| Sunday, 21st December 2025, 9:16 am

ഗസ വെടിനിർത്തൽ; ഇസ്രഈലും ഹമാസും സംയമനം പാലിക്കണമെന്ന് മധ്യസ്ഥ രാജ്യങ്ങൾ

ശ്രീലക്ഷ്മി എ.വി.

ന്യൂയോർക്ക്: ഗസയിൽ ഇസ്രഈൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇസ്രഈലും ഹമാസും സംയമനം പാലിക്കണമെന്ന് വെടിനിർത്തലിലെ മധ്യസ്ഥ രാജ്യങ്ങൾ.

യു.എസിലെ മയാമിയിൽ നടന്ന ചർച്ചയിൽ അമേരിക്ക, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾ അറിയിച്ചു.

ഗസ വെടിനിർത്തലിലെ കക്ഷികൾ അവരുടെ പ്രതിബദ്ധതകളെ മാനിക്കണമെന്നും സംയമനം പാലിക്കണമെന്നും രാജ്യങ്ങൾ പറഞ്ഞു.

ഒക്ടോബർ 10 ന് പ്രാബല്യത്തിൽ വന്ന ഇസ്രഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം അവലോകനം ചെയ്യുന്നതിനായി നാല് മധ്യസ്ഥ രാജ്യങ്ങളും യു.എസിലെ മയാമിയിൽ ചർച്ച നടത്തി.

സമാധാന കരാറിന്റെ ആദ്യ ഘട്ടത്തിൽ ഉണ്ടായ പുരോഗതി, മാനുഷിക സഹായം വിപുലീകരിക്കൽ, തടവുകാരെ തിരികെ കൊണ്ടുവരൽ, സൈന്യത്തെ പിൻവലിക്കൽ, ശത്രുത കുറയ്ക്കൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.

‘യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയോടുള്ള പൂർണ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു, എല്ലാ കക്ഷികളും അവരുടെ കടമകൾ ഉയർത്തിപ്പിടിക്കാനും സംയമനം പാലിക്കാനും സഹകരിക്കാനും അഭ്യർത്ഥിക്കുന്നു,’ യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പ്രസ്താവനയിൽ പറഞ്ഞു.

ഗസയിൽ ഇസ്രഈൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. വെള്ളിയാഴ്ച ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.

കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രഈലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 400 ആയി ഉയർന്നെന്ന് ഫലസ്തീൻ സിവിൽ ഡിഫെൻസ് റിപ്പോർട്ട് ചെയ്തു.

ഇസ്രഈൽ ഗസയിലെ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് പിന്മാറണം, ഹമാസിന് പകരം ഒരു ഇടക്കാല അതോറിറ്റി ഫലസ്തീൻ പ്രദേശം ഭരിക്കണം, ഒരു അന്താരാഷ്ട്ര സ്ഥിര സേനയെ വിന്യസിക്കണം എന്നിവയാണ് കരാറിലെ വ്യവസ്ഥകൾ.

Content Highlight: Gaza ceasefire: Mediating countries urge restraint from Israel and Hamas

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more