെ ഈജിപ്തില്‍ നിന്ന് ഒറ്റപ്പെടുത്താനാണ് ഇസ്രഈല്‍ ശ്രമിക്കുന്നത് നിരീക്ഷകര്‍ വിലയിരുത്തുന്നു. റഫ അതിര്‍ത്തി തുറന്നു എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന സൈനിക വേലിക്കെട്ടുകളും കര്‍ശനമായ പരിശോധനാ രീതികളും ഗസയിലെ ജനങ്ങളുടെ ജീവിതം വീണ്ടും ദുസഹമാക്കുകയാണ്.
Content Hightlight: Gaza’s Rafah gate opens under tight Israeli restrictions