| Tuesday, 28th January 2025, 8:31 pm

ഗന്ധര്‍വന്റെ രൂപം എങ്ങനെയായിരിക്കുമെന്ന് പപ്പേട്ടന് വരച്ചുകൊടുത്തത് അദ്ദേഹമായിരുന്നു: ഗായത്രി അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ഞാന്‍ ഗന്ധര്‍വന്‍. പദ്മരാജന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പലരുടെയും ഇഷ്ടചിത്രങ്ങളിലൊന്നാണ്. ബോളിവുഡ് താരം നിതീഷ് ഭരദ്വാജാണ് ഗന്ധര്‍വനായി വേഷമിട്ടത്. വൈശാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുപര്‍ണ ആനന്ദായിരുന്നു ചിത്രത്തിലെ നായിക.

പദ്മരാജന്റെ അവസാന ചിത്രം കൂടിയായിരുന്നു ഞാന്‍ ഗന്ധര്‍വന്‍. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് പരസ്യകലകളിലൂടെ മലയാളസിനിമയില്‍ നിറഞ്ഞുനിന്ന ഗായത്രി അശോകന്‍. മലയാളസിനിമയില്‍ അതുവരെ ഗന്ധര്‍വന്‍ എന്ന കണ്‍സപ്റ്റ് വന്നിട്ടില്ലായിരുന്നെന്നും പദ്മരാജന്‍ എന്ന സംവിധായകന്റെ ചിന്തയാണ് അത്തരമൊരു സിനിമയുടെ പിറവിക്ക് പിന്നിലെന്നും ഗായത്രി അശോകന്‍ പറഞ്ഞു.

എന്നാല്‍ ഗന്ധര്‍വന്റെ രൂപം എങ്ങനെയായിരിക്കുമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നെന്നും ഒരു സ്‌കെച്ച് കിട്ടാനായി പദ്മരാജന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ കണ്ടെന്നും ഗായത്രി അശോകന്‍ കൂട്ടിച്ചേര്‍ത്തു. ദൈവങ്ങളുടെയും മറ്റ് രൂപങ്ങളും മാത്രമേ അന്ന് എല്ലാവരുടെയും മനസില്‍ ഉണ്ടായിരുന്നുള്ളുവെന്നും ഗന്ധര്‍വന്റെ രൂപം ആര്‍ക്കും അറിയില്ലായിരുന്നെന്നും ഗായത്രി അശോകന്‍ പറഞ്ഞു.

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുമായി ഒരുപാട് സംസാരിച്ച ശേഷമാണ് ഗന്ധര്‍വന്റെ ഏകദേശരൂപം തയാറാക്കിയതെന്ന് ഗായത്രി അശോകന്‍ കൂട്ടിച്ചേര്‍ത്തു. അതുവരെ വരാത്ത ഒരു ഗന്ധര്‍വരൂപമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി തയാറാക്കിയതെന്ന് ഗായത്രി അശോകന്‍ പറഞ്ഞു. ഗന്ധര്‍വന് കിരീടത്തിന് പകരം മറ്റൊരു ശിരോ ആഭരണം നല്‍കിയത് അദ്ദേഹമായിരുന്നെന്നും പകുതി കിരീടം പോലെയാണ് അത് ഡിസൈന്‍ ചെയ്തതെന്നും ഗായത്രി അശോകന്‍ കൂട്ടിച്ചേര്‍ത്തു.

ആ ആഭരണവും ഉത്തരീയവുമായി മനോഹരമായ ഒരു മസ്‌കുലിന്‍ രൂപമാണ് ഗന്ധര്‍വന് നല്കിയതെന്നും അതേ രീതിയിലാണ് ആ കഥാപാത്രത്തിന് മേക്കപ്പും ബാക്കി കാര്യങ്ങളും ചെയ്തതെന്ന് ഗായത്രി അശോകന്‍ പറഞ്ഞു. അതുപോലെ ഇന്നൊവേറ്റീവായിട്ടുള്ള കാര്യങ്ങള്‍ പ്ദമരാജന്‍ ട്രൈ ചെയ്‌തെന്നും ഗായത്രി അശോകന്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഗായത്രി അശോകന്‍.

‘പദ്മരാജന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍, സിനിമക്ക് വേണ്ടി പുതിയ പരീക്ഷണങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയിലെ ഗന്ധര്‍വന്റെ രൂപം വരക്കാന്‍ അദ്ദേഹം സമീപിച്ചത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെയായിരുന്നു. അതുവരെ സിനിമയിലും കലണ്ടറിലും മറ്റും കണ്ട ദൈവങ്ങളുടെ രൂപം മാത്രമേ എല്ലാവര്‍ക്കും പരിചയമുള്ളൂ. അപ്പോള്‍ ഈ ഗന്ധര്‍വന്റെ രൂപം എങ്ങനെയായിരിക്കുമെന്ന് യാതൊരു ഐഡിയയുമില്ല.

അങ്ങനെ നമ്പൂതിരി ഒരു രൂപം തയാറാക്കി. ആ ഗന്ധര്‍വന് കിരീടത്തിന് പകരം പകുതി കിരീടം പോലെ ഒരു ശിരോ ആഭരണമാണ് നല്‍കിയത്. അതിന്റെ കൂടെ ഒരു ഉത്തരീയവും കീടി നല്‍കിയപ്പോള്‍ അതിമനോഹരമായ ഒരു രൂപം കിട്ടി. എന്താ പറയുക, നല്ലൊരു മസ്‌കുലിന്‍ ലുക്കായിരുന്നു അത്. ആ മോഡല്‍ വേണമെന്ന് മേക്കപ്പിന്റെ ടീമിന നിര്‍ദേശം കൊടുക്കുകയും ചെയ്തു,’ ഗായത്രി അശോകന്‍ പറയുന്നു.

Content Highlight: Gayathri Ashok about Njan Gandharvan movie and Padmarajan

We use cookies to give you the best possible experience. Learn more