ഞങ്ങൾ എന്തിന് അത്തരം കഥാപാത്രങ്ങൾ തെരഞ്ഞെടുക്കണം എന്നേ അവർ ചോദിക്കുകയുള്ളു: ഗൗതം വാസുദേവ് മേനോൻ
Malayalam Cinema
ഞങ്ങൾ എന്തിന് അത്തരം കഥാപാത്രങ്ങൾ തെരഞ്ഞെടുക്കണം എന്നേ അവർ ചോദിക്കുകയുള്ളു: ഗൗതം വാസുദേവ് മേനോൻ
നന്ദന എം.സി
Tuesday, 6th January 2026, 8:21 am

ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാന സംരംഭമായ ‘കളങ്കാവൽ’ റിലീസിന് മുമ്പേ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ സിനിമയായിരുന്നു.

മമ്മൂട്ടി പ്രതിനായകനായും വിനായകൻ നായകനായും എത്തിയ കളങ്കാവൽ ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവമായി കാണുന്ന ഒരു പരീക്ഷണമായിരുന്നു. മുൻനിര താരമായ മമ്മൂട്ടി ഇത്ര ശക്തമായ ഒരു നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രത്തെ അവതരിപ്പിച്ചതാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അദ്ദേഹത്തിന്റെ പെർഫോമൻസ് പ്രേക്ഷകരെ ഒരുപോലെ ഞെട്ടിക്കുകയും ചെയ്തു.

Kalamkaval Official Poster, Photo: IMDb

സംവിധായകൻ ഗൗതം വാസുദേവ് മേനോൻ കളങ്കാവൽ സിനിമയെക്കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ സിനിമയിലെ മുൻനിര ഹീറോകളുടെ മുന്നിൽ ഈ സ്ക്രിപ്റ്റ് വെച്ചിരുന്നെങ്കിൽ ഭൂരിഭാഗവും അത് നിരസിച്ചേനെ എന്നും, അത്തരമൊരു പ്രതിനായക വേഷം ചെയ്യാൻ ആരും തയ്യാറാകില്ലെന്നും ഗൗതം വാസുദേവ് പറഞ്ഞു.

സിനിഉലഗത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജിതിൻ കെ ജോസിന്റെ ആദ്യ സിനിമയായതുകൊണ്ട് തന്നെ നല്ല പേടി ഉണ്ടായിരുന്നിരിക്കണം. പ്രേക്ഷകർ ഈ സിനിമയെ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയും സ്വാഭാവികമാണ്. എന്നാൽ കളങ്കാവൽ ഒരു വലിയ ഹിറ്റായി മാറി. പ്രേക്ഷകർ സിനിമയെ പൂർണമായി ഏറ്റെടുത്തു.

മമ്മൂട്ടി സാർ ഇതിൽ ഒരു പ്രതിനായകനായാണ് എത്തിയിരിക്കുന്നത്. മറ്റൊരു ഹീറോയും ഇതുപോലൊരു കഥാപാത്രം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ആരോട് ചോദിച്ചാലും ‘ഞാൻ എന്തിന് ഇത്തരം ഒരു കഥാപാത്രം തെരഞ്ഞെടുക്കണം’ എന്നായിരിക്കും അവർ ചോദിക്കുക,’ അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി, Photo: YouTube/ Screen grab

ഗൗതം വാസുദേവ് മേനോന്റെ ഈ വാക്കുകൾ മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ മികവും, മറ്റാരും തയ്യാറാകാത്ത പുതുമ നിറഞ്ഞ കഥാപാത്രങ്ങളും പുതുമുഖ സംവിധായകർക്കൊപ്പമുള്ള പ്രവർത്തനവും എടുത്തു കാണിക്കുന്ന ഒന്നാണ്. മമ്മൂട്ടിയുടെ മലയാള സിനിമയിലെ താരപദവിയെ പോലും മറന്ന് അദ്ദേഹം ഇത്തരമൊരു കഥാപാത്രത്തെ സ്വീകരിച്ചതാണ് ഈ സിനിമയെ വേറിട്ടതാക്കിയത്.

ജിഷ്ണു ശ്രീകുമാറും ജിതിൻ. കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച ‘കളങ്കാവൽ’ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ സിനിമയാണ്. ജിബിൻ ഗോപിനാഥ്‌, ഗായത്രി അരുൺ, രജീഷ വിജയൻ, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

Content Highlight: Gautham Vasudev Menon talk about Actor Mammootty.

 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.