സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ipl 2018
‘ബ്രോ.. എന്റെ ഷൂ ലെയ്‌സ് ഒന്ന് കെട്ടി താടോ’; ചെന്നൈ വധത്തിനു മുന്നേ ബ്രാവോയെ കൊണ്ട്‌ ഷൂ ലെയ്‌സ് കെട്ടിച്ച് ഗെയ്ല്‍; ക്രിക്കറ്റിന്റെ സ്പിരിറ്റെന്ന് ആരാധകര്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday 16th April 2018 5:47pm

മൊഹാലി: ചെന്നൈ സൂപ്പര്‍ കിങ്‌സും, കിങ്‌സ് ഇലവന്‍ പഞ്ചാബും ഇന്നലെ ഏറ്റുമുട്ടിയപ്പോള്‍ ആരാധകര്‍ക്കത് സൂപ്പര്‍ സണ്‍ഡേയിലെ സൂപ്പര്‍ മാച്ച് ആയിരുന്നു. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ടും പിന്നാലെ തിരിച്ചടിക്കാനുള്ള ചെന്നൈയുടെ ശ്രമവും എല്ലാം കൂടി മൊഹാലിയില്‍ റണ്‍മഴ പെയ്തിരുന്നു.

തന്റെ മടങ്ങിവരവില്‍ 7 ബൗണ്ടറിയും 4 പടുകൂറ്റന്‍ സിക്സറുമായിരുന്നു ഗെയ്ല്‍ അടിച്ച് കൂട്ടിയത്. 33 പന്തുകളില്‍ നിന്ന് 63 രണ്‍സായിരുന്നു ഗെയ്‌ലിന്റെ സമ്പാദ്യം. വിന്‍ഡീസ് താരത്തിന്റെ വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

44 ബോളില്‍ നിന്ന് 79 റണ്‍സെടുത്ത നായകന്‍ ധോണിയുടെ നേതൃത്വത്തിലായിരുന്നു ചെന്നൈയ്യുടെ പ്രത്യാക്രമണം. പഞ്ചാബ് ഇന്നിങ്‌സ് ആരംഭിക്കുന്നതിനു മുമ്പ് മൈതാനത്ത് അരങ്ങേറിയ സുന്ദര മുഹൂര്‍ത്തത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിന്‍ഡീസ് ദേശീയ ടീമില്‍ ഗെയ്‌ലിന്റെ സഹതാരമായ ചെന്നൈ താരം ബ്രാവോ ഗെയ്‌ലിന്റെ ഷൂ ലെയ്‌സ് കെട്ടികൊടുക്കുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

പഞ്ചാബ് ഓപ്പണേഴ്‌സായ ഗെയ്‌ലും രാഹുലും പിച്ചിന്റെ മധ്യത്തില്‍ നില്‍ക്കേയാണ് സഹതാരത്തിന്റെ ഒപ്പം ബ്രാവോ നനടന്നുവരുന്നത്. ഗെയ്‌ലിനോട് ചിരിച്ചുകൊണ്ട് സംസാരിച്ച ബ്രാവോ കടന്നുപോയെങ്കിലും ഗെയ്ല്‍ അവിടെ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് താരത്തിനടുത്തെത്തിയ ഗെയ്ല്‍ ലെയ്‌സ് കെട്ടികൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ബ്രാവോ ഉടന്‍ തന്നെ ഗെയ്‌ലിന്റെ ഷൂ ലെയ്‌സ് കെട്ടികൊടുക്കുകയും ചെയ്തു. ചിരിച്ചുകൊണ്ട് ഷൂ ലെയ്‌സ് കെട്ടിക്കൊടുക്കുന്ന ബ്രാവോയുടെയും ഇരുവരുടെയും സംസാരത്തിന്റെയും വീഡിയോ ക്രിക്കറ്റിന്റെ സ്പരിറ്റ് എന്ന പേരിലാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advertisement