| Thursday, 10th April 2025, 11:29 am

സിനിമകള്‍ക്ക് പേരുകള്‍ കണ്ടെത്തിയത് എങ്ങനെ? മറുപടിയുമായി ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച അദ്ദേഹം 2001ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്.

പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ അദ്ദേഹം തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുക്കുകയായിരുന്നു.

ഇപ്പോള്‍ തന്റെ സിനിമകള്‍ക്ക് പേരുകള്‍ നല്‍കുന്നത് എങ്ങനെയാണെന്ന് പറയുകയാണ് ഗൗതം വാസുദേവ് മേനോന്‍. ഒരിക്കലും താന്‍ ഒരു സിനിമയുടെ പേരിന് വേണ്ടി ഒരുപാട് സമയമൊന്നും ചിലവഴിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. പേര്‍ളിമാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗതം.

‘ഞാന്‍ ഒരിക്കലും ഒരു സിനിമയുടെ പേരിന് വേണ്ടി ഒരുപാട് സമയമൊന്നും ചിലവഴിച്ചിട്ടില്ല. അത് ഒരു ഫ്‌ളോയില്‍ വരുന്നതാണ്. ചിലപ്പോഴൊക്കെ എഴുതുന്ന സമയത്ത് കിട്ടുന്ന പേരുകളാണ്.

വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയുടെ പേര് എങ്ങനെയാണ് കിട്ടിയതെന്ന് ചോദിച്ചാല്‍, ഞാന്‍ ആദ്യമായി വര്‍ക്ക് ചെയ്യുന്ന സിനിമ മിന്‍സാര കനവ് ആയിരുന്നു.

അതിലെ പാട്ടാണ് വെണ്ണിലവെ വെണ്ണിലവെ. ആ പാട്ടിലാണ് ഞാന്‍ ആദ്യമായി രാജീവ് മേനോന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത്. അങ്ങനെയാണ് ആരോ എനിക്ക് ആ പാട്ടിന്റെ അടുത്ത വരി സിനിമയുടെ ടൈറ്റിലായി സജക്ട് ചെയ്യുന്നത്. ‘വെണ്ണിലവേ വെണ്ണിലവേ, വിണ്ണൈത്താണ്ടി വരുവായ’. അത് ആ സിനിമയ്ക്ക് യോജിക്കുന്ന പേരായിരുന്നു.

വേട്ടൈയാട് വിളൈയാട് എന്നത് പണ്ടത്തെ ഒരു എം.ജി.ആര്‍ സോങ്ങില്‍ നിന്നുള്ളതാണ്. അത് ആ സ്റ്റോറിക്ക് വളരെ യോജിച്ച ഒരു ടൈറ്റിലായിരുന്നു. വാരണം ആയിരവും അങ്ങനെ കിട്ടിയ ടൈറ്റിലാണ്.

ഞാന്‍ എങ്ങോട്ടെങ്കിലും യാത്രകള്‍ പോകുമ്പോഴാകും ഇങ്ങനെ ഓരോന്നും എന്റെ മനസില്‍ വരുന്നത്. അപ്പോള്‍ തന്നെ അത് ടൈറ്റില്‍ ആക്കാമെന്ന് തീരുമാനിക്കുകയാണ് ചെയ്യുന്നത്,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.


Content Highlight: Gautham Vasudev Menon Talks About His Films Titles

We use cookies to give you the best possible experience. Learn more