| Sunday, 12th January 2025, 3:15 pm

വേട്ടയാട് വിളൈയാട് എന്ന സിനിമയുടെ കഥ ആ മലയാള നടനോട് പറഞ്ഞിരുന്നു, പക്ഷേ അന്നത് നടന്നില്ല: ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് ഗൗതം വാസുദേവ് മേനോന്‍. രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച ഗൗതം വാസുദേവ് മേനോന്‍ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. തുടര്‍ന്ന് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു.

സംവിധാനത്തിന് പുറമെ അഭിനയത്തിലും ജി.വി.എം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും സംവിധായകനാകാന്‍ ഗൗതം മേനോന്‍ ഒരുങ്ങുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്ന് പറയുകയാണ് ഗൗതം മേനോന്‍.

വേട്ടൈയാട് വിളൈയാട് എന്ന സിനിമയുടെ കഥ 2006ല്‍ മമ്മൂട്ടിയുമായി ചര്‍ച്ച ചെയ്തിരുന്നെന്നും എന്നാല്‍ ആ കഥ അന്ന് വര്‍ക്കാകില്ലെന്ന് പറഞ്ഞ് മമ്മൂട്ടി ഒഴിവായെന്ന് ഗൗതം മേനോന്‍ പറഞ്ഞു. പിന്നീട് ബസൂക്ക എന്ന ചിത്രത്തില്‍ മമ്മൂട്ടിയുമായി അഭിനയിക്കാന്‍ അവസരം ലഭിച്ചെന്നും അന്ന് അഭിനയത്തിലെ ചില കാര്യങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചെന്നും ജി.വി.എം കൂട്ടിച്ചേര്‍ത്തു.

ആ ചിത്രം സിങ്ക് സൗണ്ടിലാണ് ഷൂട്ട് ചെയ്തതെന്നും തനിക്ക് സിങ്ക് സൗണ്ട് ചെയ്ത് ശീലമില്ലായിരുന്നെന്നും ഗൗതം മേനോന്‍ പറഞ്ഞു. എങ്ങനെയാണ് സിങ്ക് സൗണ്ടില്‍ ഡയലോഗ് പറയേണ്ടതെന്ന് പഠിപ്പിച്ചത് മമ്മൂട്ടിയാണെന്നും ആ സമയത്തൊന്നും അദ്ദേഹത്തോട് താന്‍ സിനിമയുടെ കഥ പറഞ്ഞില്ലായിരുന്നെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ബസൂക്കയുടെ ഷൂട്ടിന് ശേഷമാണ് ഡൊമിനിക്കിന്റ കഥ തനിക്ക് കിട്ടിയതെന്നും അത് മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായെന്നും ജി.വി.എം. പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം ആ സിനിമ അദ്ദേഹം നിര്‍മിക്കാമെന്ന് പറഞ്ഞെന്നും അത് താന്‍ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു. മദന്‍ ഗൗരിയോട് സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.

‘2006ലാണെന്ന് തോന്നുന്നു, മമ്മൂട്ടി സാറുമായി സംസാരിക്കാന്‍ ഒരു അവസരം കിട്ടിയിരുന്നു. അന്ന് വേട്ടൈയാട് വിളൈയാടിന്റെ കഥ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ, അത്തരത്തിലൊരു കഥ അന്നത്തെ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറി. പിന്നീട് ബസൂക്ക എന്ന സിനിമയില്‍ മമ്മൂട്ടി സാറുമായി അഭിനയിക്കാന്‍ അവസരം കിട്ടി. ആ സിനിമ സിങ്ക് സൗണ്ടിലാണ് ഷൂട്ട് ചെയ്തത്. ഞാന്‍ ആദ്യമായിട്ടാണ് സിങ്ക് സൗണ്ട് ചെയ്യുന്നത്.

എങ്ങനെയാണ് സിങ്ക് സൗണ്ടില്‍ ഡയലോഗ് പറയേണ്ടതെന്ന് പഠിപ്പിച്ച് തന്നത് മമ്മൂട്ടി സാറാണ്. അപ്പോഴൊന്നും അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യണമെന്ന് തോന്നിയില്ല. ബസൂക്കയുടെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് എനിക്ക് ഡൊമിനിക്കിന്റെ കഥ കിട്ടുന്നത്. മമ്മൂട്ടി സാറിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി. ചെയ്യാമെന്ന് സമ്മതിച്ചു. ആ പടം അദ്ദേഹം പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ സന്തോഷമായി,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Content Highlight: Gautham Vasudev Menon says he narrated the story of Vettaiyaadu Vilaiyaadu to Mammootty

We use cookies to give you the best possible experience. Learn more