| Friday, 24th January 2025, 2:20 pm

ആ നടനോടൊപ്പം ഇനിയും പത്ത് സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്: ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ജനുവരി 23ന് തിയേറ്ററുകളിലെത്തിയിരുന്നു. തമിഴിലെ ഹിറ്റ് ഫിലിം മേക്കറായ ഗൗതം സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍. മമ്മൂട്ടിയുമായി ഒരു സിനിമ സംവിധാനം ചെയ്തതിനാല്‍, അടുത്തതായി മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയിരുന്നു അദ്ദേഹം. എന്നാല്‍, മമ്മൂട്ടിക്കൊപ്പം 10 സിനിമകളെങ്കിലും ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ഗൗതം വാസുദേവ് മേനോന്റെ പ്രതികരണം.

‘ഞാന്‍ മമ്മൂട്ടി സാറില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഡൊമിനിക്കും ലേഡീസ് പേഴ്സും ഉണ്ടായി വന്ന ആ പ്രോസസ്സ് മുഴുവന്‍ ടീമും ആസ്വദിച്ചു. മമ്മൂട്ടി സാര്‍ നിരവധി ഫിലിം മേക്കര്‍സിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ സീനിനെ കുറിച്ച് വിശദീകരിക്കുന്നതിന് മുമ്പുതന്നെ ഒരു ഷോട്ട് എങ്ങനെയായിരിക്കുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഇതിന് മുമ്പും അദ്ദേഹം അനേകം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും ഒട്ടും മടുപ്പില്ലാതെയാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്.

ഈ സിനിമയ്ക്കായി അദ്ദേഹത്തിന്റെ പ്രകടനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വരും വര്‍ഷങ്ങളും കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടാകും. ഇനിയും അദ്ദേഹത്തിന്റെ കൂടെ ഒരു 10 സിനിമകളെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.

Content Highlight: Gautham vasudev Menon talks says he wish to do more films with Mammootty

We use cookies to give you the best possible experience. Learn more