തമിഴില്‍ വ്യത്യസ്തമായ കഥപറച്ചില്‍ കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. മിന്നലേ എന്ന ചിത്രത്തിലൂടെ ആരംഭിച്ച സംവിധാനകരിയറാണ് ഗൗതം മേനോന്റേത്. കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളയാട് എന്നീ ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ജി.വി.എം തന്റെ സാന്നിധ്യമറിയിച്ചു.
മദഗജരാജയുടെ വിജയം എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത് – ഗൗതം വാസുദേവ് മേനോന്‍
ഗൗതം മേനോന്റെ സംവിധാനത്തില്‍ 2013ല്‍ പ്രഖ്യാപിച്ച ചിത്രമാണ് ധ്രുവ നച്ചത്തിരം. സൂര്യയെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രം പിന്നീട് ചിയാന്‍ വിക്രമിലേക്ക് എത്തുകയായിരുന്നു. 2017ല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചിത്രം മുടങ്ങുകയും ഒടുവില്‍ ഷൂട്ട് പൂര്‍ത്തിയായിട്ടും റിലീസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്തു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍.
ധ്രുവനച്ചത്തിരത്തിന്റെ കഥയും കഥാപശ്ചാത്തലവും ഇന്നും പ്രസക്തമാണെന്നും സിനിമ ഉടന്‍ റിലീസ് ചെയ്യുമെന്നും ഗൗതം വാസുദേവ് മേനോന്‍ പറയുന്നു. 12 വര്‍ഷം പെട്ടിയില്‍ക്കിടന്ന തമിഴ് ചിത്രം ‘മദഗജരാജ’ പൊങ്കലിന് പ്രദര്‍ശനത്തിനെത്തിയെന്നും ആ ചിത്രത്തിന്റെ വിജയം തനിക്ക് ആത്മവിശ്വാസം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ധ്രുവനച്ചത്തിരം പ്രദര്‍ശനത്തിനൊരുങ്ങിക്കഴിഞ്ഞു. ഈ പൊങ്കലിന് റിലീസ് ചെയ്യണമെന്ന് കരുതിയതാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോള്‍ ഞാന്‍ അതിന്റെ നിര്‍മാതാവായിരുന്നില്ല. ചില ബുദ്ധിമുട്ടുകളുണ്ടായതിനാല്‍ ചിത്രം പ്രദര്‍ശനത്തിനെത്താന്‍ വൈകി. സാമ്പത്തിക പ്രശ്‌നങ്ങളും മറ്റ് ബുദ്ധിമുട്ടുകളുമെല്ലാം ഇന്ന് പരിഹരിച്ച് കഴിഞ്ഞു.
വൈകിയെങ്കിലും ധ്രുവനച്ചത്തിരം നല്‍കുന്ന പ്രതീക്ഷ വലുതാണ്. കഥയും കഥാപശ്ചാത്തലവുമെല്ലാം ഇന്നും പ്രസക്തമാണ്. സിനിമ ഉടന്‍ തന്നെ നിങ്ങളിലേക്കത്തും.
12 വര്‍ഷം പെട്ടിയില്‍ക്കിടന്ന തമിഴ് ചിത്രം ‘മദഗജരാജ’ പൊങ്കലിന് പ്രദര്‍ശനത്തിനെത്തി. ഒപ്പമിറങ്ങിയ സിനിമകളെയെല്ലാം ബഹുദൂരം പിന്നിലാക്കി ചിത്രം വന്‍വിജയം സ്വന്തമാക്കി. ഒരു സിനിമ പ്രദര്‍ശനത്തിനെത്താന്‍ വൈകി എന്നതുകൊണ്ട് അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല എന്നതിന് ഉദാഹരണമാണിത്.
മദഗജരാജയുടെ വിജയം എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ധ്രുവനച്ചത്തിരത്തിന്റെ പ്രമേയം ഇന്നും പ്രസക്തമാണ്. ചിത്രത്തിന്റെ കഥയിലും കഥാപാത്ര ത്തിലും എനിക്ക് വിശ്വാസമുണ്ട്,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.
Content highlight: Gautham Vasudev Menon talks about Dhruva natchathiram movie