| Tuesday, 21st July 2026, 7:37 pm

എല്ലായ്‌പ്പോഴും നമ്പര്‍ വണ്‍ മെസി തന്നെ; ലോകകപ്പ് വിജയത്തിന് പിന്നാലെ സ്പാനിഷ് സൂപ്പര്‍ താരം

ആദർശ് എം.കെ.

2026 ഫിഫ ലോകകപ്പ് ഫൈനലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെന്ന പേരും പെരുമയുമായെത്തിയ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്‌പെയ്ന്‍ തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ രണ്ടാം കിരീടം ഷെല്‍ഫിലെത്തിച്ചത്.

മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഫെറാന്‍ ടോറസിന്റെ ഗോളിലാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന മോഹം അടിയറവ് വെച്ചത്.

മത്സരത്തിന്റെ സമസ്ത മേഖലകളിലും അര്‍ജന്റീനയ്ക്ക് ഒരു സാധ്യതയും നല്‍കാതെയാണ് ചെങ്കുപ്പായക്കാര്‍ കളം പിടിച്ചത്. ഫൈനല്‍ വിസിലിന് ശേഷം നിരാശനായി തല കുമ്പിട്ടിരുന്ന ലയണല്‍ മെസിയായിരുന്നു പ്രധാന കാഴ്ച.

കിരീടപ്പോരാട്ടത്തിലെ തോല്‍വിക്ക് ശേഷം ഏറെ വൈകാരികമായി മെസി പോസ്റ്റ് പങ്കുവെച്ചിരുന്നു. അര്‍ജന്റീന ആരാധകര്‍ക്കും ടീമിനും നന്ദി അറിയിച്ചുകൊണ്ടുള്ള മെസിയുടെ ഈ പോസ്റ്റിന് സ്പാനിഷ് സൂപ്പര്‍ താരം ഗാവി പങ്കുവെച്ച കമന്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ഓള്‍വേയ്‌സ് നമ്പര്‍ വണ്‍ എന്നാണ് റെഡ് ഹാര്‍ട്ട് ഇമോജിക്കൊപ്പം ഗാവി കുറിച്ചത്.

മെസിയെ പോലെ ബാഴ്‌സലോണയിലൂടെ വളര്‍ന്ന താരമാണ് ഗാവി. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഇതിഹാസമായ മെസിയെ തന്റെ ആരാധനാപാത്രങ്ങളിലൊരാളായാണ് സ്പാനിഷ് യുവതാരം കണക്കാക്കുന്നത്.

അതേസമയം, കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും മെസിയുടെ പ്രകടനം ലോകകപ്പില്‍ ഏറെ മികച്ചുനിന്നു. അര്‍ജന്റീന കപ്പുര്‍ത്തിയ 2022 ലോകകപ്പിലെ പ്രകടനത്തേക്കാള്‍ ഗോളടിച്ചും അടിപ്പിച്ചുമാണ് മെസി ഈ ലോകകപ്പില്‍ തിളങ്ങിയത്.

എട്ട് മത്സരത്തില്‍ നിന്നും എട്ട് ഗോളുകള്‍ വലയിലെത്തിച്ച താരം, നാല് തവണ സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിച്ചു. 741 മിനിട്ടുകള്‍ കളത്തില്‍ നിറഞ്ഞുനിന്ന താരം, 25 ചാന്‍സുകളും ക്രിയേറ്റ് ചെയ്തു.

അള്‍ജീരിയക്കെതിരെ ഹാട്രിക് നേടിയ താരം ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളും സ്വന്തമാക്കി. ജോര്‍ദാന്‍, കേപ്പ് വെര്‍ദെ, ഈജിപ്ത് എന്നിവര്‍ക്കെതിരെ ഓരോ ഗോളുകളാണ് താരം നേടിയത്. അഞ്ച് മത്സരങ്ങളില്‍ മികച്ച താരമായും മെസി തെരഞ്ഞെടുക്കപ്പെട്ടു.

ഇതിനൊപ്പം രണ്ട് ലോകകപ്പുകളില്‍ ഏഴോ അതിലധികമോ ഗോള്‍ നേടുന്ന ആദ്യ താരം, തുടര്‍ച്ചയായ എട്ട് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ കണ്ടെത്തുന്ന ആദ്യ താരം തുടങ്ങി എണ്ണം പറഞ്ഞ റെക്കോഡുകളും മെസി ഈ ലോകകപ്പില്‍ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Gavi praises Lionel Messi after Argentina vs Spain World Cup Final

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more